Connect with us

National

രാജീവ് ഗാന്ധി വധം: കുമരന്‍ പത്മനാഥനെ വിചാരണ ചെയ്യും

Published

|

Last Updated

കൊളംബോ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന എല്‍ ടി ടി ഇ നേതാവ് കുമരന്‍ പത്മനാഥനെ വിചാരണ ചെയ്യുമെന്ന് ശ്രീലങ്ക. കെ പി എന്നറിയപ്പെടുന്ന കുമരന്‍ പത്മനാഥന് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും ഇയാള്‍ ശ്രീലങ്ക വിട്ടതായാണ് റിപ്പോര്‍ട്ടെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അടുത്ത അനുയായിയും സര്‍ക്കാര്‍ വക്താവുമായ രെജിത സെനരത്‌നെ പറഞ്ഞു.
കുമരന്‍ പത്മനാഥനെ 2009ല്‍ അറസ്റ്റ് ചെയ്ത് മലേഷ്യയില്‍ നിന്ന് “വി വി ഐ പി” പരിഗണനയോടെയാണ് കൊളംബോയില്‍ എത്തിച്ചിരുന്നത്. അന്ന് ഗോതഭയ രജപക്‌സെ ആയിരുന്നു പ്രതിരോധ സെക്രട്ടറി. എല്‍ ടി ടി ഇയുടെ സ്വത്തുക്കള്‍ കൈമാറുകയാണെങ്കില്‍ നേതാക്കളുടെ സുരക്ഷ ഉറപ്പ് നല്‍കാമെന്ന് മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ നേതൃത്വത്തില്‍ കരാറുണ്ടാക്കിയതായി ആരോപണമുണ്ടായിരുന്നു. മഹീന്ദ രജപക്‌സെയുടെ സഹോദരനാണ് ഗോതഭയ രജപക്‌സെ. രജപക്‌സെയുടെ കാലത്ത് കുമരന്‍ പത്മനാഥനെ ഇന്ത്യക്ക് കൈമാറുന്നതിനോ കുറ്റം ചുമത്തി വിചാരണ ചെയ്യുന്നതിനോ ശ്രീലങ്ക തയ്യാറായിരുന്നില്ല. വെള്ളിയാഴ്ചയാണ് ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
കുമരന്‍ പത്മനാഥന്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. പത്മനാഥനെ പിടികൂടി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനായി അന്താരാഷ്ട്ര പോലീസിന്റെ സഹായം തേടുമെന്നും സെനരത്‌നെ വ്യക്തമാക്കി.
അതേസമയം, തോല്‍വി ഉറപ്പായതോടെ സൈന്യത്തെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മഹീന്ദ രജപക്‌സെ ശ്രമിച്ചതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രജപക്‌സെയുടെ ആവശ്യം സൈനിക മേധാവിയും പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലും നിരാകരിച്ചതോടെയാണ് അട്ടിമറി ശ്രമം ഇല്ലാതായതെന്നാണ് വെളിപ്പെടുത്തല്‍.
രജപക്‌സെയുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറി ശ്രമവും ഗൂഢാലോചനയും അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് മംഗള സമരവീര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സൈന്യത്തെ വിന്യസിക്കാന്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ദയ രത്‌നായകെയോട് രജപക്‌സെ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, സൈനിക മേധാവി ഇതിന് തയ്യാറാകാതിരിക്കുകയായിരുന്നുവെന്ന് സര്‍ക്കാറിന്റെ മുഖ്യ വക്താവ് രെജിത സെനരത്‌നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത്തരമൊരു നീക്കം നടന്നിട്ടില്ലെന്നും രജപക്‌സെയുടെ വക്താവ് പറഞ്ഞു.

---- facebook comment plugin here -----

Latest