Connect with us

Ongoing News

ബദായൂമിലെ പെണ്‍കുട്ടികളുടെ മരണം: ആത്മഹത്യയെന്ന് സിബിഐ

Published

|

Last Updated

ബദായും: ഉത്തര്‍പ്രദേശിലെ ബദായൂമില്‍ രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതല്ലെന്നും ആത്മഹത്യ ചെയ്തതാണെന്നും സിബിഐ കണ്ടെത്തി. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും സിബിഐ കണ്ടെത്തി. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ സര്‍ക്കാറിന് സമര്‍പ്പിക്കും.
കഴിഞ്ഞ മെയ് 28നായിരുന്നു ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ മാവില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 14-ഉം 15-ഉം വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ വീണ്ടും നടത്തിയ പരിശോധനയില്‍ പീഡനത്തിനിരയായിട്ടില്ലെന്ന് വ്യക്തമായി. സംഭവത്തെ തുടര്‍ന്ന് രണ്ട് പൊലീസുകാരുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവ് ലഭിക്കാതിരുന്നതിനാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെയും ശക്തമായ വിമര്‍ശമുണ്ടായിരുന്നു.