Connect with us

National

നികുതി വെട്ടിപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് എസ് ഐ ടി

Published

|

Last Updated

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് കള്ളപ്പണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). കള്ളപ്പണം സൂക്ഷിക്കുന്നവരുടെ പേരും അക്കൗണ്ട് വിവരങ്ങളും വിദേശ രാജ്യങ്ങള്‍ പുറത്തുവിടുന്നതിന് സമ്മര്‍ദം ചെലുത്തുന്നതിനായി നികുതി വെട്ടിപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് എസ് ഐ ടി ആവശ്യപ്പെട്ടു. വിദേശ ബേങ്കുകളിലെ കള്ളപ്പണം തിരിച്ചെത്തിക്കാന്‍ സഹായിക്കുന്നതിനൊപ്പം രാജ്യത്തിനകത്ത് സൂക്ഷിച്ച കണക്കില്‍പ്പെടാത്ത പണം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്ന് എസ് ഐ ടി ചെയര്‍മാന്‍ എം ബി ഷാ അഭിപ്രായപ്പെട്ടു.
നിലവില്‍ ആദായനികുതി വകുപ്പ് പ്രകാരമാണ് നികുതി വെട്ടിപ്പ് കൈകാര്യം ചെയ്യുന്നത്. വിദേശ വിനിമയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (എഫ് ഇ എം എ) പ്രകാരവും. ഇവ രണ്ടും സിവില്‍ കേസുകളാണ്. നികുതി വെട്ടിപ്പ് സിവില്‍ കേസ് ആയി പരിഗണിക്കുമ്പോള്‍ വിദേശ രാജ്യങ്ങള്‍ കേസുമായി സഹകരിക്കില്ലെന്ന് ഷാ പറഞ്ഞു. ക്രിമിനല്‍ കുറ്റമാക്കുന്നതോടെ വിദേശ രാജ്യങ്ങള്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
അമ്പത് ലക്ഷത്തിനും അതിന് മുകളിലും വരുന്ന നികുതി വെട്ടിപ്പ് ഗുരുതരമായ കേസ് ആയി പരിഗണിക്കുന്നതോടെ പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിംഗ് ആക്ടിലെ (പി എം എല്‍ എ) വകുപ്പുകള്‍ പ്രകാരം അന്വേഷണം എളുപ്പമാകുമെന്ന് ഷാ പറഞ്ഞു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് എസ് ഐ ടി വൈസ് ചെയര്‍മാന്‍ അരിജിത് പസായത് ആവശ്യപ്പെട്ടു. വന്‍ തോതില്‍ പണം കൈവശം വെക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണം കൊണ്ടുവരാന്‍ കൂടുതല്‍ ശക്തമായ ചട്ടങ്ങള്‍ വേണമെന്നും എസ് ഐ ടി ആവശ്യപ്പെട്ടു.
ആദായനികുതി വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത അയ്യായിരത്തിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നതെന്നും ഈ കേസുകള്‍ പരിഗണിക്കുന്നതിന് വേണ്ടി മാത്രം മുംബൈയില്‍ അഞ്ച് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ സ്ഥാപിക്കണമെന്നും എസ് ഐ ടി ആവശ്യപ്പെട്ടു.
കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് ജസ്റ്റിസ് ഷാ അധ്യക്ഷനായ സമിതി പ്രവര്‍ത്തിക്കുന്നത്. സ്വിസ് ബേങ്കുകളില്‍ 4,479 കോടി രൂപ ഇന്ത്യക്കാര്‍ നിക്ഷേപിച്ചതായി അടുത്തിടെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനകത്ത് 14,958 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇരുപത്തിയഞ്ചിലധികം രാജ്യങ്ങള്‍ നികുതി വെട്ടിപ്പ് ഗുരുതരമായ കുറ്റകൃത്യമായാണ് കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കള്ളപ്പണം തിരികെ എത്തിക്കുന്നതിനായി സ്വിറ്റ്‌സര്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹകരണം ഇന്ത്യ തേടിയിരുന്നു. നികുതി വെട്ടിപ്പ് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാത്തതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിദേശ രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. വിദേശ ബേങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് ഇന്ത്യയിലെ ഏജന്‍സികള്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം അക്കൗണ്ട് ഉടമകളുടെ പേരുവിവരങ്ങള്‍ ചോദിക്കാന്‍ അധികൃതര്‍ക്ക് അവകാശമില്ലെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് വ്യക്തമാക്കിയിരുന്നു. വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം തിരികെ എത്തിക്കുന്ന കാര്യത്തില്‍ വര്‍ഷങ്ങളായി ചര്‍ച്ച നടക്കുകയാണ്. അധികാരത്തിലെത്തിയാല്‍ നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണം മുഴുവന്‍ തിരികെ എത്തിക്കുമെന്നായിരുന്നു ബി ജെ പിയുടെ അവകാശവാദം.