Connect with us

National

ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും രണ്ടാം ഘട്ടത്തിലും ജനമൊഴുകി; സമാധാനപരം

Published

|

Last Updated

ശ്രീനഗര്‍/ റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജമ്മു കാശ്മീരിലും ഝാര്‍ഖണ്ഡിലും റെക്കോര്‍ഡ് പോളിംഗ്. ജമ്മു കാശ്മീരില്‍ 71 ഉം ഝാര്‍ഖണ്ഡില്‍ 65.46ഉം ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത വിഘടനവാദികള്‍ക്ക് കനത്ത താക്കീത് നല്‍കി കാശ്മീരില്‍ ജനം പോളിംഗ് സ്റ്റേഷനുകളിലേക്ക് ഒഴുകി. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഝാര്‍ഖണ്ഡിലെ 20 മണ്ഡലങ്ങളിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. കാശ്മീര്‍ താഴ്‌വാരയിലും ജമ്മുവിലുമുള്ള അഞ്ച് ജില്ലകളിലെ 18 മണ്ഡലങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. റീസി, ഉദ്ധംപൂര്‍ ജില്ലകളിലാണ് കൂടുതല്‍ വോട്ടിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 61.04ഉം 2008ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 68.79ഉം ശതമാനം ആയിരുന്നു ഇവിടുത്തെ പോളിംഗ്. കാലാവസ്ഥ അനുകൂലമായിരുന്നെന്നും മഞ്ഞുവീഴ്ച ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. 175 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കാന്‍ 15.35 ലക്ഷം വോട്ടര്‍മാരാണുണ്ടായിരുന്നത്.
അതേസമയം, തങ്ങളുടെ മേഖലയിലെ പിന്നാക്കാവസ്ഥയും സുരക്ഷാ സൈനികരുടെ പീഡനവും ചൂണ്ടിക്കാട്ടി തെക്കന്‍ കാശ്മീരിലെ രണ്ട് ഗ്രാമങ്ങളിലെ ജനങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. കുല്‍ഗാം മണ്ഡ ലത്തില്‍ ബുഗാം, പനിവ എന്നിവിടങ്ങളിലെ ആറ് പോളിംഗ് സ്റ്റേഷനുകളില്‍ ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തിയത്. അര്‍ഹരായ 4521 വോട്ടര്‍മാര്‍ ഇവിടെയുണ്ട്. എന്നാല്‍ ഈ ബഹിഷ്‌കരണം വിഘടനവാദികളുടെ ആഹ്വാനപ്രകാരമല്ലെന്ന് വോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളുള്ള മണ്ഡലങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 61.92 ശതമാനമായിരുന്നു പോളിംഗ്. ഇവിടുത്തെ 223 സ്ഥാനാര്‍ഥികളില്‍ മുന്‍ മുഖ്യമന്ത്രിമാരായ അര്‍ജുന്‍ മുണ്ട, മധു കോഡ, മൂന്ന് മന്ത്രിമാര്‍, 18 സിറ്റിംഗ് എം എല്‍ എമാര്‍ എന്നിവരുണ്ട്. ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സി ആര്‍ പി എഫ് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഝാര്‍ഖണ്ഡില്‍ ഏര്‍പ്പെടുത്തിയത്. പോളിംഗ് ഉദ്യോഗസ്ഥരെ ഹെലികോപ്ടര്‍ വഴിയാണ് തിരിച്ചെത്തിച്ചത്. സറയ്‌കെല- ഖര്‍സാവാന്‍, പശ്ചിമ സിംഗ്ഭൂം, കിഴക്കന്‍ സിംഗ്ഭൂം, ഖുന്തി, സിംദേഗ, റാഞ്ചി, ഗുംല എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് വരെയായിരുന്നു 18 സീറ്റുകളിലെ പോളിംഗ് സമയം. ജാംഷഡ്പൂര്‍ ഈസ്റ്റിലും വെസ്റ്റിലും അഞ്ച് മണി വരെയും. കൂടാതെ ഗര്‍ഹയിലും ഛത്തര്‍പൂരിലെ രണ്ടിടത്തും നടന്ന റീപോളിംഗ് സമാധാനപരമായിരുന്നു. ഒമ്പതാം തീയതിയാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്.
ര്‍.