Connect with us

Health

പക്ഷിപ്പനി: അറിയാം, പ്രതിരോധിക്കാം

Published

|

Last Updated

സാധാരണയായി വളര്‍ത്തു പക്ഷികളിലും അപൂര്‍വമായി മനുഷ്യനെ ബാധിക്കുകയും ചെയ്യുന്ന ഒരു ഇന്‍ഫഌവന്‍സ വൈറസാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫഌവന്‍സ. ജലദോഷത്തിന് കാരണമാകുന്ന ഇന്‍ഫഌവന്‍സ വൈറസിന്റെ ഒരു വകഭേദമാണ് ഈ വൈറസ്.

എച്ച് 5 എന്‍1, എച്ച് 7 എന്‍ 7, എച്ച്7 എന്‍ 9 എന്നിങ്ങനെ പല തരത്തിലുള്ള വൈറസുകള്‍ ഇതിന് കാരണമാകുന്നുണ്ട്. കുട്ടനാട്ടില്‍ ഇപ്പോള്‍ കണ്ട വൈറസ് ഇതില്‍ ഏത് വിഭാഗത്തില്‍ വരുന്നു എന്നും ഇവ മനുഷ്യനെ ബാധിക്കുന്ന വൈറസാണോ എന്നും ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

ശ്രദ്ധിക്കേണ്ടത്: മനുഷ്യരിലേക്ക് ഇത് പകരുന്നത് കോഴി, താറാവ് മുതലായ വളര്‍ത്തു പക്ഷികളിലൂടെയാണ്. പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പ്രത്യേകിച്ച് വളര്‍ത്തുന്നവര്‍, ഇറച്ചി മുറിക്കുന്നവര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. ഈ പ്രദേശങ്ങളില്‍ ചത്ത് വീണതോ കൊന്നതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കണം.

രോഗലക്ഷണം: ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍, പേശിവേദന, തൊണ്ടവേദന, അവയവങ്ങള്‍ പ്രവര്‍ത്തിക്കാതാകുക തുടങ്ങിയാണ് മനുഷ്യരിലെ രോഗ ലക്ഷണങ്ങള്‍. കുട്ടനാടന്‍ മേഖലയില്‍ രണ്ടാഴ്ചക്കിടെ പനിയുടെ കൂടെ ചുമ, ശ്വാസതടസ്സം, ജലദോഷം, തലകറക്കം മുതലായവ ബാധിക്കുന്ന രോഗികള്‍, പ്രത്യേകിച്ച് മേല്‍ പറഞ്ഞ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടണം.

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഈ വൈറസ് അപൂര്‍വമായി മാത്രമേ പകരുകയുള്ളൂ. ഈ അസുഖത്തിനെതിരായി ഒസല്‍റ്റാമിവിര്‍ മുതലായ ആന്റിവൈറസുകളുണ്ടെങ്കിലും മാരകമായ പ്രഹരശേഷിയുള്ള വൈറസാണെങ്കില്‍ മരണസാധ്യത കൂടുതലാണ്. ചിട്ടയായ പ്രതിരോധ സംവിധാനങ്ങളൊരുക്കിയും പെട്ടെന്ന് രോഗനിര്‍ണയം സാധ്യമാകുകയും ചെയ്താല്‍ ഈ വൈറസിനെ നമുക്ക് പ്രതിരോധിക്കാവുന്നതേയുള്ളു.

(എസ് യു ടി ആശുപത്രി പകര്‍ച്ചവ്യാധി വിഭാഗം മേധാവിയാണ് ലേഖകന്‍)

Latest