Connect with us

Kerala

മുല്ലപ്പെരിയാര്‍: കേന്ദ്ര സഹായം തേടി സര്‍വകക്ഷി സംഘം ഡല്‍ഹിക്ക്

Published

|

Last Updated

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക ബോധ്യപ്പെടുത്തുന്നതിനായി സര്‍വകക്ഷി സംഘം വീണ്ടും പ്രധാനമന്ത്രിയെ കാണും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. എന്നാല്‍, സുപ്രീം കോടതി വിധിയുടെ ബലത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിക്കാന്‍ ശ്രമിക്കുന്ന തമിഴ്‌നാടിനെതിരെ കേന്ദ്രത്തിന് എന്തു ചെയ്യാനാകും എന്നതാണ് ചോദ്യം.

അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുത്തനെ കുറച്ചു. സെക്കന്‍ഡില്‍ തൊള്ളായിരം ഘനയടി വെള്ളമായിരുന്നു ഞായറാഴ്ച വരെ കൊണ്ടുപോയിരുന്നത് എന്നാല്‍, ഇന്നലെ ഇത് 150 ഘനയടിയാക്കി. ഇതോടെ ജലനിരപ്പ് 141.2 അടിയായി ഉയര്‍ന്നു. 1125 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. ജലനിരപ്പ് ക്രമേണ 142 അടിയാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചത്.
അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ബേബി ഡാമിലും ചോര്‍ച്ച ശക്തമായി. പ്രധാന അണക്കെട്ടിലെ പത്ത് മുതല്‍ 18 വരെയുള്ള ബ്ലോക്കുകളിലാണ് ചോര്‍ച്ച വര്‍ധിച്ചത്. ബേബി ഡാമില്‍ നിന്ന് സുര്‍ക്കി മിശ്രിതം പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു. ഇന്നലെ എം എല്‍ എമാരായ ഇ എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം അണക്കെട്ടിലെത്തി ചോര്‍ച്ചയും അപകടാവസ്ഥയും നേരില്‍ കണ്ടു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍വകക്ഷി സംഘം 2012ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ടിരുന്നു. എന്നാല്‍, യാതൊരു ഗുണവും ഇതുകൊണ്ട് കേരളത്തിനുണ്ടായില്ല. 2011ല്‍ മുല്ലപ്പെരിയാര്‍ ഭീതിയാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ആശങ്കക്ക് ആക്കം കൂട്ടിയ മന്തി പി ജെ ജോസഫ് ജലനിരപ്പ് 141 അടിയായപ്പോള്‍ ഇതേക്കുറിച്ച് മിണ്ടുന്നില്ല. കേരളം കഴിയുന്നത്ര സുരക്ഷാ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും വിഷയം ഇപ്പോഴും സുപ്രീം കോടതിയിലാണെന്നുമാണ് ജോസഫ് ഇന്നലെ ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം പ്രതികരിച്ചത്.
പ്രദേശവാസികളെ മാറ്റിത്താമസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും ആരും ഇതിന് തയ്യാറായിട്ടില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ദുരന്ത സാധ്യതാ മേഖലകളില്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്തായിരുന്ന ജില്ലാ കലക്ടര്‍ അജിത്ത് പാട്ടീല്‍ ഇന്നലെ തിരികെയെത്തി. കലക്ടര്‍ ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും.

Latest