Connect with us

National

ആയുധങ്ങളുമായി ഇന്ത്യന്‍ തീരത്തെത്തിയ പാക് ബോട്ട് പൊട്ടിത്തെറിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ രീതിയില്‍ നടന്നേക്കാവുന്ന തീവ്രവാദി ആക്രമണം ഇന്ത്യന്‍ തീരദേശ സേന വിഫലമാക്കി. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നിറച്ച് ഇന്ത്യന്‍ തീരം ലക്ഷ്യമിട്ട് എത്തിയ പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് കടലില്‍ പൊട്ടിത്തെറിച്ചു. ബോട്ടിലുണ്ടായിരുന്ന നാല് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ പോര്‍ബന്തറിന് സമീപം ഇന്ത്യ- പാക് സമുദ്രാതിര്‍ത്തിയിലാണ് സ്‌ഫോടനമുണ്ടായത്.
കറാച്ചിക്ക് സമീപമുള്ള കേതിബന്ധറില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ വഹിച്ച് ബോട്ട് പുറപ്പെട്ടതായി ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരദേശ സേനയുടെ കപ്പലുകളും ഹെലിക്കോപ്റ്ററുകളും വ്യാപക പരിശോധന നടത്തിയത്. മണിക്കൂറുകളോളം നീണ്ടുനിന്ന പരിശോധനക്കിടയിലാണ് സംശയകരമായ നിലയില്‍ പോര്‍ബന്തറില്‍ നിന്ന് 365 കിലോമീറ്റര്‍ അകലെയായി ബോട്ട് കണ്ടെത്തിയത്. ബോട്ട് തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീരദേശ സേനയിലെ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ബോട്ട് മുന്നോട്ടു പോകുകയായിരുന്നു. ബോട്ടില്‍ നാല് പേരാണ് ഉണ്ടായിരുന്നതെന്ന് തീരദേശ സേന അധികൃതര്‍ അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെ ഉഗ്രശബ്ദത്തോടെ ബോട്ട് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് തീരദേശ സേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച പുലര്‍ച്ചെക്കുമിടയിലാണ് തീരദേശ സേന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയത്. കറാച്ചിക്ക് സമീപമുള്ള കേതിബന്ധറില്‍ നിന്ന് പുറപ്പെടുന്ന മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് അറബിക്കടലില്‍ ചില അനധികൃത ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് പുതുവത്സരത്തിന് തൊട്ടുമുമ്പ് രഹസ്യ വിവരം ലഭിച്ചത്. ഡിസംബര്‍ മുപ്പതിന് ബോട്ട് പുറപ്പെട്ടതായി ചാര സംഘടനയായ നാഷനല്‍ ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ ടി ആര്‍ ഒ) റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് ഡോര്‍നിയര്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് തീരദേശ സേന വ്യാപക തിരച്ചില്‍ നടത്തി. കപ്പലുകള്‍ ഉപയോഗിച്ചും തിരച്ചില്‍ വ്യാപിപ്പിച്ചു. നാല് കപ്പലുകളാണ് തിരച്ചിലിനായി ഉപയോഗിച്ചത്. അതീവ രഹസ്യമായി നടത്തിയ തിരച്ചിലിന്റെ വിവരങ്ങള്‍ നാവിക സേനയെ പോലും അറിയിച്ചിരുന്നില്ലെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പരിശോധനകള്‍ക്കായി ബോട്ട് നിര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ബോട്ട് വേഗം വര്‍ധിപ്പിച്ച് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഒരു മണിക്കൂറോളം പിന്തുടര്‍ന്ന ശേഷം മുന്നറിയിപ്പ് എന്ന നിലയില്‍ ബോട്ടിന് നേരെ തീരദേശ സേന വെടിവെച്ചു. ബോട്ടിലുണ്ടായിരുന്ന നാല് പേരും മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. മോശം കാലാവസ്ഥയും ഇരുട്ടും കാരണം ബോട്ടിലുണ്ടായിരുന്നവരെ കണ്ടെത്താനോ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനോ സാധിച്ചിട്ടില്ല. സ്‌ഫോടനമുണ്ടായ പ്രദേശത്ത് തന്നെ ബോട്ട് മുങ്ങി. വ്യാഴാഴ്ചയും പ്രദേശത്ത് തിരച്ചില്‍ നടത്തി.
2008ല്‍ മുംബൈയില്‍ ഭീകരാക്രമണം നടത്തിയ അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ളവര്‍ റബ്ബര്‍ ബോട്ടിലാണ് മുംബൈയില്‍ എത്തിയത്. ഈ സംഭവത്തിനു ശേഷം തീരദേശ സുരക്ഷ ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു.

Latest