Connect with us

Sports

ക്രിക്കറ്റില്‍ വീണ്ടും കറുത്ത ദിനം

Published

|

Last Updated

ക്രിക്കറ്റില്‍ വീണ്ടും മരണം വിരുന്നെത്തി. കറുത്ത ദിനം സമ്മാനിച്ചു കൊണ്ട് ഹ്യൂസ് എന്ന യുവ ബാറ്റ്‌സ്മാനെയും കൊണ്ട് മടങ്ങി. ആസ്‌ത്രേലിയന്‍ യുവതാരത്തിന്റെ ഞെട്ടിപ്പിക്കുന്ന വിയോഗത്തില്‍ ക്രിക്കറ്റ് ലോകം രേഖപ്പെടുത്തിയ നടുക്കങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു.
അടുത്താഴ്ച ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ആസ്‌ത്രേലിയന്‍ ടീമില്‍ കളിക്കേണ്ട താരമായിരുന്നു ഹ്യൂസ്. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് പരുക്കേറ്റതിനാല്‍ ഓപണിംഗിലും മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ മിടുക്കുള്ള ഹ്യൂസിനായിരുന്നു ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഒരു തിരിച്ചുവരവിന് നില്‍ക്കാതെ ഹ്യൂസ് ഈ ലോകത്ത് നിന്ന് തന്നെ യാത്ര ചോദിച്ചു.
ദുരന്തം ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെട്ടു നില്‍ക്കുകയാണ് ക്രിക്കറ്റ് ലോകം. ട്വിറ്ററുകളില്‍ ആദരാഞ്ജലികളര്‍പ്പിച്ച് സഹതാരങ്ങളും മുന്‍താരങ്ങളുമെല്ലാം ഹ്യൂസിന്റെ വിടപറയല്‍ ഉള്‍ക്കൊള്ളാനാകാതെ നില്‍ക്കുന്നു. ഹ്യൂസിന്റെ കുടുംബത്തിന്റെ സന്ദേശം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത് ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കായിരുന്നു. പലപ്പോഴും ക്ലാര്‍ക്ക് വിതുമ്പി.
ക്രിക്കറ്റില്‍ ഇതാദ്യമായിട്ടല്ല ഇത്തരമൊരു ദുരന്തം. ഇന്ത്യക്കാര്‍ എന്നും ഓര്‍ക്കുക രമണ്‍ ലാംബയെയാണ്. 1998 ല്‍ ധാക്കയില്‍ ക്ലബ്ബ് മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെ ആയിരുന്നു ഇന്ത്യന്‍ ഓപണര്‍ തലക്ക് പന്ത് കൊണ്ട് മരിച്ചത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ആദ്യ കാലത്ത് സമാനമായ പരുക്കേറ്റിരുന്നു. പാക് പേസര്‍ വഖാര്‍ യൂനിസിന്റെ ഷോട്ട് പിച്ച് പന്ത് സച്ചിന്റെ മൂക്ക് തകര്‍ത്തു. അന്ന് ഗ്രില്ലില്ലാത്ത ഹെല്‍മറ്റായിരുന്നു സച്ചിന്‍ ഉപയോഗിച്ചിരുന്നത്. തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട സച്ചിന്‍ കളം വിട്ടു. പിന്നീട് ക്രീസില്‍ തിരിച്ചെത്തി സച്ചിന്‍ അര്‍ധസെഞ്ച്വറി നേടുകയുണ്ടായി. ഇംഗ്ലണ്ടിന്റെ ജോര്‍ജ് സമ്മേഴ്‌സ് ലോര്‍ഡ്‌സില്‍ നോട്ടിംഗ്ഹാംഷെയറിന് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെ പന്ത് തലയില്‍ കൊണ്ട് ഗുരുതര പരുക്കേറ്റ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര ക്രിക്കറ്റിനിടെ ഡാറിന്‍ റാന്‍ഡല്‍ എന്ന താരവും സമാനദുരന്തമേറ്റു വാങ്ങി.
പാക്കിസ്ഥാന്റെ അബ്ദുള്‍ അസീസ് കറാച്ചിയില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടെ നെഞ്ചില്‍ പന്ത് കൊണ്ടതിനെ തുടര്‍ന്ന് മരിച്ചിരുന്നു.
ഇന്ത്യയുടെ ഓപണര്‍ മനോജ് പ്രഭാകറിനും മുമ്പ് ഹെല്‍മറ്റ് ധരിച്ചിട്ടും ഗ്രില്ലിനിടയിലൂടെ പന്ത് തുളച്ച് കയറി ഗുരുതര പരുക്കേറ്റു.
ക്രിക്കറ്റില്‍ സമാനമായ സംഭവങ്ങള്‍ ഏറെയാണ്. എങ്കിലും, ആധുനിക ക്രിക്കറ്റില്‍ സര്‍വസജ്ജമായ ഹെല്‍മറ്റ് ധരിച്ച് കളിക്കാനിറങ്ങുന്ന ഹ്യൂസിനെ പോലൊരു പ്രതിഭാധനന്റെ അന്ത്യം ക്രിക്കറ്റിനെ പിടിച്ചുലക്കുന്നു.
ഇവിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ കളിക്കാനുള്ളത്. ഷോട് പിച്ച് പന്തുകളാണ് അവരെ കാത്തിരിക്കുന്നത്. സുരക്ഷയില്ലാത്ത ഹെല്‍മറ്റുകള്‍ ഉപേക്ഷിക്കാനുള്ള ജാഗ്രത ഓരോ താരവും കൈക്കൊണ്ടേക്കാം.
മാത്രമല്ല, സീന്‍ അബോട്ട് എറിഞ്ഞതു പോലുള്ള അനുവദനീയ ബൗണ്‍സറുകള്‍ക്ക് കാലാകാലത്തേക്ക് കൂച്ചുവിലങ്ങിടാനും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ മുതിര്‍ന്നേക്കാം.
വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞതു പോലെ റഗ്ബിയും മോട്ടോര്‍ റേസിംഗും പോലെ തന്നെ ക്രിക്കറ്റും അപകടം പിടിച്ച ഗെയിമായി മുദ്ര കുത്തപ്പെടുവാന്‍ ഐ സി സി ആഗ്രഹിക്കുകയില്ല.
വരും ദിനങ്ങളില്‍ ക്രിക്കറ്റിലെ കറുത്ത ദിനങ്ങള്‍ ഒഴിവാക്കാന്‍ ഐ സി സി യോഗം ചേരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

---- facebook comment plugin here -----

Latest