Connect with us

National

ഗുജറാത്ത് തീരത്ത് പൊട്ടിത്തെറിച്ച ബോട്ടില്‍ ഉണ്ടായിരുന്നത് ഭീകരര്‍: പ്രതിരോധ മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പുതുവര്‍ഷ പുലരിയില്‍ തീരദേശ സേന പിടികൂടിയ പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് കള്ളക്കടത്ത് നടത്തുകയായിരുന്നുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തള്ളിക്കളഞ്ഞു. ഭീകരപ്രവര്‍ത്തനവുമായി ഇതിന് ബന്ധമുണ്ടെന്നതിലേക്കാണ് എല്ലാ സാഹചര്യ തെളിവുകളും വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ സേന പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ബോട്ടിന് തീയിട്ട് ആത്മഹത്യ ചെയ്തത് ഭീകരപ്രവര്‍ത്തനവുമായി ഇവര്‍ക്ക് ബന്ധമുള്ളതിനാലാണെന്ന് പരീക്കര്‍ വിശദീകരിച്ചു. “മത്സ്യബന്ധന മേഖലയിലായിരുന്നില്ല ബോട്ട്. ആ ജലപാത സാധാരണ നിലയില്‍ കള്ളക്കടത്തുകാര്‍ പോലും ഉപയോഗിക്കാറില്ല”- മന്ത്രി വിശദീകരിച്ചു. കള്ളക്കടത്തുകാര്‍ പാക്കിസ്ഥാന്റെ സുരക്ഷാ ഏജന്‍സികളുമായോ, സൈനിക ഓഫീസര്‍മാരുമായോ ബന്ധപ്പെടാറില്ല. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഊഹാപോഹങ്ങള്‍ വെച്ച് സൂചനകള്‍ നല്‍കാറില്ല. വിവരം ലഭിച്ചതും തീരദേശ സേന സ്ഥലത്തെത്തി. ഏതാണ്ട് 14 മണിക്കൂര്‍ തീരദേശ സേന ഈ ബോട്ടിനെ സൂക്ഷ്മ നിരീക്ഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് ബോട്ടിനെ തടഞ്ഞത്. കടലില്‍ ഈ ഭാഗത്ത് കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സൂചനകള്‍ ഒന്നുമില്ല. മറ്റു ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ നടക്കുന്നത് ഏതുതരം ഏര്‍പ്പാടാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല”- പ്രതിരോധമന്ത്രി പറഞ്ഞു.
രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയെടുത്ത സംഭാഷണങ്ങള്‍ ചരക്ക് കൈമാറുന്നതിനെയും അത് വിജയകരമായി പൂര്‍ത്തിയാക്കുന്നതിനെയും രണ്ടാമതൊരു ബോട്ടിലുണ്ടായിരുന്ന ചിലരുടെ കുടുംബാംഗങ്ങളെയും കുറിച്ചായിരുന്നു. രണ്ടാമതൊരു ബോട്ടിനെ പരാമര്‍ശിച്ച് പരീക്കര്‍ പറഞ്ഞത്, പ്രസ്തുത ബോട്ട് അന്താരാഷ്ട്ര ജലാതിര്‍ത്തിയിലായിരുന്നു എന്നാണ്.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍, തീവ്രവാദികളെ തള്ളിവിടാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സേന ശ്രമങ്ങള്‍ നടക്കുന്നുവെന്ന തങ്ങളുടെ പ്രസ്താവനകളെ ഇത് ശരിവെക്കുന്നതാണെന്ന് പ്രതിരോധ മന്ത്രി വിശദീകരിച്ചു.

Latest