Connect with us

Kerala

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ പുന:പരിശോധനാ ഹരജി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും പുതിയ ഡാം വേണ്ടെന്നും ജലനിരപ്പ് 142 അടിയാക്കാമെന്നുമുള്ള ഉത്തരവിനെതിരെ കേരളം നല്‍കിയ പുന:പരിശോധനാ ഹരജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഹരജി പരിഗണിക്കാനാകില്ലെന്ന് ഉത്തരവിട്ടത്. ഇതോടെ, സുരക്ഷ മുന്‍നിര്‍ത്തി ജലനിരപ്പ് താഴ്ത്താനും പുതിയ ഡാം നിര്‍മിക്കാനും കേരളത്തിന് മുന്നിലുള്ള നിയമപരമായ സാധ്യതകളെല്ലാം അടഞ്ഞു. കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷാ നിയമം അസാധുവാക്കിയ വിധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജഡ്ജിമാരായ ജെ ചെലമേശ്വര്‍, മദന്‍ ബി ലോക്കൂര്‍, എം വൈ ഇഖ്ബാല്‍, സി നാഗപ്പന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് കേരളത്തിന്റെ പുന:പരിശോധനാ ഹരജി പരിഗണിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിക്കൊണ്ട് 2006 കേരള നിയമസഭ പാസാക്കിയ നിയമം അസാധുവാക്കിയ സുപ്രീംകോടതി വിധി ചോദ്യം ചെയ്താണ് കേരളം പുനഃപരിശോധനാ ഹരജി നല്‍കിയത്. 1886ലെ ജലം പങ്കുവെക്കല്‍ കരാര്‍ നിലനില്‍ക്കുന്നതല്ലെന്നും അണക്കെട്ടിലെ പരമാവധി വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തില്ലെന്നുമുള്ള ഹരജിയിലെ കേരളത്തിന്റെ വാദങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചില്ല. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ജലനിരപ്പ് ഉയര്‍ത്താന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. നിലവിലുള്ള അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന തമിഴ്‌നാടിന്റെ വാദവും അന്ന് അംഗീകരിച്ചിരുന്നു. ഇത് പൂര്‍ണമായും സാധൂകരിച്ച് കൊണ്ടാണ് പുന:പരിശോധന ഹരജിയിലെ വിധിയും.
മുല്ലപ്പെരിയാറില്‍ കോടതി നിയോഗിച്ച മൂന്നംഗമേല്‍നോട്ടസമിതിയുടെ പ്രവര്‍ത്തനം നിഷ്പക്ഷമല്ലെന്നു ചൂണ്ടിക്കാട്ടി കേരളം നല്‍കിയ അപേക്ഷ ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്.

Latest