Connect with us

Kerala

സൂരജിന് സസ്‌പെന്‍ഷന്‍; അറസ്റ്റിന് സാധ്യത

Published

|

Last Updated

കൊച്ചി/ തിരുവനന്തപുരം: കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഇന്നലെ ഒപ്പ് വെച്ചു. സൂരജിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ ആഭ്യന്തര മന്ത്രി ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് ഡയറക്ടറുടെ ചുമതല എ പി എം മുഹമ്മദ് ഹനീഷിന് നല്‍കും.

അതിനിടെ, സൂരജിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തെളിഞ്ഞു. അറസ്റ്റ് വൈകിപ്പിച്ചാല്‍ ശേഷിക്കുന്ന തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് വിജിലന്‍സ് സംഘം ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റിനുള്ള നീക്കം നടത്തുന്നത്. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേന മൂന്‍കൂര്‍ ജാമ്യത്തിനായി സൂരജ് ശ്രമം ആരംഭിച്ചു. സസ്‌പെന്‍ഡ് ചെയ്യണമെന്ന ശിപാര്‍ശ വെള്ളിയാഴ്ചയാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരന് നല്‍കിയത്. ആഭ്യന്തര മന്ത്രി കുറിപ്പെഴുതി ഒപ്പിട്ട ഫയലില്‍ ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി ഒപ്പ് വെച്ചത്.
അതേസമയം, വിജിലന്‍സ് അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ അനധികൃത സമ്പാദ്യം സംബന്ധിച്ച് സൂരജ് നല്‍കിയ വിശദീകരണങ്ങള്‍ പൊളിഞ്ഞു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണം സംബന്ധിച്ച് സൂരജ് നല്‍കിയ വിശദീകരണം തെറ്റായിരുന്നുവെന്ന് വിജിലന്‍സിന് ബോധ്യമായി. കണക്കില്‍ കാണിക്കാതെ വാങ്ങിയ ഒരു കോടിയിലേറെ വിലമതിക്കുന്ന ഒരേക്കറോളം വരുന്ന ഭൂമിയുടെ വിവരം കൂടി ചോദ്യം ചെയ്യലില്‍ പുറത്തുവന്നു. വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 11.30 വരെ തുടര്‍ന്നു. സൂരജിനെ ഇനിയും ചോദ്യം ചെയ്യേണ്ടിവരുമെന്നും ബന്ധുക്കളെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
ആലുവക്കടുത്ത് എടത്തലയില്‍ സൂരജിന്റെ മകള്‍ റിസാനയുടെ പേരില്‍ തൊണ്ണൂറ് സെന്റ് സ്ഥലം കൂടി ഉള്ളതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇവിടെ സ്ഥിതി ചെയ്യുന്ന രണ്ട് ഗോഡൗണുകളില്‍ ഒരെണ്ണം ഇലക്‌ട്രോണിക്‌സ് സ്ഥാപനത്തിന് വാടകക്ക് നല്‍കിയിരിക്കുകയാണ്. സൂരജ് വെളിപ്പെടുത്തിയ സ്വത്തുക്കളില്‍ ഇല്ലാത്തതാണ് ഈ ഭൂമി. ഇതേക്കുറിച്ച് വിജിലന്‍സിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നുവെങ്കിലും മകള്‍ വിവാഹിതയായ ശേഷം വാങ്ങിയ ഭൂമിയായതിനാല്‍ ഇത് സൂരജിന്റെ വരുമാനവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നായിരുന്നു വിജിലന്‍സ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, മകളുടെ പേരില്‍ താന്‍ വാങ്ങിയതാണ് ഭൂമിയെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് സൂരജിനോടൊപ്പമാണ് മകള്‍ കഴിയുന്നത്. എടത്തലയിലെ ഭൂമിക്ക് മൊത്തം 49 ലക്ഷം രൂപയാണ് വില കാണിച്ചിട്ടുള്ളത്. ഇതില്‍ നിര്‍മിച്ച ആറായിരം ചതുരശ്രയടിയിലധികം വിസ്തീര്‍ണമുള്ള ഗോഡൗണുകളുടെ വില കൂടി കണക്കാക്കുമ്പോള്‍ ഒരു കോടിയിലധികം രൂപയാണ് സ്വത്തിന്റെ മൂല്യം. എന്നാല്‍, യഥാര്‍ഥ വില ഇതിന്റെ പല മടങ്ങാണെന്നാണ് കരുതപ്പെടുന്നത്. സൂരജ് വാങ്ങിക്കൂട്ടിയ സ്വത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്ന് വിജിലന്‍സ് സംഘം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 24 ലക്ഷം രൂപ സഹോദരിയുടെ വസ്തു വില്‍ക്കുന്നതിന് കരാര്‍ ഒപ്പിട്ടപ്പോള്‍ അഡ്വാന്‍സ് കിട്ടിയ പണമാണെന്നും കഴിഞ്ഞ ആഴ്ചയാണ് കരാറില്‍ ഒപ്പ് വെച്ചതെന്നുമാണ് സൂരജ് വിശദീകരിച്ചിരുന്നത്. സഹോദരിയുടെ വസ്തു ഇടപാട് നടന്നത് ആഗസ്റ്റിലാണെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമായി. ചോദ്യം ചെയ്യലില്‍ സൂരജിന് ഇക്കാര്യം സമ്മതിക്കേണ്ടിവന്നു. ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥനായതിനാല്‍ പണം വാങ്ങാതെയാണ് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അഡ്മിഷന്‍ ലഭിച്ചതെന്നാണ് മക്കളുടെ എം ബി ബി എസ്, എം ഡി അഡ്മിഷന് വേണ്ടി നല്‍കിയ പണം സംബന്ധിച്ച് സൂരജ് വിശദീകരിച്ചത്. ഇതു സംബന്ധിച്ച് വിജിലന്‍സ് വിശദമായ പരിശോധന നടത്തും. ഈയിനത്തില്‍ പതിനഞ്ച് ലക്ഷം രൂപ ചെലവാക്കിയതായാണ് കേസെടുക്കുന്നതിന് മുമ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണക്കാക്കിയിരുന്നത്. അഡ്മിഷന്‍ ഫീസ് ഒഴിവാക്കി സാധാരണഗതിയിലുള്ള വാര്‍ഷിക ഫീസ് കണക്കാക്കിയാല്‍ തന്നെ 25 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നാണ് വിജിലന്‍സ് ഇപ്പോള്‍ കണക്കു കൂട്ടുന്നത്. മെഡിക്കല്‍ എം ഡി പ്രവേശനത്തിന് അമൃതയില്‍ ഒരു കോടി രൂപ വരെ വാങ്ങുന്നതായാണ് വിജിലന്‍സിന്റെ നിഗമനം.
മകളുടെ വിവാഹം അറുനൂറ് പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും ഫഌറ്റും സ്ത്രീധനമായി നല്‍കിയാണ് നടത്തിയതെന്ന് വിജിലന്‍സിന് വിവരം ലഭിച്ചെങ്കിലും ചോദ്യം ചെയ്യലില്‍ സൂരജ് ഇക്കാര്യം നിഷേധിച്ചു. സൂരജിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകളുടെ കൂട്ടത്തില്‍ വിവാഹ ചടങ്ങിന്റെ ആല്‍ബമുണ്ടെന്നും ഇത് പരിശോധിച്ച ശേഷം ഇതേക്കുറിച്ച് സൂരജില്‍ നിന്ന് വീണ്ടും വിശദീകരണം തേടുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. സൂരജിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടറിലെ വിവരങ്ങള്‍ കെല്‍ട്രോണില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.