Connect with us

Kerala

റോജി റോയിയുടെ മരണം: ദുരൂഹതയെന്ന് കുടുംബം; പൊലീസ് അന്വേഷണം തുടങ്ങി

Published

|

Last Updated

കൊല്ലം: ആശുപത്രി കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയില്‍ കണ്ടെത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. നവംബര്‍ ആറാം തീയതി തിരുവനന്തപുരം കിംസ് ആശുപത്രിയിലെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് റോജി റോയിയെ കണ്ടെത്തിയത്. റോജി ചാടി മരിച്ചതാണെന്ന ആശുപത്രി അധികൃതരുടെ വിശദീകരണം വിശ്വാസ യോഗ്യമല്ലെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും റോജിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.
കേസന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം റോജിയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്നും എസിപി അറിയിച്ചു.

സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത മാതാപിതാക്കളുടെ കുട്ടിയായ റോജി ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ വാദം. കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ ആരെങ്കിലും തള്ളിയിട്ടതാകാമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ജൂനിയേഴ്‌സിനെ റാഗ് ചെയ്‌തെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ താക്കീത് ചെയ്ത മനോവിഷമത്തില്‍ റോജി ആത്മഹത്യ ചെയ്തതാകാമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. റോജി റോയിയുടെ മരണത്തിന്റെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.