Connect with us

National

തീരുവ കൂട്ടി; ഇന്ധന വില കുറയില്ല

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോള്‍, ഡീസല്‍ തീരുവ ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്താന്‍ വേണ്ടിയാണ് തീരുവ കൂട്ടിയതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ന്യായീകരണം. ഇതോടെ അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന് അനുസരിച്ച് ഇന്ധനവില കുറയാനുള്ള സാധ്യത ഇല്ലാതായി.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ വീതം കുറയുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. തീരുവ വര്‍ധനയോടെ കേന്ദ്ര സര്‍ക്കാര്‍ ഈ ആശ്വാസം ഇല്ലാതാക്കുകയായിരുന്നു. അസംസ്‌കൃത എണ്ണക്ക് ബാരലിന് 53.53 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ വില. 159 ലിറ്ററാണ് ഒരു ബാരല്‍.
അതിനിടെ, സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. സബ്‌സിഡിയില്ലാത്ത സിലിന്‍ഡറിന് 43.50 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ പതിനഞ്ചിന് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ കുറച്ചിരുന്നു. ഡിസംബര്‍ ഒന്നിന് യഥാക്രമം 91ഉം 84ഉം പൈസ കുറച്ചിരുന്നു.
ഇത് തുടര്‍ച്ചയായ അഞ്ചാം തവണയാണ് സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുറയ്ക്കുന്നത്. പ്രതിവര്‍ഷം പന്ത്രണ്ട് സിലിന്‍ഡറുകളാണ് സബ്‌സിഡിയോടു കൂടി നല്‍കുന്നത്. ഇതിന് പുറമെ വര്‍ഷത്തില്‍ അധികമായി വാങ്ങുന്ന സിലിന്‍ഡറിനാണ് ഇപ്പോള്‍ വില കുറച്ചത്.
വിമാന ഇന്ധന വിലയിലും കുറവുണ്ടായിട്ടുണ്ട്. വിമാന ഇന്ധന വിലയില്‍ 12.5 ശതമാനമാണ് കുറവുണ്ടായത്. ഒരു കിലോ ലിറ്റര്‍ ഇന്ധനത്തിന് 7,520.52 രൂപയാണ് കുറഞ്ഞത്.