Connect with us

Kerala

പക്ഷിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

Published

|

Last Updated

തിരുവനന്തപുരം: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രോഗവ്യാപനത്തിനെതിരേ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള നടപടികള്‍ ഊര്‍ജിതമാക്കി. പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടികള്‍.

രോഗം ബാധിച്ച പക്ഷികളെ വേര്‍തിരിക്കുന്ന നടപടിയായ കള്ളിംഗ് ജില്ലകളില്‍ ആരംഭിച്ചു. പ്രതിരോധത്തിന് ഉചിതമായ മരുന്നുകളുടെയും മുന്‍കരുതല്‍ വസ്ത്രങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. മരുന്നുകള്‍ മൂന്ന് ജില്ലകളിലും വിതരണം ചെയ്തു. 30,000 ഗുളികകള്‍ നാളെ ലഭ്യമാകും. 50,000 ഗുളികകള്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കി.
താറാവ്, കോഴി ഇറച്ചിയും മുട്ടയും ഭക്ഷിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം നിര്‍ദേശിച്ചു. മൂന്ന് ജില്ലകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ സേവകരുമടങ്ങുന്ന സംഘങ്ങള്‍ രോഗബാധിത പ്രദേശത്തിന്റെ 10 കി.മീ. ചുറ്റളവിലുള്ള വീടുകള്‍ സന്ദര്‍ശിച്ച് പനി നിരീക്ഷണവും ബോധവത്കരണവും നടത്തിവരികയാണ്. 25 സംഘങ്ങള്‍ 6024 വീടുകള്‍ സന്ദര്‍ശിച്ച് പതിനെട്ടായിരത്തോളം പേരെ നിരീക്ഷിച്ചു. േകാട്ടയം ജില്ലയില്‍ 42 സംഘങ്ങള്‍ ആറ് പഞ്ചായത്തുകളില്‍ 748 വീടുകള്‍ സന്ദര്‍ശിച്ച് 2880 പേരെ നിരീക്ഷിച്ചു. പത്തനംതിട്ടയില്‍ 25 സംഘങ്ങള്‍ 430 വീടുകളിലെത്തി 1690 പേരെ നിരീക്ഷിച്ചു. ആലപ്പുഴയില്‍ എന്‍ സി ഡി സി അഡീഷനല്‍ ഡയറക്ടര്‍ ഡോ. സി എസ് അഗര്‍വാള്‍, ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദേശ് ദീപക് എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിരീക്ഷണം. യോഗ തീരുമാനമനുസരിച്ച് ആലപ്പുഴയില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ പി മോഹനന്‍ പത്തനംതിട്ടയില്‍ മന്ത്രി അടൂര്‍ പ്രകാശ്, കോട്ടയത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തി അടിയന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കാത്തവിധം വേണ്ടത്ര സൂക്ഷ്മതയോടെ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
രോഗം പൊട്ടിപ്പുറപ്പെട്ട സ്ഥലത്തിന് ഒരു കി. മീ. പരിധിയലുള്ള പ്രദേശത്തെ കോഴി, താറാവ് മുതലയായ പക്ഷികളെ വലിച്ചെറിയാതെ കത്തിച്ചുകളയുക, രോഗം പടരാതിരിക്കാന്‍ പത്ത് കി. മീ. ചുറ്റളവിലുള്ള സ്ഥലത്ത് അതീവജാഗ്രത പുലര്‍ത്തുക എന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരുമാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. നശിപ്പിക്കപ്പെടുന്ന കോഴി, താറാവ് മുതലായ വളര്‍ത്തു പക്ഷികള്‍ക്ക് നഷ്ടപരിഹാരം നല്‍കും. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് പകരം കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്തി. രണ്ട് മാസത്തിലധികം പ്രായമുള്ള താറാവുകള്‍ക്ക് 200 രൂപയും കുഞ്ഞുങ്ങള്‍ക്ക് 100 രൂപയും നഷ്ടപരിഹാരം നല്‍കും. നേരത്തെ യഥാക്രമം 150, 75 രൂപ എന്ന നിലയിലാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. രോഗം വന്ന് ചത്ത താറാവുകളുടെ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തരസഹായമായി രണ്ട് കോടി രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ട ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യഥേഷ്ടം തുക ചെലവഴിക്കാനുള്ള അനുമതിയും ഏകോപനത്തിനായി ജില്ലാ കലക്ടര്‍മാരുടെ മുഴുവന്‍ സമയസാന്നിധ്യവും ഉറപ്പാക്കും.

Latest