Connect with us

Kerala

ജയിലറ മുതല്‍ ന്യായാസനം വരെ

Published

|

Last Updated

ഒരാളെ തടവിനു ശിക്ഷിക്കുന്ന ജഡ്ജിക്ക് താന്‍ നല്‍കുന്ന ശിക്ഷ എന്താണെന്നറിയണമെന്ന ബര്‍ണാഡ്ഷായുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് കൃഷ്ണയ്യര്‍ പറയാറുണ്ട്; നമ്മുടെ ജയിലുകള്‍ എന്താണെന്നറിയാന്‍ നമ്മുടെ ജഡ്ജിമാര്‍ക്ക് കഴിയണം. ഞാന്‍ ജയില്‍ ജീവിതം അനുഭവിച്ചവനാണ്. ലോക്കപ്പും ജയിലും എന്താണെന്ന് ഒരാള്‍ പറയാതെ എനിക്കറിയാം. ഒരു ദിവസം അവിടെ കഴിയുക എന്നത് ഒരു യുഗം പോലെയാണ്.
1948 കാലത്ത് തലശ്ശേരി ലോക്കപ്പിലും കണ്ണൂര്‍ ജയിലുമായി ഒരു മാസം കഴിഞ്ഞ കൃഷ്ണയ്യര്‍ പിന്നീട് മന്ത്രിയും ന്യായാധിപനുമായി മാറിയപ്പോള്‍ ജയില്‍ പരിഷ്‌കരണത്തിനും തടവുകാര്‍ക്ക് നീതി ഉണ്ടാക്കുന്നതിനുമായിരുന്നു കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഇ എം എസ് മന്ത്രിസഭയില്‍ (1957) നിയമ, പോലീസ്, ജയില്‍ വകുപ്പുകളുടെ ചുമതല വഹിച്ചപ്പോള്‍ കോടതികള്‍ക്ക് ജനകീയ മുഖം നല്‍കാനും ജയിലുകള്‍ പരിഷ്‌കരിക്കാനും തടുവുകാര്‍ക്ക് ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങള്‍ ഉറപ്പാക്കാനും ഒട്ടേറെ നടപടികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ജനജീവിതവുമായുള്ള ബന്ധവും ജീവിതാനുഭവങ്ങളുമാണ് ജസ്റ്റിസ് കൃഷ്ണയ്യരെ ജനകീയനായ ന്യാധിപനാക്കി മാറ്റിയത്.
നിയമബിരുദമെടുത്ത ശേഷം തലശ്ശേരിയില്‍ അച്ഛന്‍ രാമയ്യരുടെ കൂടെ അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചതോടെയാണ് (1938) കൃഷ്ണയ്യരുടെ പൊതുജീവിതം ആരംഭിക്കുന്നത്. താമസിയാതെ സിവില്‍- ക്രിമിനല്‍ നിയമ രംഗങ്ങളില്‍ നല്ല പ്രാക്ടീസ് നേടാന്‍ കഴിഞ്ഞു. കര്‍ഷകത്തൊഴിലാളികളുടെയും ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുടെയും കേസുകള്‍ കൈകാര്യ ചെയ്യാന്‍ തുടങ്ങിയതോടെ ഇടതുപക്ഷക്കാരനായ അഭിഭാഷകന്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി. കെ പി ആര്‍ ഗോപാലനും എ കെ ജിക്കും വേണ്ടി കോടതികളില്‍ കൃഷ്ണയ്യര്‍ ഹാജരായി. പി കൃഷ്ണപിള്ള, സി എച്ച് കണാരന്‍ തുടങ്ങിയ നേതാക്കളുമായും ബന്ധപ്പെട്ടിരുന്നു. ഒളിവിലായിരുന്ന കൃഷ്ണപിള്ള ഒരിക്കല്‍ കൃഷ്ണയ്യരുടെ കാറിലാണ് കണ്ണൂരില്‍ നിന്ന് തലശ്ശേരി വരെ സഞ്ചരിച്ചത്. കമ്മ്യൂണിസ്റ്റുകാരെ പരസ്യമായി കൈയാമം വെച്ച് വഴിയിലൂടെ കൊണ്ടുപോകുന്നതിനെ വിമര്‍ശിച്ചതോടെ കൃഷ്ണയ്യര്‍ പോലീസിന്റെ നോട്ടപ്പുള്ളിയായി. ഒരു ദിവസം രാത്രി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തലശ്ശേരി ലോക്കപ്പിലിട്ടു. കോടതിയില്‍ ഹാജരാക്കിയ കൃഷ്ണയ്യരെ ഒരു മാസത്തെ തടവിന് ശിക്ഷിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ജയില്‍ മോചിതനായപ്പോള്‍ കൃഷ്ണയ്യര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സഹയാത്രികനായി മാറുകയാണുണ്ടായത്.
1968ല്‍ കൃഷ്ണയ്യര്‍ ഹൈക്കോടതി ജഡ്ജിയായി. അക്കാലത്ത് ഭരണഘടന-സിവില്‍-ക്രിമിനല്‍ കേസുകള്‍ ഉന്നതമായ സാമൂഹിക വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വിശകലനം ചെയ്തിരുന്നു. സ്വാഭാവിക നീതിയെ അടിസ്ഥാനമാക്കി ചില കേസുകള്‍ക്ക് വിധി പ്രഖ്യാപിച്ചു. വായ്പാപണം ബേങ്കില്‍ അടക്കാന്‍ കഴിയാതിരുന്ന ഒരു ക്യാന്‍സര്‍ രോഗിയുടെ കേസില്‍ സിവില്‍ ലയബിലിറ്റിക്കുവേണ്ടി ഒരാളെ ജയിലില്‍ വെക്കുന്നത് ശരിയല്ലെന്ന് വിധിയെഴുതി.
