Connect with us

Kerala

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വി എസിന് കടുത്ത വിമര്‍ശം

Published

|

Last Updated

 ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദം സി പി എം ജില്ലാ സമ്മേളന വേദിയെ പ്രക്ഷുബ്ധമാക്കി. സമ്മേളനം ഉദ്ഘാടനം ചെയ്ത വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി അച്ചടക്കത്തില്‍ ഒതുങ്ങി നിന്ന് പ്രസംഗിച്ചെങ്കിലും പ്രതിനിധി സമ്മേളനത്തില്‍ ഔദ്യോഗിക വിഭാഗം പ്രതിനിധികള്‍ വി എസിനെ രൂക്ഷമായി കടന്നാക്രമിച്ചു.
സമ്മേളനത്തിന് തൊട്ടുമുമ്പ് പോലും സ്മാരകം തകര്‍ച്ചയും ഇതില്‍ പ്രതികളാക്കപ്പെട്ടവര്‍ക്കെതിര പാര്‍ട്ടി സ്വീകരിച്ച നടപടിക്കെതിരെയും പരസ്യമായി രംഗത്തെത്തിയ വി എസിനെ സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതിയോട് ചുവട് പിടിച്ചായിരുന്നു ജില്ലാ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും സാന്നിധ്യത്തില്‍ പ്രതിനിധികള്‍ കടന്നാക്രമിച്ചത്. പി കൃഷ്ണപിളള സ്മാരക മന്ദിരം ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും അതിനേക്കള്‍ വിഷമത്തിലാക്കിയത് വി എസിന്റെ പ്രസ്താവനകളാണെന്നും ഔദ്യോഗിക വിഭാഗം പ്രതിനിധികള്‍ തുറന്നടിച്ചു. കേസിലെ പ്രതിയായ ലതീഷ് ബി ചന്ദ്രനെ രക്ഷിക്കാന്‍ വി എസ് പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് മാവേലിക്കരയില്‍ നിന്നും മറ്റുമുളള പ്രതിനിധികള്‍ തുറന്നടിച്ചു. പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകളില്‍ നിന്ന് വി എസ് പിന്തിരിയണം. സ്മാരകം ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഇതിനിടെ വി എസിനെതിരെ പ്രസ്താവന നടത്തിയ മുതിര്‍ന്ന നേതാവ് ടി കെ പളനിക്കെതിരെ മാരാരിക്കുളത്ത് നിന്നുളള പ്രതിനിധികള്‍ രൂക്ഷവിമര്‍ശം ഉയര്‍ത്തി. സ്മാരക ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ പളനിയുടെ നടപടിയെ വിമര്‍ശിച്ച പ്രതിനിധികള്‍ ഇതുമായി ബന്ധപ്പെട്ട് പളനി പരസ്യപ്രസ്താവന നടത്തിയത് ശരിയല്ലെന്ന് വിമര്‍ശിച്ചു. ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവിനെതിരെയും പ്രതിനിധികള്‍ തിരിഞ്ഞു. ജില്ലയില്‍ വിഭാഗീയത വളര്‍ത്തുന്നതില്‍ ജില്ലാ സെക്രട്ടറിക്ക് വലിയ പങ്കാണുളളതെന്ന് പലരും കുറ്റപ്പെടുത്തി. സ്വന്തം നാട്ടില്‍പ്പോലും സമ്മേളനങ്ങള്‍ കൃത്യമായി നടത്താന്‍ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ചര്‍ച്ച ഇന്നും തുടരും. അതിനിടെ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചരടുവലികളും ആരംഭിച്ചിട്ടുണ്ട്.