Connect with us

Articles

മുഹമ്മദ് നബി (സ): വെളിച്ചം തൂകുന്ന സാന്നിധ്യം

Published

|

Last Updated

ലോകത്തെ നന്മയുടെ വഴിയിലേക്ക് നയിക്കാനും തിന്‍മകളില്‍ നിന്ന് സമുദ്ധരിക്കാനും വിവിധ കാലഘട്ടങ്ങളില്‍ പ്രവാചക നിയോഗങ്ങളുണ്ടായിട്ടുണ്ട്. ലക്ഷത്തില്‍പ്പരം വരുന്ന ആ ശൃംഖലകളുടെ പൂര്‍ത്തീകരണമാണ് മുഹമ്മദ് നബി(സ)യിലൂടെ പടച്ചവന്‍ നിര്‍വഹിച്ചത്. മുന്‍കഴിഞ്ഞ സര്‍വ പ്രവാചകരേക്കാള്‍ സാര്‍വത്രിക ഗുണഗണങ്ങളിലും നേതൃത്വ ലാവണ്യത്തിലും അത്യുത്കൃഷ്ടനായിരുന്നു മുഹമ്മദ് നബി(സ). വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിപ്രകാരമാണ്: “നബിയേ…. സര്‍വ ലോകങ്ങള്‍ക്കും അനുഗ്രഹമായി ആണ് നാം നിങ്ങളെ നിയോഗിച്ചത്…” (സൂറത്തൂല്‍ അമ്പിയാഅ്: 107). തങ്ങള്‍ വഴി മതം പൂര്‍ത്തിയായെന്നും(5:3) ഇനിയൊരു പ്രവാചകന്‍ അവതരിക്കില്ലെന്നും (33:4) ഖുര്‍ആന്‍ പറയുന്നുണ്ട്.
ഈ അനുഗ്രഹ ലബ്ധിയില്‍ ലോക ജനത ഏറെ ആഹ്ലാദിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെയും തിരുചര്യയുടെയും നാളിതുവരെയുള്ള പുണ്യാത്മാക്കളുടെയും പിന്തുണയും പ്രോത്സാഹനവും ധാരാളമുണ്ട് ഇതിന്. ഇസ്‌ലാമിക സംസ്‌കൃതിയുടെ പൗരാണിക ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ സമ്പന്നമാണ് നബിദിനാഘോഷ വൃത്താന്തങ്ങള്‍. നബിദിനത്തിന്റെ സാംഗത്യം ദഹിക്കാത്ത ഉത്പതിഷ്ണുക്കള്‍ പറഞ്ഞു പരത്തുന്ന പ്രചാരവേലകള്‍ എത്ര അസംബന്ധമാണെന്ന് മതഗ്രന്ഥങ്ങളുടെ വിശാലതാളുകള്‍ക്കു പുറമെ മുസ്‌ലിം സമൂഹത്തിന്റെ നാളിതുവരെയുള്ള ആചരണവും തെളിയിക്കുന്നുണ്ട്.
ഇമാം ഖസ്തല്ലാനി (റ) പറയുന്നു: “നബി(സ) പിറന്നത് റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ്. ആ ദിവസമായാല്‍ മക്കക്കാരെല്ലാം അന്നും ഇന്നും നബി(സ) പിറന്ന സ്ഥലം സന്ദര്‍ശിക്കുമായിരുന്നു. (അല്‍ മവാഹിബുല്ലദുന്നിയ്യഃ. 1/132) നബി പിറന്ന ഇന്നേ ദിവസം പ്രത്യേക താത്പര്യപൂര്‍വം സജീവമാക്കലും ആനന്ദിക്കലും അനിവാര്യവും പരമ്പരാഗത ശൈലിയുമാണ്. 1950 കള്‍ക്ക് ശേഷം നവീനവാദികള്‍ ഈ പാരമ്പര്യത്തെ ചോദ്യം ചെയ്യുകയാണുണ്ടായത്. (അവര്‍ തന്നെ മുമ്പ് പറഞ്ഞതിനും പ്രചരിപ്പിച്ചതിനും നേര്‍ വിപരീതമാണ് ഈ വിരോധാഭാസമെന്നത് വലിയ തമാശയാണ്).

മുഹമ്മദ് നബി(സ) ആരാണെന്നറിയാത്തതിനാലാണ് അവിടുത്തെ ജന്മദിനം സന്തോഷിക്കേണ്ടതാണോ എന്ന് ചിലര്‍ ചോദ്യം ചെയ്യുന്നതു പോലും. ലോകം സൃഷ്ടിക്കാന്‍ അവിടുന്നാണ് കാരണം. അതുകൊണ്ടാണ് നാം ഉണ്ടായത്. അന്ധകാരത്തിന്റെ അടിമകളും അധര്‍മത്തിന്റെ ഉപാസകരുമായിരുന്ന ഒരുലോകം. ആലങ്കാരിക വര്‍ണനയല്ല ഇത്. മറിച്ച് നബിയുടെ കാലത്തെ അവസ്ഥ ഇങ്ങനെയായിരുന്നു. എന്നിട്ട് നബി(സ) അവരെ ലോകത്തിന് മാതൃകകളാക്കി മാറ്റിയെടുത്തു. ഖുര്‍ആന്‍ പറയുന്നതു പ്രകാരം, “അവരുടെ പാപഭാരങ്ങള്‍ ഇറക്കി വെക്കുകയും അവരെ ബന്ധിച്ചിരുന്ന ചങ്ങലക്കെട്ടുകള്‍ മുറിച്ചു കളയുകയും ചെയ്തു” (അഅ്‌റാഫ്:156). ഇങ്ങനെ നമുക്ക് വിഷയത്തിന്റെ വിശാല മാര്‍ഗം പഠിപ്പിച്ച

തിരുദൂതര്‍(സ)യേക്കാള്‍ വലിയ അനുഗ്രഹമേതാണ്? അനുഗ്രഹങ്ങള്‍ പുകഴ്ത്തിപ്പറയാനും അതില്‍ സന്തോഷിക്കാനും അല്ലാഹു തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ? അത് കൊണ്ട്. ഓരോ റബീഉല്‍ അവ്വല്‍ പിറക്കുമ്പോഴും പൂര്‍വാധികം ആവേശത്തോടെ ലോകത്തിന്റെ ഓരോ ദിക്കിലും നബി കീര്‍ത്തനങ്ങളുടെ അണമുറിയാ പ്രവാഹം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇനിയും പിടിതരാത്ത വ്യക്തിവൈശിഷ്ട്യങ്ങളുടെ അത്ഭുത പ്രപഞ്ചത്തിലേക്ക് അനുനിമിഷം ജ്ഞാനാന്വേഷകരെ മുത്ത് നബി മാടിവിളിക്കുന്നു. വേര്‍പിരിഞ്ഞ് പതിനാല് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇത്രയേറെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങിയ ഒരു പ്രേമഭാജനം മുഹമ്മദ് നബി(സ)യല്ലാതെ മറ്റാരും ഇല്ലേയില്ല. ആ പച്ച ഖുബ്ബക്ക് കീഴില്‍ അന്തിയുറങ്ങുന്ന അഭിവന്ദ്യ വ്യക്തി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അംഗീകാരവും അതിരുകളില്ലാത്ത അനുരാഗപ്രവാഹവും ഇനി ലോകത്താര്‍ക്കും ലഭ്യമാകില്ലെന്നത് വസ്തുത മാത്രം.

സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയുമാണ് മുഹമ്മദ് നബി(സ)യിലെ അസാമാന്യ വ്യക്തിത്വത്തെ ജ്വലിപ്പിച്ച് നിര്‍ത്തിയത്. വാചക കസര്‍ത്തുകള്‍ക്കപ്പുറം പ്രായോഗിക ജീവിത പരിസരങ്ങളില്‍ മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കുക വഴിയാണ് മുഹമ്മദ് നബി(സ) ജയിച്ചത്. ഇതര നേതാക്കളും ചരിത്ര പുരുഷന്മാരും കൈവെക്കാത്ത മുന്നേറ്റപാതയില്‍ അജയ്യനായി ചരിത്രം മുഹമമദ് നബി(സ)യെ വാഴിക്കാന്‍ കാരണവും അതുതന്നെ. അഭിനവ ചുറ്റുപാടുകളില്‍ സങ്കീര്‍ണങ്ങളായ നൂലാമാലകളില്‍ പരിഹാരങ്ങളുടെ പോംവഴി തേടി മനുഷ്യന്‍ നെട്ടോട്ടമോടുമ്പോള്‍ ആത്യന്തികമായ പ്രായോഗിക പരിഹാര മാര്‍ഗങ്ങള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് നിന്ന് നബി പഠിപ്പിച്ചിട്ടുണ്ട്. മുഹമ്മദ് നബി(സ)യുടെ ഭരണ നൈപുണിയും നേതൃമഹിമയും സമുദ്ധാരണ വൈഭവവും ചിന്താമികവുകളും ലോകത്തിന് എന്നും അത്ഭുതമായിരുന്നു. മാതൃകായോഗ്യവും പ്രശ്‌നരഹിതവുമായ ആ മാര്‍ഗങ്ങളിലേക്ക് സമകാലിക സമൂഹം കടന്നു ചെല്ലുമ്പോഴാണ് സമാധധാനവും സ്വസ്ഥതയുമുണ്ടാകുന്നത്.

