Connect with us

International

ഒരു വര്‍ഷത്തേക്ക് കൂടി അഫ്ഗാന്‍ അധിനിവേശത്തിന് ഒബാമയുടെ പച്ചക്കൊടി

Published

|

Last Updated

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടല്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ അമേരിക്കയുടെ തീരുമാനം. ഈ വര്‍ഷത്തോടെ അഫ്ഗാനിസ്ഥാനിലെ പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക അധിനിവേശം അവസാനിപ്പിക്കുമെന്നായിരുന്നു ഇതുവരെ അമേരിക്ക വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഒരു വര്‍ഷം കൂടി അഫ്ഗാനിസ്ഥാനില്‍ “സേവനം” തുടരുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനികര്‍ക്ക് തുടരാന്‍ ഒരു വര്‍ഷം കൂടി അനുമതി നല്‍കുന്ന കരാറില്‍ അദ്ദേഹം ഒപ്പ് വെക്കുകയും ചെയ്തു. അമേരിക്കന്‍ ജറ്റുകള്‍, ഡ്രോണ്‍ വിമാനങ്ങള്‍, ബോംബര്‍ വിമാനങ്ങള്‍ എന്നിവ ഒരു വര്‍ഷം കൂടി ഉപയോഗിക്കാനും ധാരണയായി. അഫ്ഗാന്‍ സൈന്യത്തിന് പിന്തുണനല്‍കാനാണ് പുതിയ നീക്കമെന്ന് അമേരിക്ക വാദിക്കുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ കരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈന്യത്തിന്റെ പങ്ക് ഇതുവരെയും വ്യക്തമായിട്ടില്ല.
കഴിഞ്ഞ മെയ്മാസത്തിലാണ് അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടല്‍ അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 9,800 പേര്‍ അഫ്ഗാന്‍ സൈന്യത്തിന് പിന്തുണനല്‍കാനും അല്‍ഖാഇദക്കെതിരെ നീക്കം നടത്താനും അഫ്ഗാനിസ്ഥാനില്‍ തന്നെ തുടരുമെന്ന് ഒബാമ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് വാഗ്ദാനമായാണ് ഒബാമ അഫ്ഗാനിസ്ഥാനിലെ യുദ്ധം ഈ വര്‍ഷം അവസാനിപ്പിക്കുമെന്നത് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ദൗത്യം പൂര്‍ണമായിട്ടില്ലെന്നും ഇനിയും അമേരിക്കയുടെ ഇടപെടല്‍ ഇവിടെ അനിവാര്യമാണെന്നും പെന്റഗണ്‍ വാദിക്കുന്നു. ഇതിനെ തുടര്‍ന്നാണ് ഒബാമക്ക് പഴയ നിലപാടില്‍ നിന്ന് പിറകോട്ട് പോരേണ്ടിവന്നത്. ഇറാഖിലെ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടുന്നതില്‍ അവിടുത്തെ സൈന്യം പരാജയപ്പെട്ടത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വിഷയവും അമേരിക്കയുടെ നിലപാട് മാറ്റത്തിന് പിന്നിലുള്ളതായി സൂചനകളുണ്ട്. അതിന് പുറമെ അഫ്ഗാനിസ്ഥാന്റെ പുതിയ പ്രസിഡന്റായി അശ്‌റഫ് ഗനിയാണുള്ളത്. മുന്‍ പ്രസിഡന്റായിരുന്ന ഹാമിദ് കര്‍സായിയേക്കാള്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആവശ്യം രാജ്യത്തിന് ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അശ്‌റഫ് ഗനി.
തങ്ങളുടെ സൈന്യത്തിന്റെ സുരക്ഷിതത്വമാണ് പ്രാഥമികമായി പരിഗണിക്കാനുള്ളത്. ഇതിന് പുറമെ അഫ്ഗാന്‍ സുരക്ഷാ സേനക്ക് പിന്തുണ നല്‍കി തങ്ങളുടെ സൈന്യം സേവനം തുടരുമെന്നും പെന്റഗണിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.