Connect with us

Kerala

ചാവറയച്ചനേയും എവുപ്രാസ്യമ്മയേയും വിശുദ്ധരായി പ്രഖ്യാപിച്ചു

Published

|

Last Updated

വത്തിക്കാന്‍: ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പോപ്പ് ഫ്രാന്‍സിസ് ആണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പുറമെ ഇറ്റലിയില്‍ നിന്നുള്ള ജിയോവാനി അന്തോനിയോ ഫരീന, ലുദവിക്കോ ദേ കസോറിയോ, നിക്കോള ദ ലുംഗോബര്‍ദി, അമാത്തോ റങ്കോണി എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ദിനാള്‍ ആഞ്ചേല അമാത്തോയാണ് നാമകരണ സംഘത്തലവന്‍. വാഴ്ത്തപ്പെട്ട ആറ് പേരെയും വിശുദ്ധരുടെ നിരയില്‍ ചേര്‍ക്കണമെന്ന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ മുന്നിലെ ബലിവേദിയില്‍ വെച്ച് മാര്‍പാപ്പയോട് കര്‍ദിനാള്‍ അഭ്യര്‍ഥിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. വാഴ്ത്തപ്പെട്ട ആറ് പേരെയും മാര്‍പാപ്പ പിന്നീട് വിശുദ്ധരായി പ്രഖ്യാപിച്ചു.
വത്തിക്കാനില്‍ വീണ്ടും മലയാള ഗാനം മുഴങ്ങി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പ്രതിനിധികള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായി രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, ജോസ് കെ മാണി, പി രവീന്ദ്ര ബാബു എന്നിവരാണ് വത്തിക്കാനിലെത്തിയത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധികളായി മന്ത്രി കെ സി ജോസഫും പി ജെ ജോസഫും ചടങ്ങില്‍ പങ്കെടുക്കാനെത്തി. നിരവധി മലയാളികള്‍ ചടങ്ങ് വീക്ഷിക്കാന്‍ വത്തിക്കാനിലെത്തിയിരുന്നു.
കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ 1500 വൈദികര്‍ കുര്‍ബാനയില്‍ സഹകാര്‍മികരായി. ഇവരില്‍ എണ്ണൂറ് പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്ന് മുമ്പ് അല്‍ഫോന്‍സാമ്മയെ മാത്രമായിരുന്നു വിശുദ്ധയായി പ്രഖ്യാപിച്ചിരുന്നത്.

Latest