Connect with us

National

ഉദ്ഘാടനത്തിന്റെ രണ്ടാം ദിനം ആശുപത്രിയില്‍ മരിച്ചത് അഞ്ച് നവജാതശിശുക്കള്‍

Published

|

Last Updated

ലുധിയാന: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിനം ലുധിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പഞ്ചാബ് ആരോഗ്യ മന്ത്രി സുര്‍ജിത് കുമാര്‍ ജിയാനി ഉദഘാടനം ചെയ്ത, മഹാവീര സിവില്‍ ആശുപത്രിയിലെ മാതൃശിശു പരിചരണ വിഭാഗത്തിലാണ് ഞായറാഴ്ച അഞ്ച് കുഞ്ഞുങ്ങള്‍ ജനിച്ചയുടന്‍ മരിച്ചത്. ഒരു പെണ്‍കുഞ്ഞും നാല് ആണ്‍കുഞ്ഞുങ്ങളുമാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ചൂണ്ടിക്കാണിപ്പെടുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 6.06ന് ജനിച്ച ആണ്‍കുഞ്ഞാണ് ആദ്യം മരിച്ചത്. ഇതിന് പിന്നാലെ വൈകുന്നേരമായപ്പോഴേക്കും നാല് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഗര്‍ഭിണികള്‍ക്ക് വേണ്ടത്ര പരിചരണം ആശുപത്രി അധികൃതര്‍ നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം, പൂര്‍ണവളര്‍ച്ച എത്താതിനെ തുടര്‍ന്നുള്ള പ്രസവം, കുട്ടി മഷി കുടിക്കുക തുടങ്ങിയ സ്വാഭാവികമായ കാരണങ്ങളാലാണ് നവാജത ശിശുക്കള്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം .

സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയില്‍ മുന്നറിയിപ്പില്ലാതെ അവധിയെടുത്തതിന് ആറ് ദിവസം മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച ഗൈനക്കോളജിസ്റ്റ് ഡോ. അല്‍ക്കയുടെ നേതൃത്വത്തിലായിരുന്നു പ്രസവമെടുക്കല്‍.

Latest