Connect with us

Kerala

മതപരിവര്‍ത്തന മേളകള്‍ക്ക് പിന്നില്‍ ഗൂഢ ലക്ഷ്യം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: മത പരിവര്‍ത്തനത്തിനെതിരെ പൊതു ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന മേളകളെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആഗോള മുസ്‌ലിം സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്ന് ഇതുവരെയും ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ മത പരിവര്‍ത്തന മേളകള്‍ സംഘടിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇതില്‍ വൈരുദ്ധ്യം തോന്നാമെങ്കിലും മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തന്നെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം.
നിര്‍ബന്ധിച്ച് മതത്തിലേക്ക് അളുകളെ ചേര്‍ക്കേണ്ട ആവശ്യം ഇസ്‌ലാമിനില്ല. ഏതെങ്കിലും വിധത്തിലുള്ള ബലമോ പ്രലോഭനമോ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പരിവര്‍ത്തനം ഇസ്‌ലാമില്‍ സ്വീകാര്യവുമല്ല. അങ്ങനെ മതത്തില്‍ എത്തുന്നയാളെ വിശ്വാസിയായി പരിഗണിക്കേണ്ടതില്ല എന്നാണ് ഇസ്‌ലാമിന്റെ നിലപാട്. മതത്തിലേക്ക് നിര്‍ബന്ധിപ്പിച്ച് ആളെ ചേര്‍ത്തു എണ്ണം വര്‍ധിപ്പിക്കുന്നതിനു പകരം വിശ്വാസികളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികളെ കൈക്കൊള്ളുന്നതിനു എല്ലാ മത നേതൃത്വങ്ങളും തയ്യാറാകണം. ഗുണനിലവാരമുള്ള അത്തരം വിശ്വസികള്‍ക്കേ മതത്തോടും രാജ്യത്തോടും കടപ്പാടും ഉത്തരവാദിത്വവും ഉണ്ടാവുകയുള്ളു. മത നേതൃത്വത്തില്‍ പണ്ഡിതന്മാരും ആത്മീയചാര്യന്മാരും മാറി പകരം രാഷ്ട്രീയ നേതാക്കള്‍ എത്തിയതിന്റെ പരിണിത ഫലമാണ് ഇത്തരം നിര്‍ബന്ധിത മത പരിവര്‍ത്തന മേളകള്‍. മനുഷ്യരെ പരസ്പരം ശത്രുതയോടും വേര്‍തിരിച്ചും കാണാനുള്ള പഴുതുകള്‍ ചരിത്രത്തില്‍ അന്വേഷിക്കുന്നവര്‍ രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. മനുഷ്യസമൂഹത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള സ്രോതസ്സാണ് ചരിത്രം. ചരിത്രത്തെ ദുര്‍ബലമാക്കുക എന്നാല്‍ ഭാവിയെ ദുര്‍ബലപ്പെടുത്തുന്നു എന്ന് കൂടിയാണ് അര്‍ത്ഥം. ചരിത്രത്തെ ഉപയോഗിച്ച് ഭൂതകാലത്തെ സമ്പന്നമാക്കാനുമുള്ള ശ്രമങ്ങളാണ് ലോകത്താകമാനം നടക്കുന്നത്.

