Connect with us

National

ജാമ്യത്തിന് പതിനായിരം കോടി നല്‍കാമെന്ന് സഹാറ

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി നിശ്ചയിച്ച ജാമ്യസംഖ്യയായ 10,000 കോടി രൂപ അടക്കാന്‍ തയ്യാറാണെന്ന് അനധികൃത നിക്ഷേപ സമാഹരണ കേസില്‍ പെട്ട സഹാറ ഗ്രൂപ്പ് അറിയിച്ചു. സഹാറ ഗ്രൂപ്പ് 140 കോടിക്കടുത്ത് രൂപ സമാഹരിച്ചിട്ടും എന്ത്‌കൊണ്ട് നാളിതുവരെ ഈ തുക കോടതിയില്‍ അടച്ചില്ലെന്ന് സുപ്രീം കോടതി ആരാഞ്ഞു.
ഈ ആഴ്ച ആദായ നികുതി അധികൃതര്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതാണ് ഈ തുക. നികുതി വെട്ടിപ്പിനോടനുബന്ധിച്ച് സഹാറ ഗ്രൂപ്പിന്റെ ഡല്‍ഹിയിലേയും നോയ്ഡയിലേയും രണ്ട് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 135 കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് അവകാശപ്പെട്ടിട്ടുണ്ട്. റെയ്ഡില്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്ത ഏറ്റവും വലിയ തുകയാണിത്. ഇതില്‍ ഒരു കോടി രൂപയുടെ ആഭരണങ്ങളും ഉള്‍പ്പെടും.
സുപ്രീം കോടതി ഇടപാട് അംഗീകരിക്കുമെങ്കില്‍, കമ്പനിയുടെ മൂന്ന് അന്താരാഷ്ട്ര സ്വത്തുക്കള്‍ പണയപ്പെടുത്തി 3070 കോടി രൂപയുടെ വായ്പ കമ്പനിക്ക് ലഭിക്കുമെന്നും സഹാറ ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ഇതേ ഇടപാടുകാരനില്‍ നിന്ന് തന്നെ ഗ്രൂപ്പിന് 2400 കോടി രൂപയുടെ ബേങ്ക് ഗ്യാരണ്ടിയും ലഭിക്കും. അഹമ്മദാബാദ്, ജോധ്പൂര്‍, വസായ്, ഛോര്‍മു എന്നിവിടങ്ങളില്‍ കമ്പനിക്ക് 3500 കോടി രൂപയുടെ ആസ്തിയുണ്ടെന്നും സഹാറ ഗ്രൂപ്പ് അറിയിച്ചു.

Latest