Connect with us

National

മന്ത്രി മാപ്പ് പറഞ്ഞതിനാല്‍ സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ വിദ്വേഷ പ്രസംഗ വിവാദത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞു. “പുതിയ മന്ത്രിയുടെ” പരാമര്‍ശങ്ങളില്‍ അതിശക്തമായി അതൃപ്തി രേഖപ്പെടുത്തിയ മോദി, മന്ത്രി മാപ്പ് പറഞ്ഞതിനാല്‍ വിഷയം അവസാനിപ്പിക്കണമെന്ന് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ബഹളം വെച്ചു. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ ജ്യോതിക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് മോദി വ്യക്തമാക്കി. നിരഞ്ജന്‍ ജ്യോതി മാപ്പ് പറഞ്ഞുവെന്നത് കുറ്റം ചെയ്തുവെന്ന് സമ്മതിക്കലാണെന്നും അതിനാല്‍ തന്നെ മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ലോക്‌സഭയിലും മോദി ഇതുസംബന്ധിച്ച് പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട് പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇറങ്ങിപ്പോയി. ചൊവ്വാഴ്ച മുതല്‍ സഭ തടസ്സപ്പെടുത്തല്‍ ഇന്നലെയും തുടര്‍ന്നു. ജ്യോതി മാപ്പ് പറഞ്ഞതിനാല്‍ രാജ്യതാത്പര്യം മുന്‍നിര്‍ത്തി പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനം അനുവദിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. “സഭയില്‍ ഈ വിഷയില്‍ ഉന്നയിക്കുന്നതിന് മുമ്പ്, ഇത് എല്ലാ എം പിമാരുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പുതിയ മന്ത്രിയാണ്. ആദ്യമായാണ് പാര്‍ലിമെന്റംഗമായത്. അവരുടെ പശ്ചാത്തലം നമുക്കറിയാം. അവര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ഈ സഭയില്‍ ഒരുപാട് മുതിര്‍ന്ന അംഗങ്ങളുണ്ട്. ഒരാള്‍ മാപ്പ് പറഞ്ഞാല്‍ അതിനോടുള്ള അവരുടെ വികാരമെന്താണെന്ന് അറിയാം. ഭാവിയില്‍ അന്തസ്സ് വിടാതെ പെരുമാറാനുള്ള സന്ദേശമാണിത്.” മോദി പറഞ്ഞു.
ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിരവധി തവണ നിര്‍ത്തിവെച്ചു. അഞ്ച് നിര്‍ത്തിവെക്കലുകള്‍ക്ക് ശേഷം 2.40ന് ഒരു ദിവസത്തേക്ക് പിരിയുകയായിരുന്നു. പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിന് ശേഷം കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞതിങ്ങനെയായിരുന്നു; ഭരണഘടന ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ അനുവദിക്കാത്തതിനാല്‍ മന്ത്രിക്കെതിരെ കര്‍ശന നടപടിയെടുക്കണം.
മന്ത്രി മാപ്പ് പറഞ്ഞിട്ടില്ലെന്നും ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സി പി എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഇതാദ്യമായല്ല അത്തരം പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ടവര്‍ നടത്തിയതെന്നും എല്ലാവരുടെയും പിന്തുണയോടെ എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യത്തില്‍ പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാര്‍ വര്‍ഗീയ അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും ജെ ഡി യു നേതാവ് ശരദ് യാദവ് പ്രതികരിച്ചു.
സാധ്വിക്കെതിരെ കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. “രാമന്റെ മക്കളോ, ജാര സന്തതികളോ? ആര് ഡല്‍ഹി ഭരിക്കണമെന്ന് വോട്ടര്‍മാര്‍ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു”വെന്ന് ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. ആദ്യം മന്ത്രി തന്റെ പ്രസംഗത്തെ ന്യായീകരിക്കുകയായിരുന്നു. ദേശവിരുദ്ധരെയാണ് താന്‍ പരാമര്‍ശിച്ചതെന്ന് മന്ത്രി വാദിച്ചുനോക്കിയെങ്കിലും അത് വിലപ്പോയില്ല. തുടര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ പ്രസംഗം ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും അങ്ങനെ ഒരു പരാമര്‍ശം നടത്തിയതില്‍ അതിയായി ഖേദിക്കുന്നുവെന്നും മന്ത്രി പാര്‍ലിമെന്റില്‍ പ്രസ്താവിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest