Connect with us

Kerala

ബാര്‍ കോഴ: മാണിക്കെതിരെ പരാമര്‍ശം; വിവാദമായപ്പോള്‍ ബിഷപ്പിന്റെ മലക്കം മറിച്ചില്‍

Published

|

Last Updated

കോട്ടയം: മദ്യനയം പുനഃപരിശോധിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കോഴ വാങ്ങിയെന്ന ആരോപണം വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് മദ്യവിരുദ്ധ സമിതി ചെയര്‍മാനും താമരശേരി രൂപത അധ്യക്ഷനുമായ ബിഷപ്പ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍ . ഇതു വിശ്വസിക്കണമോ വേണ്ടയോയെന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. കെ സി ബി സി 16 ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയത്ത് നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം .എന്നാല്‍ മാണിക്കെതിരായ പരാമര്‍ശം വിവാദമായതോടെ തിരുത്തുമായി അദ്ദേഹം പത്രക്കുറിപ്പിറക്കി മലക്കം മറിയുകയും ചെയ്തു .
കുത്തക മുതലാളിമാരുടെ താത്പര്യം സംരക്ഷിക്കാന്‍ മദ്യനയം അട്ടിമറിക്കരുത്. ബാര്‍ മുതലാളിമാരുടെ സാമ്പത്തിക ലക്ഷ്യത്തിനുവേണ്ടി മദ്യനയം തിരുത്തിയാല്‍ ജനങ്ങളുടെ കണ്ണീര് വീഴുന്നത് കാണേണ്ടിവരും. പാവപ്പെട്ട കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ് മദ്യവിരുദ്ധ സമിതി നടത്തിവരുന്നത്. ഈ നിലക്കുപോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണകക്ഷികള്‍ ദു:ഖിക്കേണ്ടിവരുമെന്നും ബിഷപ്പ് മുന്നറിയിപ്പുനല്‍കി.

കെ എം മാണി ബാറുടമകളുടെ പക്കല്‍ നിന്ന് കോഴ വാങ്ങിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഏറെക്കഴിയും മമ്പ് താമരശ്ശേരി രൂപതയുടെ പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. അമ്പത് വര്‍ഷത്തെ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആള്‍രൂപമായ കെ എം മാണി അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. കോട്ടയത്ത് നടന്ന കെ സി ബി സിമദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനത്തില്‍ താന്‍ പറഞ്ഞ പ്രസംഗം തെറ്റിദ്ധാരണാജനകമായി സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് മേല്‍പ്പറഞ്ഞതിന് വിരുദ്ധമായ പ്രസ്താവനകള്‍ പ്രചരിക്കുന്നത്. കെ.എം. മാണി കോഴവാങ്ങിയെന്ന് ഇതുവരെ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ ധീരമായ മദ്യവിരുദ്ധനയത്തില്‍ നിന്ന് പിന്നോട്ടു പോകുവാനുള്ള പ്രവണതകള്‍ കാണുമ്പോള്‍ അങ്ങനെ വിശ്വസിക്കേണ്ടിവരുമെന്നുള്ള ആശങ്കപ്രകടിപ്പിക്കുക മാത്രമാണ് താന്‍ പ്രസംഗശൈലിയില്‍ ഉന്നയിച്ചത്. കെ എം മാണി കോഴവാങ്ങി എന്ന് സ്ഥാപിക്കാനല്ല താന്‍ ശ്രമിച്ചത്.
മറിച്ച്, മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായാണ് പൊതുജനമനസ്സുകളില്‍ ഇങ്ങനെയൊരു സംശയം ഉടലെടുക്കാനുള്ള സാധ്യതയുണ്ട് എന്ന് പ്രസ്താവിച്ചത്. കെ സിബി സി മദ്യവിരുദ്ധ സമിതിയുടെ താത്പര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍ നിന്ന് അല്പം പോലും പിന്നോട്ടുപോകരുത് എന്നതാണ്. ഇതാണ് പൊതുജന താത്പര്യവും. പ്രസ്താവനയില്‍ പറയുന്നു.
സര്‍ക്കാര്‍ മദ്യനയത്തില്‍ നിന്നു പിന്നോട്ട് പോവരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ പറഞ്ഞു.
കേരളത്തെ ഒരു മദ്യഷാപ്പാക്കി മനുഷ്യനെ നിത്യമായ കൂട്ടക്കൊലയിലേക്ക് തള്ളിയിടരുത്. മദ്യം മൂലം കുടുംബവും ആരോഗ്യവും അടക്കം മനുഷ്യന്റെ സമഗ്രമായ നാശമാണ് സംഭവിക്കുന്നത്. മദ്യത്തിന്റെ വില്‍പ്പനയും ധാരാളിത്തവും വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. മദ്യനയം മാറ്റിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വാര്‍ത്ത മഹാഭൂരിപക്ഷം ജനങ്ങളും ആശങ്കയോടെയാണ് കാണുന്നതെന്നും ഉദ്ഘാടനപ്രസംഗത്തില്‍അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധ ജനറല്‍ സെക്രട്ടറി ഫാ. ടി ജെ ആന്റണി, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട്, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി, അഡ്വ.ചാര്‍ലി പോള്‍, പ്രസാദ് കുരുവിള തുടങ്ങിവര്‍ സംസാരിച്ചു.

Latest