മതങ്ങളല്ല, മതത്തിന്റെ പേരില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ് ഈ അതിക്രമികള്‍. ഈ ലക്ഷ്യം നേടുന്നതിന് മതത്തിനകത്തും മതങ്ങള്‍ക്കിടയിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ഇക്കൂട്ടര്‍. തീവ്രവാദവും ഭീകരവാദവുമാണ് ജിഹാദ് എന്ന് തെറ്റിദ്ധരിച്ചവരാണിവര്‍. സ്വന്തം ശരീരത്തെയും മനസ്സിനെയും നന്നാക്കിയെടുക്കലാണ് വിശ്വാസിയുടെ ഏറ്റവും വലിയ ജിഹാദ്. അങ്ങനെ സ്വയം നന്നാവാനും മറ്റുള്ളവരുടെ അവകാശങ്ങളെ വകവെച്ചുകൊടുക്കാനുമുള്ള പരിശ്രമമാണ് ജിഹാദ് എന്ന് ഇവര്‍ മനസ്സിലാക്കണം.
മുനുഷ്യ സമൂഹത്തിന് സമാധാനവും സുരക്ഷിതത്വവും സന്തോഷവും നല്‍കാന്‍ വേണ്ടിയാണ് ഇസ്‌ലാം അവതരിച്ചത് എന്ന കാര്യം വിശ്വാസികള്‍ മറക്കരുത്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ യുദ്ധ പ്രഖ്യാപനം നടത്താന്‍ ആര്‍ക്കും അവകാശില്ല.
മുസ്‌ലിംകള്‍ ന്യൂനപക്ഷമായ മ്യാന്‍മാര്‍, ശ്രീലങ്ക, കിഴക്കന്‍ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മുസ്‌ലിംകളെ വംശീയമയി ഉന്മൂലം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ലോകതലത്തില്‍ പൊതുജന അഭിപ്രായം ഉയര്‍ന്നുവരണം. മനുഷ്യത്വത്തിനെതിരെയുള്ള ഇത്തരം കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാനാവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളാന്‍ അന്താരാഷ്ട്ര സമാധാന ഏജന്‍സികള്‍ തയ്യാറാകണം.
മറ്റു അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷാകാര്യത്തില്‍ താത്പര്യം പ്രകടപ്പിക്കാറുള്ള ഇന്ത്യക്ക് ശ്രീലങ്കയിലേയും, മ്യാന്‍മറിലേയും മുസ്‌ലിം പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയും. അതിനു സര്‍ക്കാര്‍ തയ്യാറാകണം.
പൗരാണിക മുസ്‌ലിം നഗരങ്ങളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന അതിക്രമങ്ങള്‍ വേദനാജനകമാണ്. മുസ്‌ലിം ചരിത്ര കേന്ദ്രങ്ങളും പൗരാണിക കേന്ദ്രങ്ങളും സംരക്ഷിക്കാന്‍ ആഗോള തലത്തില്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാവണം.
പൂര്‍ണമായും മദ്യം നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പുറകോട്ടു പോവില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കാന്തപുരം സ്വാഗതം ചെയ്തു. പ്രായോഗികതയുടെ പേരില്‍ മദ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തുന്നവര്‍ മദ്യപാനം മൂലം നിത്യജീവിതത്തില്‍ ഉണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ കൂടി മുഖവിലക്കെടുക്കണം-അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. വേള്‍ഡ് മുസ്‌ലിം ലീഗ് ഉപദേഷ്ടാവ് ശൈഖ് ഹാഷിം മുഹമ്മദ് അല്‍ മഹ്ദി (മക്ക), ഉസ്ബക്കിസ്ഥാന്‍ ഗ്രാന്റ് മുഫ്തി മുഹമ്മദ് യൂസുഫ് മുഹമ്മദ് സ്വാദിഖ്, ഒമാന്‍ ഫത്‌വ ബോര്‍ഡ് സെക്രട്ടറി ശൈഖ് അഫ്‌ലഹ് അല്‍ ഖലീലി, ജിദ്ദ അസീസിയ മേയര്‍ ശൈഖ് ഉസ്മാന്‍ ബിന്‍ യഹ്‌യ അല്‍ ശഹ്‌രി, സഊദി രാജകുടുംബത്തിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുള്ള അല്‍ ഉബൈദി അല്‍ ഖുസാലി, ബാഗ്ദാദ് ഇമാം ശൈഖ് അനസ് മുഹമ്മദ് ഖലഫ്, സഊദി അഡ്മിനിസ്റ്റ്രേഷന്‍ ജഡ്ജ് ശൈഖ് അബ്ദു റഹ്മാന്‍ അബ്ദുള്ള അല്‍ ലുഹൈദാന്‍, മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി അക്കാദമിക് അഫേഴ്‌സ് ഡയറക്ടര്‍ ഡോ. അഹമദ് ബസ്വരി ബിന്‍ ഇബ്രാഹീം, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹീം, കര്‍ണ്ണാടക സംസ്ഥാന എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കക്കിഞ്ച, റോസ്‌നാമ രാഷ്ട്രീയ സഹാറ ഗ്രൂപ്പ് എഡിറ്റര്‍ സയ്യിദ് ഫൈസല്‍ അലി ശിഹാബ്, മന്‍സൂര്‍ അലി ഹാജി ചെന്നൈ പ്രസംഗിച്ചു.
മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സ്വാഗതവും ബി പി സിദ്ദീഖ് ഹാജി നന്ദിയും പറഞ്ഞു.