Connect with us

Kerala

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; ജോര്‍ജിനെ ഒതുക്കാന്‍ മാണി അനുകൂലികള്‍

Published

|

Last Updated

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടെ കേരള കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. ബാര്‍ കോഴ ആരോപണം സംബന്ധിച്ച കേസില്‍ നിന്ന് പിന്‍മാറരുതെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് ഫോണില്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം ഉന്നയിച്ച ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവരുന്നത്. ഇതോടെ കെ എം മാണിയെ അനുകൂലിക്കുന്നവര്‍ ജോര്‍ജിനെതിരെ കരുനീക്കവും ആരംഭിച്ചു. ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ തുറന്നപോരാട്ടം ആരംഭിക്കാനാണ് മാണിയെ അനുകൂലിക്കുന്നവര്‍ ആലോചിക്കുന്നത്.
ജോസ് കെ മാണിയുടെ ആശിര്‍വാദവും ഇക്കാര്യത്തിലുണ്ടെന്നാണ് സൂചന. അതേസമയം, പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുന്നതിനുള്ള ആലോചനകളും തുടങ്ങിയതായി അറിയുന്നു. ഇത് മനസ്സിലാക്കി ബാര്‍ കോഴ വിവാദം അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് നിയോഗിച്ച സമിതിയുടെ അന്വേഷണം പി സി ജോര്‍ജിനെ കേന്ദ്രീകരിച്ചാണെന്നാണ് മാണി അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
കെ എം മാണിക്കെതിരെ കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള “എ” വിഭാഗമാണ് ബാര്‍ കോഴ ആരോപണത്തില്‍ ഗൂഢാലോചന നടത്തിയതെന്നാണ് ജോര്‍ജ് തുടക്കം മുതല്‍ ആരോപിക്കുന്നത്. എന്നാല്‍, ആരോപണങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വിവാദത്തിന്റെ ഗൂഢാലോചനയുടെ സൂത്രധാരന്‍ പി സി ജോര്‍ജാണെന്ന് വരുത്താനാണ് കേരള കോണ്‍ഗ്രസിലെ മാണി അനുകൂലികളുടെ നീക്കം.
പാര്‍ട്ടിയിലെ ഒറ്റുകാരനായി ജോര്‍ജിനെ ചിത്രീകരിച്ച് ഒറ്റപ്പെടുത്താനും ഇവര്‍ കരുക്കള്‍ നീക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ പി സി ജോര്‍ജ് അനുകൂലികളും രംഗത്തെത്തുമെന്നാണ് വിവരം.
കെ എം മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് സി പി എമ്മുമായുള്ള ചര്‍ച്ചകള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പി സി ജോര്‍ജ് സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, ഇടതുബാന്ധവം ജോസ് കെ മാണി ഇടപെട്ട് അവസാന നിമിഷം ഉപേക്ഷിച്ചത് ജോര്‍ജിനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. ഇതിനിടെയാണ്, നിനച്ചിരിക്കാതെ മാണിക്കെതിരെ ബാര്‍ കോഴ ആരോപണം തലപൊക്കിയത്. ഇത് ഊതിക്കത്തിച്ച ്മുന്നണിമാറ്റാനാണ് ജോര്‍ജ് ്രശമിച്ചതെന്നും ഇതിന്റെ ഭാഗമായാണ് മുഖ്യമ്രന്തിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതെന്നുമാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം പി സി ജോര്‍ജിനെതിരെ പടച്ചുവിടുന്നത്.
പി സി ജോര്‍ജ് പുതിയ പാര്‍ട്ടിയുമായി മുന്നോട്ടുപോകുമെന്ന സൂചനകള്‍ക്കിടെ ജോര്‍ജിനെതിരെ പ്രത്യക്ഷ പ്രകോപനമൊന്നും സൃഷ്ടിക്കേണ്ടന്നാണ് മാണി അനുകൂലികളുടെ തീരുമാനം. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിലൂടെ ലഭിക്കുന്ന രക്്തസാക്ഷി പരിവേഷമാണ് ജോര്‍ജ് ഉന്നംവെക്കുന്നത്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ മുഖ്യമന്ത്രിക്കെതിരെ നിലപാട് എടുക്കുകയും അതുവഴി കോണ്‍ഗ്രസ് നേതൃത്വവുമായി മാനസികമായി അകലുകയും ചെയ്ത ജോര്‍ജ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുബാന്ധവമാണ് ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി എന്ന സംഘടന രൂപവത്ക്കരിച്ചതെന്ന് പറയപ്പെടുന്നു.
പഴയ വൈരങ്ങള്‍ മറന്ന് പിണറായി വിജയന്‍ അടക്കമുള്ള സി പി എം നേതാക്കളുമായി ജോര്‍ജ് മാനസികമായി അടുത്തതും മന്ത്രിമാര്‍ക്കെതിരെ പരസ്യമായ കുറ്റപ്പെടുത്തല്‍ നടത്തിയതും പുതിയ നീക്കമായി കാണുന്നവര്‍ കേരള കോണ്‍ഗ്രസില്‍ ഏറെയാണ്. പ്രതിപക്ഷത്തിനെതിരെ കാര്യമായ വിമര്‍ശം ഇക്കാലയളവില്‍ ജോര്‍ജിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നത് പുതിയ രാഷ്ട്രീയ ചുവടുമാറ്റങ്ങളുടെ തുടക്കമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്.

Latest