നബി ദര്‍ശനങ്ങളുടെ മഹിത പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും നബി സ്‌നേഹം പ്രയോഗവത്കരിക്കുകയും ചെയ്യുന്നതോടൊപ്പം വ്യക്തി ജീവിതത്തില്‍ നബിദര്‍ശനങ്ങളുടെ ജീവിക്കുന്ന ഉപമകളായി മാറാനും വിശ്വാസികള്‍ക്കാകണം. മദ്ഹ് പാടിയും പറഞ്ഞും മധുര വിതരണം നടത്തിയും സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ചും ഈ ദിനത്തില്‍ നാം ആ ശ്രമകരമായ ദൗത്യത്തിന് നാന്ദികുറിക്കുക. ലോകാതിരുകള്‍ ഭേദിച്ച് മുഴങ്ങിക്കേള്‍ക്കുന്ന പ്രകീര്‍ത്തന ശീലുകള്‍ സാക്ഷി! തിരുദൂതരുടെ ധന്യ സാന്നിധ്യം ഉയര്‍ച്ചയില്‍ നിന്ന് അത്യുന്നതങ്ങളിലേക്ക് പരന്നൊഴുകുക തന്നെയാണ്. ലോകം ഈ സുദിനത്തെ വിനയാന്വിതമായ് താലോലിക്കുന്നു. രാഷ്ട്രങ്ങള്‍ ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നു. ജാതിമത ഭേദമന്യേ നബി ചിന്തകളില്‍ മുഴുകുന്നു. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ റബീഉല്‍ അവ്വല്‍ പിറന്നതിനു ശേഷമുള്ള വെള്ളിയാഴ്ച ഖുതുബകളില്‍ മുഴങ്ങിയ നബി കീര്‍ത്തനത്തിന്റെ ഏകീകൃത വരികള്‍ ലോകം നബിയെ പുകഴ്ത്തുകതന്നെയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കും. ഭീകരതയുടെയും വര്‍ഗീയതയുടെയും കള്ള കെട്ടുകഥകള്‍ക്കോ മതത്തിനകത്തെ മത നിഷേധികളായ ബിദ്അത്തുകാര്‍ക്കോ ആ പരിമളത്തെ ഇല്ലാതാക്കാനോ കൊട്ടിയകറ്റാനോ സാധിക്കുകയില്ല.
ആ പ്രകാശ താരകത്തിന്റെ വര്‍ഇപ്പൊലിമ ഊതിക്കെടുത്താനാസില്ല. ഇമാം ബൂസ്വീരി “ഖസ്വീദത്തുല്‍ ബുര്‍ദയില്‍” പറഞ്ഞത് എത്ര സത്യം: “നബി(സ) സൂര്യ സമാനനാണ്. അഥവാ ദൂരെ നിന്ന് നോക്കിയാല്‍ കണ്ണിന് ചെറുതായേ കാണാന്‍ കഴിയൂ…. വലുതായി കാണാന്‍ അരികില്‍ ചെന്നാല്‍ അത്യുജ്വലമായ പ്രകാശപ്പൊലിമയില്‍ കണ്ണഞ്ചിപ്പിക്കുകയും ചെയ്യും. അവിടുന്ന് ആശ്വാസമാണ്. സ്‌നേഹവും കാരുണ്യവുമാണ്. തിരുനബിയുടെ ഈ വിശുദ്ധ ദിനത്തില്‍ നബിയിലേക്ക് ചെന്നു ചേരാനും പാരത്രികമോക്ഷം നേടാനും നമുക്ക് പ്രതിജ്ഞ പുതുക്കാം.

Latest