Connect with us

Articles

ബാബരി മസ്ജിദിനെ ഓര്‍ക്കുമ്പോള്‍

Published

|

Last Updated

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 22-ാം വാര്‍ഷികദിനമാണ് ഇന്ന്. വര്‍ഗീയ ഫാസിസം പത്തിവിടര്‍ത്തിയാടിയ നമ്മുടെ സമകാലീന ചരിത്രത്തിലെ കറുത്ത ദിനം. സാമുദായിക വിഭജനത്തിന്റെ തീരത്തോളം രാഷ്ട്രത്തെ തള്ളിവിട്ട വിധ്വംസകവും അത്യന്തം നീച വുമായ കൃത്യമായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ച. ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തിനും നിയമ വ്യവസ്ഥക്കും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് സംഘ്പരിവാര്‍ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്. കോടതിയെയും ദേശീയോദ്ഗ്രഥന സമിതിയെയും ധിക്കരിച്ചുകൊണ്ടാണ് കര്‍സേവകര്‍ പള്ളി തകര്‍ത്തത്. അയോധ്യയിലെ മുസ്‌ലിം സമൂഹം നാനൂറ്റിചില്വാനം വര്‍ഷക്കാലം നിസ്‌കരിച്ചുപോന്ന പള്ളി തകര്‍ക്കുന്നതിന് നേതൃത്വം കൊടുത്തവര്‍ ഇന്ത്യയെ വര്‍ഗീയവത്കരിച്ച് അധികാരം കൈയടക്കാനുള്ള നീചമായ തന്ത്രമാണ് പരീക്ഷിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ ഉപജാപത്തിന്റെ അനുസ്യൂതിയിലാണ് ഈ നീചകൃത്യം അരങ്ങേറിയത്. ഗാന്ധിവധത്തിനു ശേഷം ഹിന്ദുത്വ ശക്തികള്‍ രാജ്യത്തിനുനേരെ അഴിച്ചുവിട്ട മാപ്പര്‍ഹിക്കാത്ത പാതകമായിരുന്നത്. ജനാധിപത്യത്തിനും മതേതരത്വത്തിനും നിലകൊള്ളുന്നവരെ സംബന്ധിച്ചിടത്തോളം ഒരു മഹാദുരന്തവും ദേശീയ അപമാനവുമായിരുന്നു ഈ സംഭവം. 1992 ഡിസംബര്‍ ആറ് രാജ്യചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി തുടരുകതന്നെ ചെയ്യും.
ഹിന്ദുത്വ വര്‍ഗീയവാദികള്‍ രാഷ്ട്രത്തിന്റെ ആത്മാവിന് തീകൊളുത്തിയതിന്റെ ബീഭത്സമായ ഓര്‍മകളാണ് എല്ലാ ഡിസംബര്‍ ആറും ജനമനസ്സുകള്‍ക്കു മുമ്പില്‍ കൊണ്ടുവരുന്നത്. അയോധ്യയിലെ പള്ളിപൊളിക്കലിന് നേതൃത്വം കൊടുത്ത ഒരാള്‍ ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. നരേന്ദ്ര മോദി 400 വര്‍ഷക്കാലത്തിലേറെ പഴക്കമുള്ള ബാബരി മസ്ജിദിന്റെ കുംഭഗോപുരങ്ങളില്‍ നിന്നടര്‍ന്നുവീണ കുമ്മായകൂട്ട് അഹമ്മദാബാദിലെ സ്വന്തം ഭവനത്തില്‍ കൊണ്ടുവന്ന് ഷോക്കേസില്‍ പ്രദര്‍ശിപ്പിച്ചയാളാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ച സംഘ്പരിവാറുകാര്‍ ദേശീയ അപമാനത്തിന്റെ കണക്കുതീര്‍ക്കലായി കൊണ്ടാടുകയായിരുന്നല്ലോ. രാജ്യാഭിമാനത്തിന്റെ പ്രതീകമായി അയോധ്യയെയും രാമക്ഷേത്രത്തെയും ഉയര്‍ത്തിക്കാണിച്ച് കപടദേശീയവാദമാണവര്‍ പ്രചരിപ്പിച്ചത്.
