Connect with us

Kerala

ചീരയിലും ആപ്പിളിലും അപകടകരമായ വിഷാംശം

Published

|

Last Updated

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന ആപ്പിളിലും ചീരയിലും അപകടകരമാംവിധം വിഷാംശമുള്ളതായി കണ്ടെത്തി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കി. സുരക്ഷിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന് അന്തര്‍ സംസ്ഥാന ഏകോപനം ഉറപ്പ് വരുത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ അതോറിറ്റി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പ് പത്ത് സാമ്പിളുകളെടുത്ത് പരിശോധിച്ചതിലാണ് ചീരയിലും ആപ്പിളിലും അപകടകരമാംവിധം വിഷാംശം കണ്ടെത്തിയത്. അതേസമയം, പരിശോധനക്ക് ലാബ് സൗകര്യം അപര്യാപ്തമായതിനാല്‍ ഫലം ലഭിക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നും ഇത് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആപ്പിളിനും ചീരക്കും പുറമെ കറിവേപ്പില, മല്ലിയില, പുതിനയില തുടങ്ങിയവയിലാണ് വിഷാംശത്തിന്റെ തോത് കൂടുതലായുള്ളതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, വിപണിയില്‍ ലഭ്യമായ പഴം, പച്ചക്കറികളുടെ സാമ്പിളുകള്‍ പരിശോധിച്ച്, അവയില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
വിഷാംശമുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍പ്പന നടത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണം. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും വിഷാംശമുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് ഫീല്‍ഡ് പരിശോധന കര്‍ശനമാക്കണം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കണം. വിഷമുള്ള പച്ചക്കറികള്‍ക്കെതിരെ സ്വീകരിക്കേണ്ട മുന്നറിയിപ്പും ഉപഭോക്താക്കള്‍ക്ക് നല്‍കണം. പച്ചക്കറി, പഴവര്‍ഗങ്ങള്‍ വില്‍പ്പനക്കായി ശേഖരിക്കുന്നിടങ്ങളില്‍ വെച്ചുതന്നെ ഗുണനിലവാര പരിശോധന നടത്താന്‍ സാഹചര്യമുണ്ടാകണം. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്കെത്തുന്ന പച്ചക്കറി, കൃഷിയിടങ്ങളുടെ കവാടത്തില്‍ തന്നെ പരിശോധിച്ച് ഗുണനിലവാരമുറപ്പ് വരുത്താന്‍ നടപടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആരോഗ്യ, കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍, കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികോര്‍പ്പ്, വില്‍പ്പന നികുതി വകുപ്പ് എന്നിവയിലെ ഉന്നതരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അതോറിറ്റി രൂപവത്കരിക്കുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെയും ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെയും യോഗം വിളിക്കാന്‍, ഫുഡ് സേഫ്ടി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കും. പച്ചക്കറി വാങ്ങി വിതരണം ചെയ്യുന്ന മൊത്തവ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടും. പച്ചക്കറികളിലെ കീടനാശിനികളുടെ സാന്നിധ്യം നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കും. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പച്ചക്കറി വില്‍പ്പനശാലകളില്‍ പ്രദര്‍ശിപ്പിക്കും. കേരള വിപണിയിലേക്കുള്ള പച്ചക്കറികള്‍ വിളയിക്കുന്ന അന്യസംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കാനും ആ കൃഷിയിടങ്ങളിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോധവത്കരണം നല്‍കാനും യോഗം തീരുമാനിച്ചു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ വിഷകരമായ രാസ പദാര്‍ഥങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ പി മോഹനന്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ, ജോയിന്റ് കമ്മീഷണര്‍ കെ അനില്‍ കുമാര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ആര്‍ അജിത് കുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ വി വി പുഷ്പാംഗദന്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. എ എസ് പ്രദീപ് കുമാര്‍, മൃഗ സംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. പി വിമല, കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. തോമസ് ബിജു മാത്യു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.