Connect with us

National

നേതാജി മരിച്ചത് സോവിയറ്റ് ജയിലറയിലെന്ന് പുതിയ വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനാപകടത്തിലല്ലെന്ന് രഹസ്യ രേഖകള്‍. സൈബീരിയയിലെ സോവിയറ്റ് തടവറയിലാണ് നേതാവി മരിച്ചതെന്ന രേഖകളാണ് പുറത്തവന്നത്. ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലായ യുകുത്സ്‌കില്‍ വച്ചാണ് നേതാജ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകളില്‍ പറയുന്നു.
തായ് വാനില്‍ വച്ച് 1945 ഓഗസ്റ്റ് 18ന് വിമാനാപകടത്തില്‍ നേതാജി മരിച്ചെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. സ്വാതന്ത്ര്യാനന്തരം കേന്ദ്ര സര്‍ക്കാര്‍ 1956ല്‍ ഷാനവാസ് കമ്മിറ്റിയേയും 1970ല്‍ ജി ഡി കോസാല ഏകാംഗ കമീഷനേയും നേതാജിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചു. രണ്ട് റിപ്പോര്‍ട്ടുകളും മരണം വിമാനാപകടത്തിലാണെന്ന നിഗമനം ശരിവയ്ക്കുകയായിരുന്നു. ഇതില്‍ കോസാല കമീഷന് മുന്നില്‍ കോണ്‍ഗ്രസ് എംപിയും നയതന്ത്രജ്ഞനുമായിരുന്ന സത്യനാരായണന്‍ സിന്‍ഹ നല്‍കിയ മൊഴിയിലാണ് സോവിയറ്റ് ജയിലില്‍ നേതാജി ഉണ്ടായിരുന്നെന്ന പരാമര്‍ശങ്ങള്‍ ഉള്ളത്. 45ാം നമ്പര്‍ സെല്ലിലായിരുന്നു നേതാജി താമസിച്ചിരുന്നത്. സോവിയറ്റ് രഹസ്യ പൊലീസായ എന്‍കെവിഡിയിലെ ഏജന്റായിരുന്ന കോസ്ലോവാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സിന്‍ഹ മൊഴി നല്‍കി. എന്നാല്‍ കമീഷന്‍ ഈ വാദം തള്ളുകയായിരുന്നു.
പിന്നീട് 1999ല്‍ നേതാജിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട മുഖര്‍ജി കമീഷന്‍ ആദ്യത്തെ രണ്ട് റിപ്പോര്‍ട്ടുകളും തള്ളിയെങ്കിലും നേതാജിക്ക് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയില്ല. സിന്‍ഹയുടെ വാദങ്ങളെ മറ്റു രണ്ട് കമീഷനുകളും മുഖവിലയ്‌ക്കെടുക്കാതിരുന്നതില്‍ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സുഭാഷ് ചന്ദ്ര ബോസിന് 1992ല്‍ മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കിയത് സര്‍ക്കാരിന് തിരിച്ചെടുക്കേണ്ടിവന്നിരുന്നു. അദ്ദേഹം മരിച്ചെന്ന് തെളിയിക്കാന്‍ സര്‍ക്കാറിന് കഴിയാതിരുന്നതാണ് കാരണം. നേതാജി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തമിഴ്‌നാട് ഹൈക്കോടതിയുടെ മധുരബെഞ്ചില്‍ സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടിരുന്നു. പശ്ചിമബംഗാളിലെ ചൗമാരി ആശ്രമത്തില്‍ അദ്ദേഹം സന്യാസിയായി ഇപ്പോഴും കഴിയുന്നുണ്ടെന്ന് കാണിച്ച് തമിഴ്‌നാട് ഭാരതീയ സുഭാഷ് സേന ഓര്‍ഗനൈസര്‍ എ അഴക് മീനയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന്റെ ദുരൂഹതകള്‍ ഇപ്പോഴും തെളിയിക്കാനായിട്ടില്ലെന്ന് ചരുക്കം.

Latest