Connect with us

National

ഇംഫാലിലെ സ്‌കൂള്‍ കോമ്പൗണ്ടില്‍ മനുഷ്യരുടെ തലയോട്ടികള്‍

Published

|

Last Updated

ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നേരത്തേ സൈന്യം ഉപയോഗിച്ചിരുന്ന സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് മനുഷ്യരുടെ എട്ട് തലയോട്ടികള്‍ കണ്ടെത്തി. 1980കളില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തമായ ഘട്ടത്തില്‍ അര്‍ധസൈനിക വിഭാഗങ്ങ ള്‍ ക്യാമ്പായി ഉപയോഗിച്ച സ്‌കൂള്‍ കോംപ്ലക്‌സില്‍ കെട്ടിടം നിര്‍മാണത്തിനായി മണ്ണ് നീക്കിയപ്പോഴാണ് തലയോട്ടികളും അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. തോംബ്‌സാന ഹൈസ്‌കൂള്‍ കോംപ്ലക്‌സില്‍ നിന്ന് ഈ മാസം 26ന് ഒരു തലയോട്ടി കണ്ടെടുത്തതോടെ തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപ്രത്യക്ഷരായവരുടെ ബന്ധുക്കളുടെ സംഘടനയടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കോംപ്ലക്‌സിലെ പണി പൂര്‍ണമായി നിര്‍ത്തിവെക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. 1980- 1999 കാലത്തിനിടക്ക് നിരവധി പേര്‍ വ്യാജ ഏറ്റുമുട്ടകളിലൂടെ കൊല്ലപ്പെട്ടിട്ടുണ്ട്. സൈനികര്‍ പിടിച്ചുകൊണ്ടുപോയ ശേഷം കാണാതായ യുവാക്കളും നിരവധിയാണ്. ഇവരുടെ തലയോട്ടികളായിരിക്കാം ഇവയെന്നും കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനിടയുണ്ടെന്നും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഡി എന്‍ എ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മണിപ്പൂര്‍ സര്‍വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.