Connect with us

National

റെയില്‍വേയിലെ എഫ് ഡി ഐ: യൂനിയന്‍ അനിശ്ചിതകാല സമരത്തിന്

Published

|

Last Updated

നാഗ്പൂര്‍: റെയില്‍വേയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് തൊഴിലാളി യൂനിയനായ എന്‍ എഫ് ഐ ആര്‍ (നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍). ഈ ജൂണ്‍ മുതല്‍ സമരം നടത്തുമെന്ന് എന്‍ എഫ് ഐ ആര്‍ ജനറല്‍ സെക്രട്ടറി എം രാഘവയ്യ അറിയിച്ചു.
റെയില്‍വേയില്‍ എഫ് ഡി ഐയുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേയെ പൂര്‍ണമായും വിദേശകരങ്ങളില്‍ പതിച്ച് നല്‍കാനാണ് സര്‍ക്കാര്‍ പതുക്കെ നീങ്ങുന്നത്. ഈസ്റ്റിന്ത്യാ കമ്പനിയുടെ കടന്നുവരവ് പോലെ. പിന്നീട് അവര്‍ രാജ്യത്തെ ഒന്നടങ്കം ഭരിച്ചു. നിരവധി പദ്ധതികള്‍ക്ക് ഫണ്ടിംഗ് അപര്യാപ്തത ഉണ്ടെങ്കില്‍ ജീവനക്കാരുടെ പി എഫ് ഫണ്ടില്‍ നിന്ന് വായ്പയായി പണം നല്‍കാം. പിന്നീട് അത് തിരിച്ചടച്ചാല്‍ മതി. റെയില്‍വേയിലെ എഫ് ഡി ഐയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. രാഘവയ്യ പറഞ്ഞു. നാഗ്പൂരില്‍ യൂനിയന്റെ പോഷക സംഘടനയായ സെന്‍ട്രല്‍ റെയില്‍വേ മസ്ദൂര്‍ സംഘി (സി ആര്‍ എം എസ്)ന്റെ സോണല്‍ സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം.
പുതിയ പദ്ധതികളുടെ ഫണ്ട് സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണെങ്കില്‍ മുന്‍ഗണന അനുസരിച്ചാണ് പി എഫില്‍ നിന്ന് പണം നല്‍കുക. ശമ്പളത്തില്‍ നിന്ന് വായ്പയായി ചെറിയ തുക നല്‍കാനും തയ്യാറാണ്. ഇക്കാര്യങ്ങള്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി സംസാരിച്ചെന്നും അപകടത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതായും രാഘവയ്യ പറഞ്ഞു. റെയില്‍വേയിലെ സുരക്ഷാ മേഖലയെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഓപറേറ്റിംഗിലെയും മറ്റ് വകുപ്പുകളിലെയും ഒഴിവുകള്‍ നികത്തുന്നില്ല.
യാത്രാക്കൂലി കൂട്ടി അതനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകണം. സര്‍ക്കാറിന് ലാഭവിഹിതമായി 9000 കോടി രൂപ നല്‍കുന്നത് റെയില്‍വേ അവസാനിപ്പിക്കണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവുകളെയും അദ്ദേഹം ചോദ്യം ചെയ്തു. 22 കോടി മുതിര്‍ന്ന പൗരന്‍മാരാണ് രാജ്യത്തുള്ളത്. ഇവര്‍ക്കെല്ലാം ഇളവ് ചെയ്യുക വഴി വലിയ നഷ്ടമാണുണ്ടാകുന്നത്.
ബോണസ് തട്ട്, അടിസ്ഥാന ശമ്പളത്തില്‍ ഡി എ ചേര്‍ക്കുക എന്നിവ ഒഴിവാക്കണമെന്നും ഏഴാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ടിന് മുമ്പാകെ ഇടക്കാലാശ്വാസം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് ബുള്ളറ്റ് ട്രെയിന്‍ ആവശ്യമില്ല. സമ്പന്നരുടെ ആവശ്യങ്ങളേക്കാള്‍ പാവപ്പെട്ടവരുടെതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അദ്ദേഹം പറഞ്ഞു.
റെയില്‍വേ മേഖലയിലെ വലിയ യൂനിയനാണ് എന്‍ എഫ് ഐ ആര്‍. 34 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടുന്ന ട്രേഡ് യൂനിയന്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഏപ്രിലില്‍ പാര്‍ലിമെന്റിന് മുമ്പില്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ അനിശ്ചിതകാല സമരം നടത്താനും കഴിഞ്ഞ മാസം തീരുമാനിച്ചിട്ടുണ്ട്.