Connect with us

Ongoing News

മെസ്സിക്ക് വീണ്ടും റെക്കോര്‍ഡ്; വീണ്ടും ഹാട്രിക്ക്

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ എക്കാലത്തേയും ടോപ് സ്‌കോറര്‍ പദവിയിലെത്തിയതിന് പിന്നാലെ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി യൂറോപ്പിന്റെയും ഗോള്‍ മിശിഹയായി ! കഴിഞ്ഞ ദിവസം സൈപ്രസ് ക്ലബ്ബ് അപോയല്‍ നികോസിയക്കെതിരെ ഹാട്രിക്ക് നേടിയ മെസിയുടെ ചാമ്പ്യന്‍സ് ലീഗ് ഗോളുകളുടെ എണ്ണം 74 ല്‍ എത്തി. മത്സരം തുടങ്ങുമ്പോള്‍ 71 ഗോളുമായി റയലിന്റെ ഇതിഹാസ താരം റൗള്‍ ഗോണ്‍സാലസിന്റെ റെക്കോര്‍ഡിനൊപ്പമായിരുന്നു മെസി. 38,58,87 മിനുട്ടുകളിലായി മെസി തന്റെ പുതിയ ഗോള്‍ പടവുകള്‍ ഒന്നൊന്നായി താണ്ടി. റൗളിന്റെ 71 ഗോളുകള്‍ 142 മത്സരങ്ങളില്‍ നിന്നാണെങ്കില്‍ മെസി 74 ഗോളുകള്‍ തികച്ചത് 91 മത്സരങ്ങളില്‍ നിന്നാണ്. 27കാരനായ മെസിക്ക് മുന്നില്‍ കരിയര്‍ ഏറെ ബാക്കി നില്‍ക്കുന്നുവെന്നത് വിസ്മയിപ്പിക്കുന്നു.
മെസിയുടെ റെക്കോര്‍ഡിന് ഭീഷണിയായിട്ടുള്ളത് റയലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ്. 70 ഗോളുകളാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്റെ എക്കൗണ്ടിലുള്ളത്. മൂന്നാം ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരം ലക്ഷ്യമിടുന്ന ക്രിസ്റ്റ്യാനോയുടെ മിന്നും ഫോം യൂറോപ്പിലെ ഗോള്‍ റെക്കോര്‍ഡ് മാറി മറിയുമെന്ന സൂചന നല്‍കുന്നു.
അഞ്ച് ദിവസം മുമ്പാണ് മെസി സ്പാനിഷ് ലാ ലിഗയില്‍ 253 ഗോളുകളുമായി റെക്കോര്‍ഡ് സൃഷ്ടിച്ചത്. അന്നും സെവിയ്യക്കെതിരെ ഹാട്രിക്ക് നേടിയാണ് മെസി ചരിത്രനേട്ടം ആഘോഷിച്ചത്. ചാമ്പ്യന്‍സ് ലീഗിലും അതാവര്‍ത്തിച്ചു. ബാഴ്‌സലോണക്കായി മെസിയുടെ ഇരുപത്തെട്ടാം ഹാട്രിക്ക്.
രണ്ട് റെക്കോര്‍ഡും തനിക്കേറെ സന്തോഷം തരുന്നുവെന്ന് മെസി പറഞ്ഞു. ബാഴ്‌സലോണ കോച്ച് ലൂയിസ് എന്റിക് മെസിയെ കുറിച്ചുള്ള തന്റെ അഭിപ്രായം ആവര്‍ത്തിച്ചു: ഫുട്‌ബോള്‍ കണ്ട എക്കാലത്തേയും മികച്ച താരം ഇവന്‍ തന്നെയാണ്, സംശയിക്കണ്ട.