ഹിന്ദു രാഷ്ട്രവാദികള്‍ ഹിന്ദു രാജ്യാഭിമാനത്തിന്റെ അയോധ്യാ മാതൃക ഇപ്പോഴും പുനരുജ്ജീവിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മോദിമന്ത്രിസഭയിലെ അംഗമായ സാധ്വി നിരഞ്ജനാ ജ്യോതി രാമസങ്കല്‍പ്പത്തെ അങ്ങേയറ്റം വിഷം തുപ്പുന്ന വിദേ്വഷ രാഷ്ട്രീയമായി അവതരിപ്പിക്കുകയായിരുന്നല്ലോ. ഡല്‍ഹിയില്‍ അവര്‍ പ്രസംഗിച്ചത് “രാമന്റെ സന്തതികളെ തിരഞ്ഞെടുക്കണമോ ജാരസന്തതികളെ തിരഞ്ഞെടുക്കണമോ” എന്നാണ്. നിരഞ്ജനാജ്യോതിയുടെ പ്രസംഗം അനുചിതമായിപ്പോയി എന്നല്ലാതെ പ്രധാനമന്ത്രി അതിന്റെ അന്തഃസത്തയെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പരിത്യാഗത്തിന്റെയും കഥയാണ് രാമായണം. അയോധ്യയില്‍ ചെന്ന് രാമായണം പാട്ടുകള്‍ പാടി ശ്രീരാമനെയും അയോധ്യാനിവാസികളെയും കരയിക്കുന്ന ലവകുശന്മാരുടെ കദനനിര്‍ഭരമായ ജീവിത ഗാഥയാണത്. സീതാപരിത്യാഗത്തിന്റെ പേരില്‍ ഉത്തമപുരുഷനായ രാമനെ വിമര്‍ശിക്കുന്ന ലവകുശന്മാരുടെ ധര്‍മധീരതയുടെ കഥകൂടിയാണ് രാമായണമെന്ന കാര്യം രാമനെ ഹിന്ദുത്വാഭിമാനത്തിന്റെ പ്രതീകമാക്കുന്ന വര്‍ഗീയ ശക്തികള്‍ മറന്നുപോകുകയാണ്. മോദി മന്ത്രിസഭയിലെ നിരഞ്ജനാജ്യോതിയെപോലുള്ളവരുടെ ഹൃദയത്തില്‍ വര്‍ഗീയ വിദേ്വഷമാണ് തിളയ്ക്കുന്നത്.
രാമായണത്തിന്റെ മഹോന്നതമായ ജീവിതദര്‍ശനങ്ങള്‍ക്ക് വിപരീതദിശയില്‍ രാജ്യത്തെ തള്ളിവിടാനാണവര്‍ കിണഞ്ഞുശ്രമിക്കുന്നത്. വാല്മീകിയുടെ രാമന്റെ നാശത്തിലാണവര്‍ വിദ്വേഷരാഷ്ട്രീയത്തിന്റെ രാജ്യാഭിമാന സിദ്ധാന്തങ്ങള്‍ വേവിച്ചെടുത്തിരിക്കുന്നത്. ഇതിഹാസകഥയിലെ ധര്‍മയുദ്ധനിയമങ്ങളൊക്കെയും ജനതയെ വഴിതെറ്റിക്കാനുള്ള സൂത്രവിദ്യകള്‍ മാത്രമാണ് അവര്‍ക്ക്. ഈ വര്‍ഗീയരാക്ഷസന്മാര്‍ ജനിക്കുന്നതും വളരുന്നതും ജനങ്ങളുടെ ചോര കുടിച്ചാണ്. ഇവരുടെ രാമന്‍ ചിത്പവന്‍ ബ്രാഹ്മണ്യത്തിന്റെ ക്ഷാത്രവീര്യം ആവാഹിച്ച് മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും കമ്യൂണിസ്റ്റുകാരുടെയും ചോര മണത്ത് നടക്കുന്ന നരഭോജിയാണ്. വാല്മീകിയുടെ രാമായണവും രാമനുമായി അയോധ്യാരാഷ്ട്രീയത്തിന് ഒരു ബന്ധവുമില്ല. രാമന്റെ എതിരാളിയായ മായാരാക്ഷസവംശത്തിന്റെ രക്തദാഹമാണ് സംഘ#േ#േ#േ്പരിവാറിന്റെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും നിര്‍ണയിച്ചുപോരുന്നത്. മാര്‍ക്‌സിസ്റ്റുകാര്‍ മുതല്‍ മിഷനറിമാര്‍വരെയുള്ളവരുടെ ചോര കുടിച്ചാലെ സംഘ്പരിവാറിന് വിശപ്പടങ്ങൂ എന്നകാര്യം ഡല്‍ഹിയില്‍ നടന്ന ഹിന്ദു കോണ്‍ഗ്രസിലൂടെ അവര്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.
