Connect with us

National

സ്ഥാനാര്‍ഥിത്വം വേണോ, നൂറ് പേരെ പാര്‍ട്ടിയില്‍ ചേര്‍ക്കൂ

Published

|

Last Updated

ജയ്പൂര്‍: അടുത്ത മാസം പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍, ബി ജെ പി നേതാക്കള്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് പകരം പാര്‍ട്ടിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള തിരക്കിലാണ്. 100 അംഗങ്ങളെയെങ്കിലും ചേര്‍ക്കുന്നവര്‍ക്കേ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ടിക്കറ്റ് നല്‍കുകയുള്ളൂവെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണിത്.
ബി ജെ പിയുടെ ദേശീയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നൂറ് അംഗങ്ങളെ ചേര്‍ത്താക്കത്തവര്‍ക്ക് സീറ്റ് ലഭിക്കില്ലെന്ന് സംസ്ഥാന തലം മുതല്‍ ഡിവിഷന്‍ തലം വരെയുള്ള ഭാരവാഹികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. ഒരു കോടി പുതിയ അംഗങ്ങളെ ചേര്‍ക്കാനാണ് രാജസ്ഥാനിലെ ബി ജെ പി നേതൃത്വത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിന് ചുരുങ്ങിയത് നൂറ് പേരെയെങ്കിലും പ്രവര്‍ത്തകര്‍ പുതുതായി ചേര്‍ക്കണം. നിര്‍ദേശം ലഭിച്ചതിന് ശേഷം, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിക്കപ്പെടാതിരിക്കുന്നതിന് പല സ്ഥാനാര്‍ഥി താത്പര്യക്കാരും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുകയാണ്.
സാധാരണ തിരഞ്ഞെടുപ്പ് സമയത്ത് എം പി, എം എല്‍ എ, ആര്‍ എസ് എസ് ഭാരവാഹികള്‍ തുടങ്ങിയവരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സമ്മര്‍ദം ചെലുത്തിയിരുന്ന പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയിലേക്ക് ചേര്‍ക്കാന്‍ വോട്ടര്‍മാരുടെ കൈയും കാലും പിടിക്കുകയാണ്. ടിക്കറ്റിന് വേണ്ടി മുതിര്‍ന്ന നേതാക്കളെയോ ജനപ്രതിനിധികളെയോ സമീപിക്കുന്നവര്‍ക്ക്, “ആദ്യം 100 പേര്‍ ചേര്‍ക്കൂ, സ്ഥാനാര്‍ഥിത്വം പിന്നീട്” എന്ന മറുപടിയാണ് ലഭിക്കുക.
സംസ്ഥാനത്ത് 29 ജില്ലകളില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപവത്കരണം ബി ജെ പി പ്രഖ്യാപിച്ചിരുന്നു. പുതിയ ഭാരവാഹികളില്‍ പലരും പാര്‍ട്ടിയില്‍ സജീവമല്ല. 100 അംഗങ്ങളെ ചേര്‍ക്കാത്ത പുതിയ ഭാരവാഹികള്‍ രാജി വെക്കേണ്ടി വരുമെന്ന് സംസ്ഥാന പ്രസിഡന്റ് അശോക് പര്‍നാമി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനാല്‍ പ്രവര്‍ത്തകരും നേതാക്കളും പുതിയ അംഗങ്ങളെ തേടിയുള്ള പരക്കം പാച്ചിലിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒമ്പത് ലക്ഷം അംഗങ്ങളെ ചേര്‍ത്തതിന് അഭിനന്ദന ബോര്‍ഡ് പാര്‍ട്ടി ഓഫീസിന് മുമ്പില്‍ ഉയര്‍ന്നിട്ടുണ്ട്.

Latest