Connect with us

National

ഇന്ത്യയില്‍ എബോള രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ലൈബീരിയയില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന് എബോള ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് മാരകമായ വൈറസ് ബാധ രാജ്യത്ത് സ്ഥിരീകരിക്കുന്നത്. ഡല്‍ഹി വിമാനത്തവളത്തില്‍ എത്തിയ 26കാരനെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കാന്‍ പ്രത്യേക മുറിയില്‍ ആക്കിയിരിക്കുകയാണ്. ഈ മാസം പത്തിനാണ് യുവാവ് ഡല്‍ഹിയില്‍ എത്തിയത്. അന്ന് മുതല്‍ എബോള നിരീക്ഷണത്തിലായിരുന്നെങ്കിലും ഇന്നലെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുവാവിന്റെ ശുക്ല പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
നേരത്തേ തന്നെ ചികിത്സ തേടിയതിനാല്‍ ആശങ്കാജനകമായ സ്ഥിതി വിശേഷമില്ലെന്നും പകരാതിരിക്കാന്‍ എല്ലാ മുന്‍ കരുതലുകള്‍ കൈകൊണ്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. രോഗം പൂര്‍ണമായി ഭേദമായാലും യുവാവിന്റെ വൈറസ് ബാധ കണ്ടെത്തിയത് ശുക്ലത്തിലായതിനാല്‍ ലൈംഗിക ബന്ധം വഴി പകരാനുള്ള സാധ്യതയേറെയാണ്. അതിനാല്‍ രോഗം ഭേദമായാലും 90 ദിവസത്തിലേറെ നിരീക്ഷണം വേണ്ടി വരും. ഡല്‍ഹി വിമാനത്താവള ആരോഗ്യ സംഘടനയുടെ കീഴിലുള്ള പ്രത്യേക ക്ലിനിക്കില്‍ കഴിയുന്ന യുവാവിനെ എബോള നെഗറ്റീവാണെന്ന് പൂര്‍ണമായി ബോധ്യപ്പെട്ട ശേഷമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.

Latest