Connect with us

Kerala

കൃഷ്ണപിള്ള സ്മാരകം: പാര്‍ട്ടി നടപടിക്കെതിരെ വി എസ്

Published

|

Last Updated

ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി നടപടിയെ വീണ്ടും ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പ്രതികളാക്കപ്പെട്ട സി പി എം പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കിയത് പോലീസ് പറഞ്ഞതിന്റെ പേരിലായിപ്പോയെന്ന് വി എസ് പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളന സ്വാഗതസംഘം യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ പി സി സി പ്രസിഡന്റായിരുന്നപ്പോഴും ആഭ്യന്തര മന്ത്രിയായപ്പോഴും രമേശ് ചെന്നിത്തല തന്നെയാണ് സ്മാരകം തകര്‍ത്ത കേസിലെ പ്രതികള്‍ സി പി എമ്മുകാരാണെന്ന് പറഞ്ഞത്. സി പി എമ്മുകാര്‍ സ്വന്തം തന്തയെയും തള്ളയെയും തല്ലുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചെന്നിത്തല ഇതിലൂടെ ശ്രമിക്കുന്നത്. സ്മാരകം തകര്‍ത്തത് കോണ്‍ഗ്രസ് ഗുണ്ടാ ഗ്രൂപ്പുകളാണെന്ന് വി എസ് ആവര്‍ത്തിച്ചു. ഇ കെ നായനാരും എ വി കുഞ്ഞമ്പുവുമുള്‍പ്പെടെ നിരവധി നേതാക്കള്‍ ദീര്‍ഘകാലം ഒളിവില്‍ താമസിക്കുകയും അവര്‍ക്കാവശ്യമായ സംരക്ഷണവലയം തീര്‍ക്കുകയും ചെയ്ത പാരമ്പര്യമാണ് ആലപ്പുഴയിലെ സഖാക്കള്‍ക്കുള്ളത്. ഒളിവില്‍ കഴിഞ്ഞിരുന്ന കൃഷ്ണപിള്ള പാമ്പുകടിയേറ്റാണ് മരിച്ചത്. ഒറ്റുകൊടുക്കുന്ന പാരമ്പര്യം കമ്യൂണിസ്റ്റുകാര്‍ക്കില്ലെന്നും വി എസ് പറഞ്ഞു.
സ്മാരകം തകര്‍ത്ത കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ബാധ്യതയുണ്ടെന്ന് വി എസ് പറഞ്ഞു. വിഭാഗീയതയുടെ പേരിലാണ് തങ്ങള്‍ പ്രതികളാക്കപ്പെട്ടതെന്ന് ലതീഷ് ചന്ദ്രനും മറ്റും പറഞ്ഞിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് വി എസ് പറഞ്ഞു.

Latest