Connect with us

Ongoing News

കാന്തപുരം സമുദായത്തെ നയിക്കാന്‍ കഴിയുന്ന നേതാവ്; എം ടി

Published

|

Last Updated

മര്‍കസ് നഗര്‍: സമുദായത്തെ നയിക്കാന്‍ കഴിവുള്ള നേതാവാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെന്ന് എം ടി വാസുദേവന്‍ നായര്‍. മതങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട സ്പര്‍ധ ഇല്ലാതാകണമെങ്കില്‍ ആത്മീയ തേജസ്സുള്ള പണ്ഡിതന്മാര്‍ വളര്‍ന്നു വരികയും അവര്‍ സമുദായത്തെ നയിക്കുകയും വേണം. ആ അര്‍ത്ഥത്തിലുള്ള നേതാവാണ് കാന്തപുരമെന്നും എം ടി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മര്‍കസ് സമ്മേളന സുവനീറില്‍ എം ടി വാസുദേവന്‍ നായരുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മത മൗലികവാദത്തിനും ഭീകരവാദത്തിനും എതിരായി കാന്തപുരം സ്വീകരിക്കുന്ന ശക്തമായ നിലപാടുകള്‍ ശ്രദ്ദിക്കാറുണ്ടെന്നും എം ടി പറയുന്നുണ്ട്. തന്റെ എഴുത്തിന്റെയും ജീവിതത്തിന്റെയും പാരമ്പര്യത്തെ രൂപപ്പെടുത്തിയത് പൊന്നാനിയുടെ സാമൂഹിക സാംസ്‌കാരിക അന്തരീക്ഷമാണെന്നും മതങ്ങള്‍ തമ്മില്‍ അതിരുകളില്ലാത്ത സൗഹാര്‍ദം നിലനിന്നിരുന്ന കൂടല്ലൂരിലെ ബാല്യകാലം തന്റെ എഴുത്തിനെ നിര്‍ണയിച്ചതില്‍ മുഖ്യപങ്ക് വഹിച്ചുവെന്നും എം ടി പറയുന്നു.

മുസ്‌ലിംകളുമായുള്ള എണ്‍പതു വര്‍ഷത്തെ അഗാധമായ സൗഹൃദത്തിന്റെ കഥകള്‍ അഭിമുഖത്തിലുടനീളം എം ടി ഓര്‍ത്തെടുക്കുന്നുണ്ട്. ഈ സൗഹാര്‍ദ പാരമ്പര്യമുള്ളതുകൊണ്ടാണ് തന്റെ കഥകളില്‍ മുസ്‌ലിം ഹൈന്ദവ പാരമ്പര്യത്തിന്റെ മാതൃകകള്‍ കാണുന്നത്. സാമൂഹിക ബന്ധങ്ങളില്‍ പിന്നീട് വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും താനുമായി ബന്ധപ്പെട്ടവരില്‍ നിന്നും ഒരിക്കലും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എം ടി പറഞ്ഞു.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ വന്ന പ്രധാന മാറ്റം വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യമാണ്. രാഷ്ട്രീയം നമുക്കിടയില്‍ സജീവമായതും മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ രാഷ്ട്രീയാധികാരം പ്രധാനമാണെന്ന് വിശ്വസിക്കുന്ന സംഘടനകള്‍ രൂപം കൊണ്ടതുമാണ് സാമൂഹിക സൗഹാര്‍ദത്തില്‍ വിള്ളലുകള്‍ ഉണ്ടാവാന്‍ പ്രധാന കാരണമെന്നും എം ടി നിരീക്ഷിക്കുന്നു. ലുഖ്മാന്‍ കരുവാരക്കുണ്ട് നടത്തിയ അഭിമുഖത്തില്‍ വിവിധ വിഷയങ്ങളില്‍ എം ടി ദീര്‍ഘമായി സംസാരിക്കുന്നുണ്ട്.

Latest