Connect with us

National

മഹാരാഷ്ട്രയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പവാറിന്റെ ആഹ്വാനം

Published

|

Last Updated

മുംബൈ: പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍, മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒരു ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എന്‍ സി പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. റായ്ഗഡ് ജില്ലയിലെ അലിബാഗില്‍ ചൊവ്വാഴ്ച ദ്വിദിന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു പവാര്‍. മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ ഉണ്ടാക്കുക എന്‍ സി പിയുടെ ഉത്തരവാദിത്വമല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന പ്രശ്‌നത്തില്‍ കോണ്‍ഗ്രസും എന്‍ സി പിയും തമ്മിലുള്ള സഖ്യം തകര്‍ന്നിരുന്നു. തുടര്‍ന്ന് നടന്ന ചതുഷ്‌കോണ മത്സരത്തില്‍ ഇരുകക്ഷികള്‍ക്കും ഭരണം നഷ്ടപ്പെട്ടു. ബി ജെ പിക്കും തനിച്ച് ഭൂരിപക്ഷം ലഭിച്ചില്ല. ഈ ഘട്ടത്തില്‍ എന്‍ സി പി, ബി ജെ പി മന്ത്രിസഭക്ക് പുറത്ത് നിന്ന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശിവസേന പ്രതിപക്ഷത്തിരിക്കാനും തീരുമാനിച്ചു. ഈ ഒരു സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ ന്യൂനപക്ഷ ബി ജെ പി സര്‍ക്കാറിന്റെ ഭാവി പ്രവചിക്കുക പ്രയാസമാണ്. ഇതിനിടെയാണ് പവാര്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എന്‍ സി പി പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കിയത്.
288 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 121 അംഗങ്ങളാണുള്ളത്. ശിവസേന- 63, കോണ്‍ഗ്രസ് -42, എന്‍ സി പി -41 എന്നിങ്ങനെയാണ് കക്ഷിനില. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസ് കഴിഞ്ഞ ആഴ്ച സഭയില്‍ വിശ്വാസ വോട്ട് നേടിയത് ഏറെ വിവാദമായിരുന്നു. ഫട്‌നാവിസ് നയിക്കുന്ന ബി ജെ പി സര്‍ക്കാര്‍ അഞ്ച് വര്‍ഷം തീര്‍ത്ത് ഭരിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ തനിക്കാകില്ലെന്ന് പവാര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് നേടിയ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ (എം ഐ എം) ഉയര്‍ച്ചക്ക് പിന്നില്‍ ബി ജെ പിയിലെ ചില ഘടകങ്ങളാണെന്ന് പവാര്‍ പറഞ്ഞു. സംസ്ഥാനത്ത് സുസ്ഥിര സര്‍ക്കാര്‍ വേണമെന്നതിനാലാണ് ബി ജെ പിക്ക് പിന്തുണ നല്‍കുന്നതെന്നായിരുന്നു നേരത്തെ പവാര്‍ പറഞ്ഞത്. കഴിഞ്ഞയാഴ്ച ഫട്‌നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചത് വന്‍ വിവാദമായിരുന്നു. ശബ്ദവോട്ടെടുപ്പാണ് നടത്തിയത്. ശിവസേനയും കോണ്‍ഗ്രസും നടത്തിയ വന്‍ പ്രതിഷേധത്തിനിടെയായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പ് നടത്തിയ രീതിയെ എന്‍ സി പി നിയമസഭാ കക്ഷി നേതാവ് അജിത് പവാര്‍ വിമര്‍ശിച്ചിരുന്നു. ബി ജെ പി അഞ്ച് വര്‍ഷം ഭരണത്തിലിരിക്കാന്‍ എന്‍ സി പിക്ക് ഒരു ഉറപ്പും നല്‍കാനാകില്ലെന്ന് ശരത് പവാര്‍ നേരത്തെയും പറഞ്ഞിരുന്നു.

Latest