Connect with us

National

വൈക്കോയുടെ പാര്‍ട്ടി എന്‍ഡിഎ വിട്ടു

Published

|

Last Updated

ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ബി ജെ പിക്ക് തിരിച്ചടിയായി ഘടകകക്ഷിയുടെ പിന്മാറ്റം. തമിഴ്‌നാട്ടില്‍ നിന്നുള്ള എന്‍ ഡി എ ഘടകകക്ഷിയായ വൈകോയുടെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം ഡി എം കെ) മുന്നണി വിട്ടു. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തമിഴ് ജനതയെ വഞ്ചിച്ചുവെന്നാരോപിച്ചാണ് എം ഡി എം കെ മുന്നണി വിട്ടത്. മുന്നണി വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം എം ഡി എം കെയുടെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബി ജെ പി നേതൃത്വത്തിലുള്ള മുന്നണിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എം ഡി എം കെ തീരുമാനിച്ചത്.
മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ തമിഴ് ജനത ഗൗരവമായി കാണുന്ന വിഷയങ്ങള്‍ക്ക് എന്‍ ഡി എ കാര്യമായ പരിഗണന നല്‍കുന്നില്ലെന്നും മുന്നണിയുടെ ഭാഗമായി തുടരാനാകില്ലെന്നും പ്രമേയത്തില്‍ പറയുന്നു. ശ്രീലങ്കയെ ഒരിക്കലും ഇന്ത്യ പിന്തുണക്കരുതെന്ന് പാര്‍ട്ടിയുടെ ഉന്നതതല യോഗമായി കണക്കാക്കുന്ന ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയിലെ മഹിന്ദ രജപക്‌സെ സര്‍ക്കാറുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ വൈകോ എതിര്‍ത്തിരുന്നു. ബി ജെ പി തമിഴ് ജനതക്ക് എതിരാണ്. രജപക്‌സെക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ നിര്‍ദേശത്തെ എതിര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ വിദ്യാഭ്യാസവും സംസ്‌കാരവും കാവിവത്കരിക്കാനാണ് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വൈകോ ആരോപിച്ചു.
മോദിയുടെ കടുത്ത വിമര്‍ശകനായ വൈകോയുടെ പാര്‍ട്ടിയായ എം ഡി എം കെ മുന്നണിയില്‍ തുടരുന്നതിനെ നിരവധി ബി ജെ പി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. എം ഡി എം കെയെ എന്‍ ഡി എയില്‍ നിന്ന് പുറത്താക്കണമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയുടെ നേതൃത്വത്തിലുണ്ടാക്കിയ മഹാസഖ്യത്തിലൂടെയാണ് എം ഡി എം കെ മുന്നണിയിലെത്തുന്നത്. തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാന്‍ എം ഡി എം കെക്ക് സാധിച്ചില്ല. ബി ജെ പിയും സഖ്യ കക്ഷിയായ പി എം കെയും ഓരോ സീറ്റില്‍ വിജയിച്ചിരുന്നു.

Latest