Connect with us

National

ജനതാപരിവാര്‍ പാര്‍ട്ടികള്‍ യോജിക്കുന്നു; മുലായത്തിന് ഏകോപന ചുമതല

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിക്കെതിരെ കരുത്തുറ്റ പ്രതിപക്ഷ നിര സൃഷ്ടിക്കാന്‍ ജനതാ പരിവാര്‍ സംഘടകള്‍ ഒറ്റപ്പാര്‍ട്ടിയാകാന്‍ തീരുമാനിച്ചു. സമാജ്‌വാദി ജനതാദള്‍ എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ആറ് ജനതാപരിവാര്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പുതിയ പാര്‍ട്ടിയുടെ ഘടന സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ യോഗം ചുമതലപ്പെടുത്തി. ആറ് പാര്‍ട്ടികളുടെയും പ്രഥമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 22 ന് കള്ളപ്പണം തിരികെക്കൊണ്ടു വരുന്നതില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടിനെതിരെയും കര്‍ഷക ആത്മഹത്യക്കെതിരെയും ഡല്‍ഹിയില്‍ ധര്‍ണ നടത്തും.
ഒരേ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്കിടയില്‍ ഒരു പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ ധാരണയാകുകയായിരുന്നുവെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ജനതാദള്‍ യു നേതാവ് നിതീഷ് കുമാര്‍ പറഞ്ഞു. നരേന്ദ്ര മോദി ഭയത്തില്‍ നിന്നാണോ പുതിയ പാര്‍ട്ടിയുടെ ജനനമെന്ന ചോദ്യത്തിന് നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഇടത് പാര്‍ട്ടികളുമായി യോജിച്ച് നീങ്ങാനും തീരുമാനമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇടത് നേതാക്കളെ കാണും. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
മുലായം സിംഗ് യാദവിനെ കൂടാതെ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്, ജെ ഡി യു പ്രസിഡന്റ് ശരദ് യാദവ്, എസ് പി നേതാവ് രാംഗോപാല്‍ യാദവ്, ജെ ഡി എസ് നേതാവ് ദേവെ ഗൗഡ, ഇന്ത്യന്‍ നാഷനല്‍ ലോക്ദളിലെ ദുഷ്യന്ത് ചൗതാല, എസ് ജെ പി നേതാവ് കമാല്‍ മൊറാര്‍ക്ക എന്നിവരും സംബന്ധിച്ചു.

Latest