Connect with us

National

നിരവധി കാരണങ്ങള്‍; മഅ്ദനിയുടെ വിചാരണ വൈകും

Published

|

Last Updated

ബെംഗളൂരു; പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടനക്കേസ് വിചാരണ എന്‍ ഐ എ കോടതിക്ക് കൈമാറിയത് കേസിന്റെ തുടര്‍വിചാരണയും നടപടിക്രമങ്ങളും വൈകുന്നതിന് കാരണമാകുമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ആദ്യമായി എന്‍ ഐ എ കോടതിയില്‍ കേസ് പരിഗണനക്ക് വന്നപ്പോള്‍ പ്രോസിക്യൂഷന്‍ സ്വീകരിച്ച നിലപാടുകളും ഇതിലേക്കുള്ള സൂചനകളാണ് നല്‍കിയത്. കേസിന്റെ ഡോക്യുമെന്റുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ പോയ പ്രോസിക്യൂഷന്‍, രേഖകള്‍ ഹാജരാക്കുന്നതിന് കൂടുതല്‍ സമയം ചോദിച്ചത് കേസ് വൈകിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് സംശയിക്കുന്നവരുണ്ട്. കൂടാതെ ഇപ്പോള്‍ കേസ് പരിഗണിക്കുന്ന എന്‍ ഐ എ കോടതിയിലെ ജഡ്ജി സോമരാജന്‍ അടുത്ത മാസം ആദ്യത്തോടെ പ്രൊമോഷന്‍ ലഭിച്ച് പോകാന്‍ സാധ്യത ഉണ്ടെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അങ്ങനെയാണെങ്കില്‍ വീണ്ടും മറ്റൊരു ജഡ്ജി ചുമതലയേല്‍ക്കുന്നതുവരെയുള്ള കാലതാമസവും പുതിയ ജഡ്ജി കേസ് നടപടിക്രമങ്ങള്‍ പഠിക്കുന്നതിന് ആവശ്യമായി വരുന്ന സമയവും വിചാരണ വൈകുന്നതിന് കാരണമാകും. പരപ്പന അഗ്രഹാര ജയിലെ വിചാരണ കോടതിയിലാണ് ഇതുവരെയും കേസിന്റെ വിചാരണ നടന്ന് വന്നിരുന്നത്.

വിചാരണകോടതിയില്‍ ഇതിനകം 80നും 120നും ഇടക്കുള്ള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ തുടര്‍ വിചാരണയാണ് എന്‍ ഐ എ കോടതിയില്‍ നടക്കുന്നതെങ്കിലും കേസില്‍ ജഡ്ജിമാരുടെ തുടര്‍ നടപടിക്രമങ്ങളും കര്‍ണാടക സര്‍ക്കാറിന്റെ സമീപനങ്ങളും എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും വിചാരണ പൂര്‍ത്തിയാകുക. കേസില്‍ ഏകദേശം മുന്നൂറോളം സാക്ഷികള്‍ ഉള്ളതിനാല്‍ ഇനിയും പകുതിയിലേറെ സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്. വിചാരണക്കോടതിയില്‍ സാക്ഷി വിസ്താരം വേഗത്തിലായി വന്ന ഘട്ടത്തിലാണ് കേസ് എന്‍ ഐ എ കോടതിയിലേക്ക് മാറ്റുന്നത്. സാക്ഷികള്‍ കൃത്യസമയത്ത് ഹാജരായില്ലെങ്കിലും കേസ് വൈകുന്നതിന് ഇടയാകും. കേസില്‍ മഅ്ദനിക്കെതിരെ പ്രോസിക്യൂഷന്‍ മുഖ്യസാക്ഷിയാക്കിയിട്ടുള്ള റഫീഖിന് ഇന്നലെ ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പ്രധാന സാക്ഷി ഹാജരാകാത്തതിനാലും പ്രോസിക്യൂഷന്‍ കേസ് രേഖകള്‍ സമര്‍പ്പിക്കാത്തതിനാലും കോടതി മറ്റൊരു ദിവസം വിളിപ്പിക്കാമെന്ന് പറഞ്ഞ് ഇന്നലെ വിചാരണ കോടതിയില്‍ ഹാജരായ മഅ്ദനിയെ മടക്കി അയക്കുകയായിരുന്നു.
മഅ്ദനി 31ാം പ്രതിയായ ബെംഗളൂരു സ്‌ഫോടന കേസ് വിചാരണ നാല് മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് നേരത്തെ സുപ്രീം കോടതി വിചാരണകോടതിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നിലയിലാണ് കേസ് നടപടികള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വിചാരണ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ ഇന്നലെ എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം മഅ്ദനിക്ക് വിചാരണ പൂര്‍ത്തിയാകുന്നത് വരെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ കോടതി ആവശ്യപ്പെടുന്ന സമയത്ത് ഹാജരായാല്‍ മതിയാകും.