Connect with us

Kannur

അമിത വണ്ണം മാനസികനില തെറ്റിക്കുമെന്ന് പഠനം

Published

|

Last Updated

ഇന്ന് ലോക പൊണ്ണത്തടി വിരുദ്ധ ദിനം 

കണ്ണൂര്‍: അമിതവണ്ണം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പുറമെ മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. തടി വല്ലാതെ കൂടിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ലണ്ടനിലെ “ന്യൂറോളജി” എന്ന പ്രസിദ്ധീകരണം നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നത്.

ഉയര്‍ന്ന കൊളസ്‌ട്രോളും പ്രമേഹവുമുള്‍പ്പെടെ ഉപാപചയ പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങളാവാം അമിതവണ്ണത്തെ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയുമായി ബന്ധപ്പെടുത്തുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്്.
അമിതവണ്ണം ഡിമന്‍ഷ്യക്ക് കാരണമാകുന്നുവെന്ന് നേരത്തേ കണ്ടെത്തുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ 6000ത്തിലേറെ പേരില്‍ 12 വര്‍ഷത്തിലേറെക്കാലം നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍. 35നും 55നുമിടയില്‍ പ്രായമുള്ളവരിലാണ് തുടര്‍ച്ചയായ ഇടവേളകളില്‍ ഓര്‍മയും ബുദ്ധിയും പരിശോധിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തിയത്. അതേ സമയം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ പൊണ്ണത്തടിയുള്ളവരുടെ എണ്ണം വലിയ തോതില്‍ കൂടിയതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
2010ല്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം ലോകത്താകമാനം 190 കോടിയായി വര്‍ധിച്ചുവെന്നാണ് ഇതു സംബന്ധിച്ചു നടന്ന സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നത്. 2002നെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനയാണുണ്ടായത്. 177 രാജ്യങ്ങളില്‍ നടന്ന സര്‍വേയില്‍ 38 ശതമാനം മുതിര്‍ന്നവരും (15 വയസ്സില്‍ കൂടുതല്‍) പൊണ്ണത്തടിക്കാരാണ്.
ഇന്ത്യയില്‍ 19 ശതമാനം ആളുകള്‍ പൊണ്ണത്തടിക്കാരാണ്. 2002 ല്‍ 14 ശതമാനം പേര്‍ മാത്രമേ അത്തരക്കാരായുണ്ടായിരുന്നുള്ളൂ. അമേരിക്കയാണ് പൊണ്ണത്തടിക്കാരുടെ എണ്ണം കൂടുതലുള്ള രാജ്യം. മൊത്തം ജനസംഖ്യയില്‍ 78.6 ശതമാനം പേരും അവിടെ പൊണ്ണത്തടിക്കാരാണെന്ന് പഠനം പറയുന്നു. 15 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ അവരുടെ എണ്ണം 88 ശതമാനം ആണ്. പത്ത് സമ്പന്ന രാജ്യങ്ങളിലെ 75 ശതമാനം ജനങ്ങളും അമിതവണ്ണമുള്ളവരാണെന്നും പഠനങ്ങള്‍ പറയുന്നു.
കേരളത്തില്‍ ഇത്തരത്തിലുള്ള പഠനങ്ങളൊന്നും കാര്യമായി നടന്നിട്ടില്ലെങ്കിലും പൊണ്ണത്തടി കൊണ്ടുണ്ടാകുന്ന ജീവിത ശൈലീ രോഗങ്ങളുടെ കാര്യത്തില്‍ കേരളം മുന്നിലാണെന്ന് വിവിധ ആരോഗ്യ സര്‍വേകള്‍ വെളിപ്പെടുത്തുന്നുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെ കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിനാണ് മേല്‍ക്കൈയെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.