ബ്രിട്ടീഷുകാരുടെ “ഭിന്നിപ്പിക്കുക ഭരിക്കുക” എന്ന കൊളോണിയല്‍ തന്ത്രമാണ് ഇന്ത്യയില്‍ ഹിന്ദുത്വരാഷ്ട്രീയത്തെ രൂപപ്പെടുത്തിയതും അക്രമാസക്തമായ തലങ്ങളില്‍ വളര്‍ത്തിയെടുത്തതും. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ജനമുന്നേറ്റങ്ങള്‍ക്ക് ആധാരമായ ഹിന്ദു മുസ്‌ലിം മൈത്രിയെ തകര്‍ക്കാനാണ് ബ്രിട്ടീഷുകാര്‍ ഹിന്ദുവര്‍ഗീയതയും മുസ്‌ലിം വര്‍ഗീയതയും ഒരുപോലെ പരിലാളിച്ച് വളര്‍ത്തിയെടുത്തത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള സവര്‍ക്കറുടെ പുസ്തകത്തില്‍ തന്നെ ചാള്‍സ്ബാളിനെ ഉദ്ധരിച്ച് എഴുതിയിരിക്കുന്നതുനോക്കൂ; “അത്ര അപ്രതിഹിതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തില്‍ തന്നെ വിരളമാണ്”. ഹിന്ദുക്കളുടെയും മുസ്‌ലികളുടെയും മതപരമായ വാസനകള്‍ ഒന്നിനൊന്നായിണങ്ങി ദേശാഭിമാനപരമായി രൂപം പ്രാപിക്കുന്നത് കണ്ടാണ് ചാള്‍സ്ബാള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. വി ഡി സവര്‍ക്കര്‍ ഹിന്ദുത്വവാദി ആകുന്നതിനുമുമ്പ് എഴുതിയ പുസ്തകം കൊളോണിയല്‍വിരുദ്ധസമരത്തിന്റെ കരുത്തും ഊര്‍ജവുമായി വര്‍ത്തിച്ച ഹിന്ദു മുസ്‌ലിം ഐക്യത്തെ ആവേശത്തോടെയും സത്യസന്ധമായുമാണ് വിവരിച്ചിട്ടുള്ളത്.
1840കളുടെ അവസാനം ഗവര്‍ണര്‍ ജനറലായിരുന്ന അല്ലന്‍ബറോ പ്രഭു വെല്ലിങ്ടണ്‍ പ്രഭുവിന് എഴുതിയത്, മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കും എതിരാണെന്നാണ്. അതിനാല്‍ ബ്രിട്ടന്റെ നയം എന്നും ഹിന്ദുക്കളുമായി രമ്യതയിലായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സത്യസന്ധമായ ഇന്ത്യയുടെ കൊളോണിയല്‍ ചരിത്രമെന്നത് ഹിന്ദുക്കളെയും മുസ്‌ലിംകളെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ശത്രുവായും മിത്രമായും ഉപയോഗിച്ചതിന്റെ കൂടി ചരിത്രമാണ്. ഇന്ത്യന്‍ ജനതയുടെ ദേശീയ ഉണര്‍വിനെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും അസ്ഥിരീകരിക്കാന്‍ ബ്രിട്ടന്‍ ഹിന്ദു-മുസ്‌ലിം വര്‍ഗീയതയെ സമര്‍ഥമായി ഉപയോഗിച്ചു. 1947നു ശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാറും ഇതേനയം തുടര്‍ന്നതിന്റെ അനിവാര്യമായ ദുരന്തഫലമെന്ന നിലക്കുകൂടിയാണ് ഹിന്ദുരാഷ്ട്രവാദികളുടെ കൈകളിലേക്ക് ഇന്ന് ദേശീയ അധികാരം എത്തിച്ചേര്‍ന്നത്.
ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും തോളോടുതോള്‍ ചേര്‍ന്ന് ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തു. ഈയൊരു ഐക്യത്തെ തകര്‍ക്കാനാണ് ബാബരി മസ്ജിദിനുമുന്നിലുള്ള ഭൂമി മഹന്തുക്കള്‍ക്ക് നല്‍കി അവിടെ വേലി ഉയര്‍ത്തിയത്. 1858ല്‍ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് പള്ളിയിലേക്കുള്ള പ്രവേശനം വടക്കെ ഗോപുരം വഴി ആക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. ഇത് ചിരപുരാതനമായ അയോധ്യയിലെ (പഴയ ഔധ്) ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കാനുള്ള ബ്രിട്ടീഷ് തന്ത്രമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ധയും വളരുന്നത് തടയാനാണ് ഫൈസാബാദിലെ അന്നത്തെ മൗലവി അമീര്‍ അലിയും മഹന്ത് രാംചരണ്‍ദാസും അനുരഞ്ജനശ്രമം നടത്തിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ച ഈ രണ്ട് ആത്മീയാചാര്യന്മാരെയും പ്രതികാരബുദ്ധിയോടെ തൂക്കിലേറ്റുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന നക്ഷത്രങ്ങളാണ് ഈ രണ്ട് നേതാക്കളും. മതസൗഹൃദത്തിനും ജനങ്ങളുടെ ഐക്യത്തിനും വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന ഇവരുടെ ഓര്‍മകളെപോലും ബ്രിട്ടീഷ് ഭരണകൂടം ഭയപ്പെട്ടിരുന്നു. അവരെ തൂക്കിലേറ്റിയ ആല്‍മരത്തെ ജനങ്ങള്‍ ആദരിക്കാന്‍ തുടങ്ങിയതോടെ അത് ബ്രിട്ടീഷ് ഭരണാധികാരികള്‍ മുറിച്ചുമാറ്റുകയാണുണ്ടായത്.
ഹിന്ദുത്വശക്തികള്‍ കൊളോണിയല്‍ ഭരണകൂടത്തിന്റെയും സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെയും സഹായത്തോടെയാണ് ബാബരി മസ്ജിദ് തര്‍ക്കപ്രശ്‌നമാക്കിയതും തകര്‍ത്തതും. ഇന്നിപ്പോള്‍ രാമക്ഷേത്ര നിര്‍മാണം അജന്‍ഡയായി മുന്നോട്ടുവെച്ചിട്ടുള്ള മോദിസര്‍ക്കാര്‍ മതനിരപേക്ഷതക്കും രാജ്യത്തിന്റെ ഫെഡറല്‍ ഘടനക്കും ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്. ചരിത്രഗവേഷണ കൗണ്‍സിലിനെയും വിദ്യാഭ്യാസ സംവിധാനങ്ങളെയും ഔദ്യോഗിക വാര്‍ത്താ ഉപാധികളെയും കാവിവത്കരിക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും രാജ്യത്തിന്റെ പലമേഖലകളിലും വേട്ടയാടുകയാണ്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 22-ാം വാര്‍ഷികം ആചരിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഹിന്ദുത്വശക്തികള്‍ ഒരു ക്രിസ്ത്യന്‍ ദേവാലയം ചുട്ടുകരിച്ചിരിക്കുന്നു. അലിഗഢിലെ അസ്രോയി ഗ്രാമത്തില്‍ ക്രിസ്ത്യന്‍ ദേവാലയം പിടിച്ചെടുത്ത് അമ്പലമാക്കിമാറ്റിയിരിക്കുന്നു. രാജ്യമെമ്പാടും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സംഘ്പരിവാര്‍ സമ്മര്‍ദതന്ത്രങ്ങളുമായി അഴിഞ്ഞാടുകയാണ്. ഇതിനെതിരായ പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ട് സംഘ്പരിവാര്‍ നേതാക്കള്‍ ഈ നടപടികളെയെല്ലാം ന്യായീകരിക്കുന്നു. ഇതെല്ലാം രാഷ്ട്രത്തിന്റെ ശുദ്ധീകരണപ്രക്രിയയാണുപോലും!
1930കളിലെ ജര്‍മനിയിലെ നിഷ്ഠൂരമായ ജൂതവേട്ടയെ അനുസ്മരിപ്പിക്കുന്ന, ന്യൂനപക്ഷ ജനങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ക്കാണ് സംഘ്പരിവാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യശക്തികളുടെ വിശാലമായ ഐക്യത്തിലൂടെ വര്‍ഗീയ ഫാസിസ്റ്റ് കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ എല്ലാവിഭാഗം ജനാധിപത്യശക്തികളും രംഗത്തിറങ്ങണമെന്നാണ് ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്നത്. വര്‍ഗീയഫാസിസത്തിനെതിരായ പ്രതിരോധസന്ദേശമാണ് ഡിസംബര്‍ ആറ് എല്ലാവിഭാഗം ജനമനസ്സുകളിലേക്കും പകരുന്നത്. മതനിരപേക്ഷ നിലപാടുകള്‍ മുറുകെപ്പിടിച്ച് വര്‍ഗീയ ഫാസിസത്തെ നേരിടാനുള്ള ആഹ്വാനമാണ് ഡിസംബര്‍ ആറ് നമ്മളില്‍ ഓരോരുത്തരിലേക്കും എത്തിക്കുന്നത്.