Connect with us

National

പീഡനം: ഹൈക്കോടതി ജഡ്ജിയെ ചുമതലകളില്‍ നിന്ന് സുപ്രീം കോടതി നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി: സ്ത്രീ പീഡനത്തില്‍ കുറ്റാരോപിതനായ മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയെ നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. മുന്‍ വനിതാ അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. ജഡ്ജിയെ എല്ലാ ഭരണ- മേല്‍നോട്ട ചുമതലകളില്‍ നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
വനിതാ ജഡ്ജിയുടെ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് രണ്ടംഗ ജഡ്ജിമാരുടെ സമിതിയെ നിയോഗിച്ചതിലൂടെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധികാര പരിധി മറികടന്നുവെന്നും ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ജഡ്ജിമാരുടെ സമിതിയെ നിയോഗിക്കേണ്ടിയിരുന്നതെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി. രണ്ടാം ഘട്ട അന്വേഷണ നടപടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ് തുടങ്ങേണ്ടത്. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് ആരോപണവിധേയനായ ജഡ്ജി എല്ലാ ചുമതലകളില്‍ നിന്നും മാറിനില്‍ക്കേണ്ടത് അനിവാര്യമാണ്. ചീഫ് ജസ്റ്റിസ് രണ്ടാം ഘട്ട അന്വേഷണം നടത്തിയേക്കും. അല്ലെങ്കില്‍ ഏതെങ്കിലും ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ചുമതലപ്പെടുത്തും.
കേസിന്റെ വിചാരണാ നടപടികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമങ്ങളെ വിലക്കിയിരുന്നുത്. എന്നാല്‍ ഇപ്പോള്‍ വിലക്ക് നീക്കി. ജുഡീഷ്യല്‍ സമിതിയെ സംവിധാനിച്ച മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കഴിഞ്ഞ ആഗസ്റ്റ് എട്ടിലെ വിധി ആ മാസം 29ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ജഡ്ജിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച് ഗ്വാളിയോറിലെ ജഡ്ജി രാജിവെച്ചിരുന്നു. ജുഡീഷ്യല്‍ സമിതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.