Connect with us

Kerala

തിരുകേശ ദര്‍ശനം: സ്‌നേഹ സാഗരം തീര്‍ത്ത് വിശ്വാസികള്‍

Published

|

Last Updated

തിരുകേശദര്‍ശന ചടങ്ങിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാരുടെ നേതൃത്വത്തില്‍ ശഅ്‌റ് മുബാറക് ആനയിച്ചുകൊണ്ട് വരുന്നു.

 

holly hair markaz 4

മര്‍കസില്‍ സംഘടിപ്പിച്ച തിരുകേശദര്‍ശനത്തിനെത്തിയ ജനസഞ്ചയം

കോഴിക്കോട്: തിരുകേശത്തിന്റെ പുണ്യം തേടി പണ്ഡിത കലാലയ മുറ്റത്ത് വിശ്വാസി സമൂഹത്തിന്റെ വന്‍പ്രവാഹം. തിരുകേശ ദര്‍ശനവും പുണ്യജല വിതരണവും നബികീര്‍ത്തന കാവ്യങ്ങളും പ്രാര്‍ഥനാ മന്ത്രങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ വിശ്വാസികള്‍ക്ക് പകര്‍ന്നത് ആത്മനിര്‍വൃതിയുടെ ഒരു ദിനം. തിരുനബിയുടെ ജനനംകൊണ്ട് അനുഗൃഹീതമായ റബീഉല്‍ അവ്വല്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച തിരുകേശം ദര്‍ശിക്കാനും പുണ്യം നേടാനുമായി എത്തിയ ജനസാഗരം കൊണ്ട് മര്‍കസും പരിസരവും നിറഞ്ഞു. പ്രവാചകപ്രേമികളെ ആവേശത്തിലാക്കി ബുര്‍ദ ആസ്വാദനവും പ്രവാചക പ്രകീര്‍ത്തനവും വേദിയില്‍ നിന്നുയര്‍ന്നുകൊണ്ടിരുന്നു. പാതിരാത്രിയില്‍ തന്നെ വിശ്വാസികളുടെ വന്‍നിര മര്‍കസ് നഗരിയില്‍ സ്ഥാനം പിടിക്കുകയുണ്ടായി.

സുബ്ഹി നിസ്‌കാരാനന്തരം മസ്ജിദ് ഹാമിലിയില്‍ നടന്ന മൗലിദ് പാരായണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.
സമസ്ത മുശാവറയുടെ പ്രഗത്ഭരായ ഉലമാക്കളും സാദാത്തീങ്ങളും ആയിരക്കണക്കിന് മുതഅല്ലിമുകളും മൗലിദ് പാരായണത്തില്‍ സംബന്ധിച്ചു. ഏഴ് മണിയോടെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം തുടങ്ങിയവര്‍ ചേര്‍ന്ന് തിരുകേശം സൂക്ഷിച്ച അനുഗൃഹീത പേടകം പ്രവാചക പ്രകീര്‍ത്തനങ്ങളുടെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് ആനയിച്ചു.
പ്രവാചക പ്രേമികള്‍ ആദരവോടെ പ്രകീര്‍ത്തന കാവ്യം ചൊല്ലി വരവേറ്റു. തുടര്‍ന്നു നടന്ന പരിപാടിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, എളങ്കൂര്‍ മുത്തുകോയ തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, അബ്ദുല്‍ഫത്താഹ് തങ്ങള്‍ അവേലം, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എം എ എച്ച് അസ്ഹരി, വി പി എം വില്ല്യാപള്ളി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഇ കെ മുഹമ്മദ് ദാരിമി, ലത്വീഫ് സഅദി പഴശ്ശി, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ആറ്റുപുറം അലി ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ ഏഴിന് തുടങ്ങിയ തിരുകേശ ദര്‍ശനം 3.30 വരെ തുടര്‍ന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഉദ്‌ബോധനത്തോടെയും പ്രാര്‍ഥനയോടെയുമാണ് പരിപാടികള്‍ സമാപിച്ചത്. തിരുകേശം നേരില്‍ കാണാന്‍ എത്തിയവര്‍ക്കായി വിപുലമായ സംവിധാനങ്ങളാണ് മര്‍കസില്‍ ഒരുക്കിയിരുന്നത്.

Latest