Connect with us

Kerala

കൊല്ലത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറു വിദ്യാര്‍ഥികള്‍ മരിച്ചു

Published

|

Last Updated

ചാത്തന്നൂര്‍ (കൊല്ലം): ദേശീയപാതയില്‍ കാരംകോട് ശീമാട്ടി ജംഗ്ഷന് സമീപം കാറും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ 2.10ന് ജെ എസ് എം ആശുപത്രിക്ക് മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. കൊല്ലം ടി കെ എം എന്‍ജിനീയറിംഗ് കോളജിലെ ആറാം സെമസ്റ്റര്‍ ബി ടെക് മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ വിഭാഗം വിദ്യാര്‍ഥികളാണ് ആറ് പേരും.
കോതമംഗലം തൃക്കരിയൂര്‍ കന്നിമൂലത്ത് ഹൗസില്‍ സുബ്രഹ്മണ്യന്റെ മകന്‍ അരുണ്‍ കെ സാബു (21), കൊല്ലം കിളികൊല്ലൂര്‍ പാല്‍ക്കുളങ്ങര ഈഴവ പാലത്തിന് സമീപം താഴത്തു വടക്കതില്‍ ജയപ്രകാശിന്റെയും അമ്പിളിയുടെയും മകന്‍ അജുപ്രകാശ് (21), കൊല്ലം കരിക്കോട് പഴയ ബസ്റ്റാന്‍ഡിന് സമീപം ഫര്‍ഹാത്ത് ഹൗസില്‍ അംജിത് കോയയുടെയും മുംതാസിന്റെയും മകന്‍ സയ്യിദ് ഇന്‍സമാം എ തങ്ങള്‍ (21), കൊല്ലം തിരുമുല്ലവാരം പുന്നത്തല നീതു നിവാസില്‍ മാത്യു അലക്‌സാണ്ടറിന്റെയും ലിസി മാത്യുവിന്റെയും മകന്‍ നിക്‌സണ്‍ എബി മാത്യു (21), പത്തനംതിട്ട കോഴഞ്ചേരി ഈസ്റ്റ് അയന്തില്‍ ഹൗസില്‍ ജാണ്‍ തോമസിന്റെയും വല്‍സമ്മ ജോണിന്റെയും മകന്‍ സിജോ ജോര്‍ജ് ജോണ്‍ (21), കൊല്ലം കടയ്ക്കല്‍ ആനപ്പാറ ഷാ മന്‍സിലില്‍ മുഹമ്മദ് ഷാഫിയുടെയും ബീനയുടെയും മകന്‍ ആദില്‍ഷാ (21) എന്നിവരാണ് മരിച്ചത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് നല്ലിലം പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ രാമറിന് (43) വലതുകൈക്ക് സാരമായി പരുക്കേറ്റു.
പുതുവര്‍ഷം ആഘോഷിക്കാനായി കൂട്ടുകാര്‍ നിക്‌സണ്‍ എബി മാത്യുവിന്റെ മാരുതി ആള്‍ട്ടോ കാറില്‍ വര്‍ക്കല ബീച്ചില്‍ പോയിരുന്നു. ആഘോഷം കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. പാരിപ്പള്ളി ഐ ഒ സി പ്ലാന്റിലേക്ക് പാചക വാതകവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ആറ് പേരും തത്ക്ഷണം മരിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മൃതദേഹങ്ങള്‍ കണ്ട് കുഴഞ്ഞ് വീണു.