Connect with us

National

കാശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല;ജാര്‍ഖണ്ഡില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ജാര്‍ഖണ്ഡില്‍ ബിജെപിക്ക് മേല്‍ക്കൈ.ആരേയും കേവല ഭൂരിപക്ഷത്തിലെത്തിക്കാന്‍ തയ്യാറാകാതെ ജമ്മുകാശ്മീര്‍ ജനത വിധിയെഴുതി.

ജമ്മു കാശ്മീരില്‍ തൂക്കുസഭ. പ്രധാന പ്രതിപക്ഷമായ പി ഡി പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബി ജെ പി രണ്ടാമത്തെ വലിയ കക്ഷിയായി. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പില്‍, 87 അംഗ നിയമസഭയില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 25 സീറ്റ് നേടിയാണ് ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയത്. ജമ്മു മേഖലയിലാണ് ബി ജെ പിക്ക് ലഭിച്ച മുഴുവന്‍ സീറ്റുകളും. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനല്‍ കോണ്‍ഫറന്‍സ് പതിനഞ്ച് സീറ്റ് നേടി മൂന്നാം സ്ഥാനത്തെത്തി. പന്ത്രണ്ട് സീറ്റുകള്‍ നേടാനേ കോണ്‍ഗ്രസിന് സാധിച്ചുള്ളൂ. കഴിഞ്ഞ തവണ പതിനേഴ് സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു.

സജ്ജാദ് ലോണിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് കോണ്‍ഫറന്‍സിന് രണ്ടിടങ്ങളില്‍ വിജയിക്കാനായി. കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് സി പി എമ്മിന്റെ മുതിര്‍ന്ന നേതാവ് യൂസുഫ് താരിഗാമി വീണ്ടും വിജയിച്ചു. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച ഉമര്‍ അബ്ദുല്ല സോന്‍വാര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. ജമ്മു കാശ്മീരില്‍ മിഷന്‍ 44+ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ബി ജെ പിക്ക് കാശ്മീര്‍ താഴ്‌വരയില്‍ കാര്യമായ മുന്നേറ്റം കാഴ്ചവെക്കാനായില്ല. കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് രണ്ട് ശതമാനം വോട്ട് മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് നേടാന്‍ ബി ജെ പിക്ക് സാധിച്ചു. 2008ല്‍ പതിനൊന്ന് സീറ്റാണ് ബി ജെ പിക്കുണ്ടായിരുന്നത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. പി ഡി പി- ബി ജെ പി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ബി ജെ പിയുമായുള്ള സഖ്യ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പി ഡി പി വക്താവ് സാമിര്‍ കൗള്‍ പറഞ്ഞു. പി ഡി പിക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് പി ഡി പിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. വ്യക്തമായ ജനവിധിയല്ല ഉണ്ടായിട്ടുള്ളതെന്നും പാര്‍ട്ടി യോഗം ചേര്‍ന്ന ശേഷം സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. ഏത് സാധ്യതയും ആരായുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണ സ്വീകരിച്ച് പി ഡി പി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടിയാണ് ബി ജെ പി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആറ് തവണയാണ് മോദി ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ചത്. ജമ്മു മേഖലയില്‍ നിന്ന് ആറ് സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍, നാഷനല്‍ കോണ്‍ഫറന്‍സിനും പി ഡി പിക്കും രണ്ട് സീറ്റുകള്‍ വീതമാണ് ജമ്മുവില്‍ നിന്ന് ലഭിച്ചത്. കാശ്മീര്‍ താഴ്‌വരയില്‍ നിന്നാണ് പി ഡി പിക്ക് ഭൂരിഭാഗം സീറ്റുകളും നേടാനായത്.
വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വിഘടനവാദികളും തീവ്രവാദികളും ശക്തമായി രംഗത്തെത്തിയിരുന്നുവെങ്കിലും ശക്തമായ പോളിംഗാണ് ഇത്തവണ ജമ്മു കാശ്മീരില്‍ രേഖപ്പെടുത്തിയിരുന്നത്. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഝാര്‍ഖണ്ഡില്‍ ബി ജെ പി നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക്. സംസ്ഥാനത്ത് ബി ജെ പി വന്‍ മുന്നേറ്റം കാഴ്ചവെക്കുമെന്ന എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ അപ്രസക്തമാക്കിയാണ് ജനവിധി ഉണ്ടായത്. എങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ബി ജെ പിക്ക് സാധിച്ചു. 81 അംഗ നിയമസഭയില്‍ 38 സീറ്റ് നേടിയാണ് ബി ജെ പി വിജയം കണ്ടത്. സഖ്യകക്ഷിയായ ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയന്‍ (എ ജെ എസ് യു) നാല് സീറ്റ് നേടി. അധികാരത്തിലെത്താന്‍ സാധിക്കുമെങ്കിലും മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട അര്‍ജുന്‍ മുണ്ടെ പരാജയപ്പെട്ടത് ബി ജെ പിക്ക് ക്ഷീണമായി. ഇതിന് മുമ്പ് മൂന്ന് തവണ മുണ്ടെ മുഖ്യമന്ത്രിയായിട്ടുണ്ട്.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് (ജെ എം എം) ഭരണവിരുദ്ധ വികാരം കാര്യമായി നേരിടേണ്ടി വന്നിട്ടില്ല. പത്തൊമ്പത് സീറ്റ് ജെ എം എം നേടി. കോണ്‍ഗ്രസ്- ആര്‍ ജെ ഡി സഖ്യത്തിന് ഏഴ് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബി ജെ പി നേട്ടമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ്, ജെ വി എം- പി, ആര്‍ ജെ ഡി എന്നീ കക്ഷികള്‍ക്കാണ് നഷ്ടം സംഭവിച്ചത്. ഗോത്ര മേഖലയായ സന്താള്‍ പര്‍ഗാന മേഖലയില്‍ ബി ജെ പിക്ക് നില മെച്ചപ്പെടുത്താനായിട്ടുണ്ട്. പതിനെട്ട് മണ്ഡലങ്ങളുള്ള മേഖലയില്‍ നിന്ന് ഏഴ് സീറ്റുകളാണ് ബി ജെ പി നേടിയത്.
സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെ വി എം) പ്രസിഡന്റുമായ ബാബുലാല്‍ മറാന്‍ഡിയും ജയ് ഭാരത് സാമന്ത പാര്‍ട്ടി രൂപവത്കരിച്ച് ജനവിധി തേടിയ മുന്‍ മുഖ്യമന്ത്രി മധു കോഡയും പരാജയപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും അര്‍ജുന്‍ മുണ്ടെയുടെ പരാജയത്തോടെ മുഖ്യമന്ത്രിയാരാകുമെന്ന കാര്യം അനിശ്ചിതത്വത്തിലായി. മുന്‍ ഉപ മുഖ്യമന്ത്രിയും ബി ജെ പി ദേശീയ വൈസ് പ്രസിഡന്റുമായ രഘുഭര്‍ ദാസിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

Latest