ഹൈക്കോടതിയില്‍ നിന്ന് അദ്ദേഹത്തെ സെന്‍ട്രല്‍ ലോ കമ്മീഷന്‍ അംഗമായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സൗജന്യ നിയമസഹായം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ കൃഷ്ണയ്യരായിരുന്നു. ഇന്നും സൗജന്യ നിയമ സഹായ പദ്ധതിയുടെ ആധാരശില കൃഷ്ണയ്യര്‍ ചെയര്‍മാനായിരുന്ന കമ്മിറ്റിയുടെതാണ്.
സുപ്രീം കോടതി ജഡ്ജിയായി 1973ല്‍ അദ്ദേഹം നിയമിതനായപ്പോള്‍ ചില കേന്ദ്രങ്ങളില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നു. കമ്മ്യൂണിസ്റ്റുകാരനായ കൃഷ്ണയ്യരെ സുപ്രീം കോടതിയില്‍ കയറ്റി അവിടം നശിപ്പിക്കണമോ എന്നതായിരുന്നു സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ഹെഗ്‌ഡേ അടക്കമുള്ളവരുടെ ചോദ്യം. സോളിസിറ്റര്‍ ജനറല്‍ സൊറാബ്ജിയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഇരുനൂറോളം വരുന്ന അഭിഭാഷകര്‍ കൃഷ്ണയ്യരുടെ നിയമനത്തിനെതിരെ പ്രസ്താവനയിറക്കി. അന്ന് പ്രസ്താവന ഇറക്കാന്‍ മുന്‍കൈ എടുത്ത സോളിസിറ്റര്‍ ജനറല്‍ സൊറാബ്ജി, കൃഷ്ണയ്യര്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുമ്പോള്‍ സ്റ്റേറ്റ്‌സ്മാനില്‍ എഴുതിയ ലേഖനത്തില്‍ കൃഷ്ണയ്യരെ പ്രശംസിച്ചിരുന്നതായി കഥയുണ്ട്.
നീണ്ട ഏഴര വര്‍ഷക്കാലം (1980 വരെ) അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായിരുന്നു. ഈ കാലയളവില്‍ നാനൂറിലധികം സുപ്രധാന വിധിന്യായങ്ങള്‍ എഴുതി. സുപ്രീം കോടതികള്‍ക്ക് പുതിയ വെളിച്ചം പകര്‍ന്ന ഈ വിധിന്യായങ്ങള്‍ ഇന്നും നിയമജ്ഞര്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും പഠനവിഷയമാണ്. ധര്‍മമാണ് നീതിയുടെ പൂര്‍ത്തീകരണം. കൃഷ്ണയ്യരുടെ വ്യാഖ്യാനത്തില്‍ മനുഷ്യധര്‍മം സ്‌നേഹവും സമഭാവങ്ങളും വെച്ചു പുലര്‍ത്തലാണ്. മനുഷ്യ ജീവിതത്തോടും മൂല്യത്തോടും അന്തസ്സിനോടും സത്യസന്ധത പുലര്‍ത്തലാണ്. എങ്കിലേ മനുഷ്യന്റെ പൂര്‍ണതയും നീതിയുടെ പൂര്‍ത്തീകരണവും ഉണ്ടാകുകയുള്ളുവെന്ന് അദ്ദേഹം വിശ്വസിച്ചു. സമൂഹത്തിന്റെ പുരോഗതിയുടെ അടിത്തറ സാമൂഹികനീതിയാണെന്ന് അദ്ദേഹം കരുതിയിരുന്നു. ജീവിക്കാനുള്ള അവകാശമാണ് ഇതില്‍ പ്രധാനം.
ഭരണഘടനയിലെ ആദര്‍ശ തത്വങ്ങളിലൂടെയാണ് അദ്ദേഹം ഭരണഘടനാ വ്യാഖ്യാനവും വിധിയും നടത്തിയത്. മനുഷ്യാവകാശങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്ത് പരിവര്‍ത്തനം ഉണ്ടാക്കിയില്ലെങ്കില്‍ നിലവിലുള്ള സാമൂഹിക ക്രമം പരാജയപ്പെടുമെന്ന് അദ്ദേഹം കരുതിയിരു ന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം ഭരണഘടന, ക്രിമിനല്‍, സിവില്‍ കേസുകളുടെ വിധിപറഞ്ഞത്.
കുറ്റവാളിയായതുകൊണ്ട് ഒരാള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കരുതെന്നും ജയിലില്‍ ആയാലും മൗലികാവകാശം ലഭ്യമാക്കണമെന്നും അദ്ദേഹം വാദിച്ചു. കേസുകളില്‍ വിധിയെഴുതി. ഒരുവനെ തടവിലിടുമ്പോള്‍ ഭരണഘടന പ്രകാരമുള്ള സ്വാതന്ത്ര്യങ്ങളും പീഡനത്തില്‍ നിന്നുള്ള മുക്തിയും അവന് ഉറപ്പാക്കാന്‍ കോടതികള്‍ക്ക് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമീണ ജനങ്ങള്‍ക്ക് കോടതികളില്‍ പോയി വ്യവഹാരം കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ ന്യായപഞ്ചായത്ത് രൂപവത്കരിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കത്തുകള്‍ ഹരജിയായി പരിഗണിച്ചതും പൊതു കാര്യ വ്യവഹാരങ്ങള്‍ക്ക് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു.