Connect with us

Kerala

പ്രവാസികള്‍ക്ക് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട്

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ 2014ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാംഭേദഗതി) ബില്‍ നിയമസഭ പാസാക്കി. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നവിധം ക്രമീകരണങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രവാസികള്‍ക്ക് ഏതുതരത്തില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനം. പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ചയില്ലാതെയാണ് ബില്‍ പാസാക്കിയത്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് ചട്ടം 77ല്‍, എ എന്ന ഉപവകുപ്പ് കൂടി ചേര്‍ക്കുന്നതിനുള്ള ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.
പ്രവാസികളുടെ വോട്ടവകാശം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി വോട്ടു രേഖപ്പെടുത്തുക, അതാത് രാജ്യത്തെ എംബസിയില്‍ വോട്ടു രേഖപ്പെടുത്താന്‍ സൗകര്യം ചെയ്യുക, പ്രവാസികള്‍ നിര്‍ദേശിക്കുന്നയാള്‍ ഇവിടുത്തെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണ് മുന്നിലുള്ളത്. പ്രവാസികള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍ സാക്ഷരരല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക തയാറെടുപ്പുകളും ആവശ്യമാണ്.
എംബസിയില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അതാത് രാജ്യങ്ങളുടെ പ്രത്യേക അനുമതി ആവശ്യമാണ്. മാത്രമല്ല, എംബസിയിലെ ജീവനക്കാരെ ഇതിനായി വിനിയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതിയും വേണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 20,000ലധികം ബൂത്തുകളുണ്ടാകും. ഇത്രയും ബൂത്തുകളില്‍ വോട്ട് ചെയ്യുന്നതിനായി എംബസിയില്‍ ബാലറ്റ് പെട്ടി ക്രമീകരിക്കാന്‍ പ്രായോഗികമായി പ്രയാസമുണ്ട്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ ചുമതലപ്പെടുത്തുന്നയാള്‍ക്ക് അതാത് നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചു ഫീസ് ഈടാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. ചെറുതും വലുതുമായ കടകള്‍ക്കും ഫാക്ടറികള്‍ക്കുമെല്ലാം നല്‍കുന്ന ലൈസന്‍സിന്റെ പേര് ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സീവ് ലൈസന്‍സ് എന്നതിനു പകരം ട്രേഡ് ലൈസന്‍സ് എന്നാക്കി മാറ്റും. വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും പുറമെ സേവന മേഖലയിലും ലൈസന്‍സ് ഏര്‍പ്പെടുത്തും. നിലവില്‍ ഉത്പാദനവും വിതരണവും നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഒരേ ഫീസ് ആണ് ഈടാക്കിയിരുന്നത്. ഫാക്ടറികള്‍ക്കും ഉത്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ക്കും വെവ്വേറെ ഫീസ് ഈടാക്കാനാണ് നീക്കം. വാണിജ്യ സ്ഥാപനങ്ങളെ നാലു വിഭാഗമായി തിരിച്ച് ലൈസന്‍സ് നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

Latest