Connect with us

Ongoing News

ദേശീയതലത്തില്‍ മര്‍കസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയം

Published

|

Last Updated

മര്‍കസ് നഗര്‍: മുസ്‌ലിം മുന്നേറ്റത്തിന്റെ ചരിത്രനിമിഷങ്ങള്‍ ഓര്‍മകളായി അടയാളപ്പെടുത്തിയ രാജ്യത്തെ മഹാനഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലെ ഗല്ലികളിലും പാര്‍ശ്വവത്കരിക്കപ്പെട്ടു കഴിയുന്ന സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി മര്‍കസ് നടത്തിയ സേവനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. ഇന്നലെകളില്‍ രാജ്യത്തിന്റെ ഇന്ദ്രപ്രസ്ഥം വാണിരുന്നവരുടെ പിന്‍മുറക്കാര്‍ ഇന്ന് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ അരികുവത്കരിക്കപ്പെടുന്നതിന്റെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് കേരളത്തിന്റെ അതിര്‍ത്തി കടന്ന് മര്‍കസിന്റെ സേവനങ്ങള്‍ കാശ്മീര്‍ താഴ്‌വര വരെയെത്തിയത്. വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി മര്‍കസ് നടത്തിയ സേവനങ്ങളുടെ എണ്ണമറ്റ പ്രവര്‍ത്തനങ്ങളാണ് മര്‍കസ് സമ്മേളനത്തിലെ ചാരിറ്റി സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തെ മുസ്‌ലിംകളെ ഒരു ചരടില്‍ കോര്‍ത്തുകെട്ടാന്‍ മര്‍കസിനും അതുവഴി ഇന്ത്യയിലെ മുസ്‌ലിം മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളിയാവാന്‍ കാന്തപുരത്തിനും കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് രാജ്യവ്യാപകമായി നടക്കുന്ന മര്‍കസിന്റെ സേവനപ്രവര്‍ത്തനങ്ങള്‍.

മര്‍കസിന്റെ പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവും വൈപുല്യവും ബോധ്യപ്പെടുത്തുന്നതായിരുന്നു കാശ്മീര്‍ വരെയുള്ള പ്രദേശങ്ങളില്‍ മര്‍കസിന്റെ സേവനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വിവരണങ്ങള്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന മുര്‍ശിദാബാദ് ജില്ലയിലെ ഇസ്‌ലാംപൂര്‍, ജലങ്കി ഗ്രാമങ്ങളിലെ സാധാരണ മുസ്‌ലിം കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ മര്‍കസ് വഹിച്ച പങ്ക് സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടു. മഹാനഗരമായ കൊല്‍ക്കത്തയുടെ പിന്നാമ്പുറത്തെ ഗല്ലികളില്‍ സമുദായത്തിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മര്‍കസ് തന്നെയാണ് മുന്നിലെന്ന് സെമിനാര്‍ ബോധ്യപ്പെടുത്തി. ഒറീസയിലെ കട്ടക്കില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ പര്യാപ്തമാക്കിയ സേവനപ്രവര്‍ത്തനങ്ങളും മര്‍കസ് സാരഥികള്‍ അവതരിപ്പിച്ചു.
ഇന്നലെകളിലെ മുസ്‌ലിം പ്രതാപത്തിന്റെ ഏടുകള്‍ മായാതെ കിടക്കുന്ന അസമിലെ മഖ്ദൂം ശാഹ് മന്ദിരപരിസരത്തെ മര്‍കസിന്റെ ഇടപെടലുകളും ചരിത്രത്തില്‍ ഇടംനേടിക്കഴിഞ്ഞു.
കാശ്മീര്‍ താഴ്‌വരകളില്‍ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് തണുത്തുറഞ്ഞു കഴിഞ്ഞിരുന്ന പിഞ്ചോമനകളില്‍ സുരക്ഷിതബോധം നല്‍കി അവരുടെ ചുണ്ടുകളില്‍ പുഞ്ചിരിവിരിയിച്ച മര്‍കസിന്റെ ഇന്ദ്രജാലം സദസ്സ് ഹൃദയത്തിലേറ്റുവാങ്ങി. നൂറ്റാണ്ടുകള്‍ ഇന്ദ്രപ്രസ്ഥം ഭരിച്ച ഭരണകൂടങ്ങളുടെ അടയാളങ്ങള്‍ പേറുന്ന ഡല്‍ഹിയുടെ ഇടവഴികളില്‍ കൈപിടിച്ചും കനിവ് നല്‍കിയും മര്‍കസ് പടര്‍ന്നു പന്തലിച്ചത് സന്തോഷത്തോടെയാണ് സദസ്സ് കേട്ടത്.
ബീഹാറിലും യു പിയിലും ഗുജറാത്തിലും മര്‍കസിന്റെ സേവനങ്ങള്‍ ചാരിറ്റി സെമിനാറില്‍ വിശദീകരിക്കപ്പെട്ടു. എല്ലാം കൊണ്ടും പിന്നാമ്പുറത്തേക്ക് മാറ്റപ്പെട്ട സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മര്‍കസ് നടത്തികൊണ്ടിരിക്കുന്നത്. ചാരിറ്റി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രമുഖര്‍ സംബന്ധിച്ചു.