Connect with us

National

രാംപാലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

ചണ്ഡീഗഢ്: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംലാലിനെ ഈ മാസം 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഛത്തീസ്ഗഢിലെ ബര്‍വാലയിലുള്ള സത്‌ലോക് ആശ്രമത്തില്‍ നിന്ന് ബുധനാഴ്ച രാത്രിയോടെയാണ് രാംപാലിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയില്‍ ഹാജരാക്കിയ രാംപാലിനെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ആശ്രമത്തില്‍ നിന്ന് പുറത്തുപോകാനുള്ള സാഹചര്യമില്ലാത്തതിനാലാണ് കോടതിയില്‍ ഹാജരാകാതിരുന്നതെന്നാണ് ഇതേക്കുറിച്ചുള്ള ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യത്തോടുള്ള രാംപാലിന്റെ മറുപടി. ഹരിയാന പോലീസ് തന്റെ കക്ഷിയെ രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്ന് രാംപാലിന്റെ അഭിഭാഷകന്‍ പറഞ്ഞു.
രാംപാലിന്റെ ആശ്രമത്തില്‍ നടന്ന പോലീസ് നടപടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹരിയാന സര്‍ക്കാറിനോട് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. കേസില്‍ ഈ മാസം 28ന് വീണ്ടും വാദം കേള്‍ക്കും. 2006ല്‍ നടന്ന കൊലപാതക കേസില്‍ രാംപാലിന്റെ ജാമ്യം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. 2008 ഏപ്രിലില്‍ നല്‍കിയ ജാമ്യമാണ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയത്.
അറസ്റ്റിനു ശേഷം ആശുപത്രിയില്‍ പരിശോധന നടത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ആശ്രമത്തില്‍ ആരേയും മനുഷ്യ കവചമായി ഉപയോഗിച്ചിട്ടില്ലെന്ന് രാംപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഹൈക്കോടതി പരിസരത്ത് പോലീസ് ഒരുക്കിയിരുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുക, ആയുധം ഉള്‍പ്പെടെയുള്ളവ കൈവശം വെക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പുറമെ വധക്കേസ്, കലാപത്തിന് ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രണ്ടാഴ്ചയോളം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥക്ക് ശേഷമാണ് രാംപാലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ തടയാന്‍ ശ്രമിച്ച “സ്വകാര്യ കമാന്‍ഡോകള്‍” എന്നറിയപ്പെടുന്ന രാംപാലിന്റെ എഴുപത് അനുയായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഡിസംബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാംപാലിന്റെ മകന്‍, അടുത്ത അനുയായിയും സ്വകാര്യ സേനയുടെ മേധാവിയുമായ പുരുഷോത്തം ദാസ് എന്നിവരും ഇവരില്‍ ഉള്‍പ്പെടും. പോലീസിന് നേരെ വെടിവെപ്പും ആസിഡ് ബോംബുകളും പ്രയോഗിച്ചിരുന്നു.