Connect with us

Kerala

സംസ്ഥാനത്തും കൂട്ട മതപരിവര്‍ത്തനം

Published

|

Last Updated

തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ കൂട്ട മതപരിവര്‍ത്തനം. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ പാര്‍ലിമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തവേയാണ് ആലപ്പുഴയിലും കൊല്ലത്തും കൂട്ടത്തോടെ കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് മതം മാറ്റിയത്. കൂടുതല്‍ പേരെ മതം മാറ്റുവാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് വി എച്ച് പി നേതൃത്വം വ്യക്തമാക്കി. ആലപ്പുഴ ചേപ്പാടും കൊല്ലത്ത് അഞ്ചലുമാണ് ക്രിസ്തുമത വിശ്വാസികളെ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. വി എച്ച് പിയുടെ “ഘര്‍ വാപസി” പരിപാടിയുടെ ഭാഗമായാണ് മതം മാറ്റം. വിശ്വഹിന്ദു പരിഷത്തിന്റെ ചെങ്ങന്നൂര്‍ ജില്ലാ നേതൃത്വമാണ് ആലപ്പുഴയില്‍ ഘര്‍ വാപസിക്ക് നേതൃത്വം നല്‍കിയത്. ഹരിപ്പാടിന് സമീപം കണിച്ചനല്ലൂര്‍ ഗ്രാമത്തിലെ ക്രൈസ്തവ വിശ്വാസികളായ എട്ട് കുടുംബങ്ങളില്‍ നിന്നായി മുപ്പത് പേരെയും അഞ്ചലില്‍ പെന്തക്കോസ്ത് വിശ്വാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെയുമാണ് മതം മാറ്റിയത്. അതേസമയം, മതപരിവര്‍ത്തന വിഷയത്തെ ഭരണഘടനാപരമായി സമീപിക്കുമെന്നും സംഭവത്തെക്കുറിച്ച് എ ഡി ജി പി അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഉത്തരേന്ത്യയില്‍ ഏറെ വിവാദം സൃഷ്ടിച്ച ഘര്‍ വാപസി (വീട്ടിലേക്ക് മടങ്ങിവരുക) മാതൃകയിലാണ് ആലപ്പുഴയിലും അഞ്ചലിലും നടന്ന മതം മാറ്റം. ഇന്നലെ രാവിലെ അഞ്ചിന് തുടങ്ങി നാല് മണിക്കൂറോളം നീണ്ട ചടങ്ങിലാണ് ആലപ്പുഴയില്‍ നേരത്തെ ക്രിസ്തുമതത്തിലേക്ക് മടങ്ങിയവരെ മതം മാറ്റി ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്നത്. ഹരിപ്പാട് ഏവൂര്‍ പഞ്ചവടി മുക്കിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് നിലവിളക്ക്, പുതുവസ്ത്രം, ഹൈന്ദവ ഗ്രന്ഥങ്ങള്‍ എന്നിവ വിതരണം ചെയ്തു. ഹിന്ദുമതാചാര്യന്മാരാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രതാപ് ജി പടിക്കല്‍, ബജ്‌രംഗ്ദള്‍ ജില്ലാ സംയോജക് ജയചന്ദ്രന്‍, വി എച്ച് പി ഹെല്‍പ്പ് ലൈന്‍ സംസ്ഥാന സംയോജക് അനീഷ് ജി എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നും ഘര്‍ വാപസി സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതൃത്വം അറിയിച്ചു.
ഗുജറാത്തില്‍ ഗോത്ര വിഭാഗത്തില്‍പെട്ട നൂറിലധികം ക്രൈസ്തവരെ വി എച്ച് പി ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്ന വാര്‍ത്തകള്‍ക്കിടെയാണ് കേരളത്തിലും മതപരിവര്‍ത്തന ചടങ്ങുകള്‍ സംഘടിപ്പിച്ചത്. നിര്‍ബന്ധിച്ച് മതംമാറ്റിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ ഹിന്ദു മതം സ്വീകരിച്ചതെന്നുമാണ് വി എച്ച് പി നിലപാട്.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കൂട്ട മതപരിവര്‍ത്തനം നടന്നതോടെയാണ് വിഷയം ദേശീയ ശ്രദ്ധയില്‍ വന്നത്. തുടര്‍ന്ന് വിഷയം പ്രതിപക്ഷം പാര്‍ലിമെന്റില്‍ ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി ജെ പി എതിരാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest