Connect with us

Articles

ഇന്ധന വില: ലാഭമെടുക്കുന്നതാര്?

Published

|

Last Updated

അന്താരഷ്ട്ര വിപണിയില്‍ അസംസ്‌കൃത ഇന്ധനത്തിന്റെ വില കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിപ്പുറം കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്തെ ഇന്ധന വിലയില്‍ ഇത് പ്രകടമായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. എങ്കില്‍ ആരുടെ ഭണ്ഡാരത്തിലേക്കാണ് ഈ ലാഭത്തിന്റെ കോടികള്‍ പോകുന്നത്. ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുന്ന, ഇന്ധനത്തിന്റെ കാര്യത്തില്‍ തികച്ചും “കണ്‍സ്യൂമര്‍” രാജ്യമായ ഇന്ത്യയില്‍ ഇന്ധന വിലയിടിവിന്റെ പ്രതിഫലനം പ്രകടമാകാത്തത് എന്തുകൊണ്ടാണ്? തുടങ്ങി സാധാരണക്കാര്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയുണ്ട്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ട് എണ്ണ കമ്പനികളെ മാത്രം പഴിക്കുന്നവര്‍ അതില്‍ തുല്യ പങ്കുവഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കാണാതെ പോകുന്നുവെന്നത് ഖേദകരമാണ്. രാജ്യത്തിന്റെ നികുതി വരുമാനത്തെ മുന്‍ നിര്‍ത്തി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത എണ്ണ കമ്പനികള്‍ ലാഭമാക്കി മാറ്റുന്ന ദയനീയ സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ ഈ നിസ്സഹായാവസ്ഥ മറയാക്കി ഈ കോടികള്‍ തങ്ങളുടെ പോക്കറ്റിലെത്തിക്കുന്ന കാര്യത്തില്‍ രാജ്യത്തെ എണ്ണകമ്പനികള്‍ക്ക് പൊതുമേഖല, സ്വകാര്യം എന്ന വ്യത്യാസമില്ല. എണ്ണക്കമ്പനികളുടെ കഴിഞ്ഞ മൂന്നു മാസത്ത ഇന്ധന ഇടപാടുമായി ബന്ധപ്പെട്ട കണക്കുകള്‍ അതാണ് തെളിയിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് സ്വകാര്യ എണ്ണ കമ്പനികളുടെ വരുമാന കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് പ്രകടമാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 27,392 കോടിയുടെ വരുമാനമുണ്ടായിട്ടും 71 കോടി നഷ്ടത്തിലായിരുന്ന എസ്സാര്‍ എന്ന കമ്പനിക്ക് പക്ഷേ ഈ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 24,194 കോടിയുടെ വരുമാനം ലഭിച്ചപ്പോള്‍ ലാഭം 226 കോടിയായിരുന്നു. വരുമാനത്തില്‍ വരുമാനത്തില്‍ 12 ശതമാനത്തിന്റെ കുറവുണ്ടായപ്പോഴാണ് ഈ ലാഭക്കണക്കെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളില്‍ 1,18,439 കോടിയുടെ വരുമനത്തിലൂടെ 5872 കോടിയുടെ വരുമാനമുണ്ടായിരുന്ന റിലയന്‍സിന് ഈ വര്‍ഷം 1,13,396 കോടി വരുമാനത്തില്‍ നിന്ന് 5,972 കോടിയുടെ ലാഭമുണ്ടാക്കാനായി. അഥവാ വരുമാനം 4.3 കോടി കുറഞ്ഞിട്ടും ലാഭത്തില്‍ 1.8 കോടിയുടെ വര്‍ധനയുണ്ടായിരിക്കുന്നു.
ഇന്ധന വിലയിടിവിന്റെ ആനുകൂല്യം എന്തുകൊണ്ട് പൊതുജനത്തിന് ലഭിക്കുന്നില്ലെന്ന സാധാരണക്കാരന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് എണ്ണ കമ്പനികളുടെ ഈ ലാഭക്കണക്കുകള്‍. അസംസ്‌കൃത എണ്ണ വില 2009നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കുത്തനെ ഇടിഞ്ഞിട്ടും ഇതിന്റെ പ്രയോജനം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഏതാണ്ട് മൂന്നിലൊന്നായി കുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടിട്ടില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിടിവിന് അനുസരിച്ച് വില കുറച്ചാല്‍ അത് രാജ്യത്തെ നികുതി വരുമാനത്തെ ബാധിക്കുമെന്ന അസംബന്ധമായ ന്യായം നിരത്തി പൊതുമേഖല, സ്വകാര്യ കുത്തക കമ്പനികള്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ ഒത്താശ ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് വാഗ്ദാനലംഘനവും കൊടും ചതിയുമാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ കിട്ടിയ അവസരം മുതലാക്കാനുള്ള പെട്രോളിയം കമ്പനികളുടെ ആര്‍ത്തിയും ഇതിന് ആക്കം കൂട്ടുന്നു.
പെട്രോളിനും ഡീസലിനും വില നിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിന്ന് എണ്ണക്കമ്പനികള്‍ക്ക് കൈമാറുമ്പോള്‍ അസംസ്‌കൃത എണ്ണ വില കുറയുന്നതിനനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ ഇന്ധന വിലയും പുനര്‍നിര്‍ണയിക്കുമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതാണ് അര്‍ഥ ഗര്‍ഭമായ മൗനത്തിലൂടെ ലംഘിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ നിരന്തരം എണ്ണ വില കുറഞ്ഞുകൊണ്ടിരുന്നപ്പോള്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ നാമമാത്രമായ കുറവ് വരുത്താനേ എണ്ണക്കമ്പനികള്‍ തയ്യാറായുള്ളൂ. എന്നാല്‍ ഈ കുറവ് നികുതി വര്‍ധിപ്പച്ചതിലൂടെ തിരിച്ചുപിടിക്കുന്ന ക്രൂരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
അതേസമയം അസംസ്‌കൃത ഇന്ധന വിലയുമായി ബന്ധപ്പെട്ട പ്രതിസന്ധി ആഗോള തലത്തിലുള്ളതാമെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാകില്ല. ഇന്ത്യപോലുള്ള കണ്‍സ്യൂമര്‍ രാജ്യങ്ങള്‍ക്ക് ഇത് നേട്ടമാകുമ്പോള്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്കാണ് ഇത് ഏറെയും തിരിച്ചടിയാകുന്നത്. എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാനും വിലയിടിവിന്റെ ആനുകൂല്യം രാജ്യത്തെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനും മറ്റു രാജ്യങ്ങള്‍ എന്തു നടപടിയാമ് സ്വീകരിച്ചിരിക്കുന്നതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ധന വിലയിടിവിന്റൈ ആനുകൂല്യം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം ഇതുമൂലമുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ പൊതുവിപണിയില്‍ നേരിട്ട് ഇടപെടുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം വഴികള്‍ പരിശോധിക്കാതെ പെട്രോളിയം വിലയിലൂടെ ലഭിക്കുന്ന നികുതി വരുമാനം നിലക്കാതിരിക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അന്യായ വില ഈടാക്കി വരികയാണ് നമ്മുടെ സര്‍ക്കാര്‍. രാജ്യത്തെ നികുതി സമ്പദായം സര്‍ക്കാറുമായി ബന്ധപ്പെട്ട് പഴയ ഒരു സംവിധാനത്തിലൂടെ തന്നെയാണ് ഇപ്പോഴും പോകുന്നത്. കാലത്തിനനുസരിച്ച് ഇത് പരിഷ്‌കരിച്ചിട്ടില്ല. ഇതുകൊണ്ടാണ് രാജ്യത്തെ പൊതുജനങ്ങള്‍ ഈ അവസ്ഥയിലും ഇന്ധനത്തിന അധിക വില നല്‍കേണ്ടി വരുന്നത്.
രാജ്യത്തിന്റെ നികുതി വരുമാനം സംരക്ഷിക്കുന്നതിനപ്പുറം കുത്തക എണ്ണ കമ്പനികളുടെ വരുമാനം നിലനിറുത്തലാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്. എണ്ണ വിലയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആഗോളതലത്തിലെ അംസസ്‌കൃത എണ്ണയുടെ വിലക്കനുസരിച്ച് രാജ്യത്തെ ഇന്ധന വിലയിലും മാറ്റമുണ്ടാകുമെന്ന കരാര്‍ നടപ്പിലാക്കാതിരിക്കുന്നതിലൂടെ തന്നെ ഈ ഒത്തുകളി വ്യക്തമാണ്. തത്വത്തില്‍ പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും വിലനിര്‍ണയത്തില്‍ ഇപ്പോഴും സര്‍ക്കാര്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് വേണം കരുതാന്‍. എന്നാല്‍ ഈ ഇടപെടല്‍ ജനോപകാരത്തിന് പകരം കമ്പനികളുടെ ഇംഗിതത്തിനാണെന്നതാണ് പ്രശ്‌നം.
ഇന്ന് നാം ഒരു ലിറ്റര്‍ പെട്രോളിന് നല്‍കേണ്ടി വരുന്ന 65 രൂപയില്‍ ഇറക്കുമതിച്ചുങ്കം, എക്‌സൈസ് ഡ്യൂട്ടി, വിതരണച്ചുങ്കം എന്നിങ്ങനെ വിവധ ഇനങ്ങളിലായി 19 രൂപ കേന്ദ്ര നികുതിയായും പത്തുരൂപ സംസ്ഥാനങ്ങളുടെ അധിക നികുതിയുമായാണ് പോകുന്നത്. എണ്ണ കമ്പനികള്‍ക്ക് ലഭിക്കുന്ന ബാക്കി 36 രൂപയില്‍ സംസ്‌കരണ ചെലവ് ഉള്‍പ്പെടെയുള്ള ചെലവ് 15 രൂപയില്‍ തഴെയാണ്. ഒരുലിറ്റര്‍ പെട്രോള്‍ വിലയില്‍ ശേഷിക്കുന്ന 20 രൂപയോളം കമ്പനികളുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. അതേസമയം ആഗോള വിപണിയിലെ വിലക്കനുസരിച്ച് ഇന്ധന വില കുറച്ചാല്‍ ലഭിക്കുന്ന നികുതിയില്‍ കുറവ് വരുമെന്ന ആശങ്ക മുന്‍ നിര്‍ത്തിണ് വിലകുറക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്‍വലിയുന്നത്.
ഇത് എണ്ണ കമ്പനികള്‍ ഏറെ സൗകര്യപ്രദമായി ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍ നേരത്തെ കേന്ദ്രം യു പി എ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് എണ്ണ വില ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ ഇതു ലഘൂകരിക്കാനായി യു പി എയുടെ ഭാഗമായ കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാന നികുതി കുറച്ചു നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ഭരണം മാറിയതോടെ ഇതും പിന്‍വലിച്ചു. വിലക്കയറ്റത്തിന് അടിസ്ഥാന കാരണം ഉയര്‍ന്ന ഇന്ധന വിലയാണെന്നിരിക്കെ, മിക്ക ഉത്പന്നങ്ങളുടെയും വില കുറയാത്തതിന്റെ കാരണം പെട്രോളിയം വിലയില്‍ കാര്യമായ മാറ്റമുണ്ടാകാത്തതാണ്.
അതേസമയം ആഗോളതലത്തിലെ അസംസ്‌കൃത് എണ്ണയുടെ വിലിയടിവ് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ഏറെ അനുഗ്രഹമാണ്. രാജ്യത്തിന്റെ ഇറക്കുമതിച്ചെലവില്‍ ഗണ്യാമിയ മാറ്റമുണ്ടാകും. കുറഞ്ഞ എണ്ണവില നാണയപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാന്‍ സഹായിക്കും. ഒപ്പം ഇന്ധന സബ്‌സിഡി ഇനത്തില്‍ നല്‍കേണ്ടി വരുന്ന തുകയിലും ഏറെ ചെലവ് ചുരുക്കാന്‍ കഴിയും. കഴിഞ്ഞ മൂന്നുമാസക്കാലയളവില്‍ പാചകവാതക സബ്‌സിഡി നിരക്കില്‍ സര്‍ക്കാറിന് ചെലവഴിക്കേണ്ടി വന്ന തുകയിലെ കുറവ് ഇത് കാണിക്കുന്നുണ്ട്. 10 ശതമാനത്തോളം കുറഞ്ഞ സബ്‌സിഡി ഭാരം ഈ വര്‍ഷം 77000 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത് 85000 കോടി രൂപയായിരുന്നു. ഇതോടൊപ്പം എണ്ണ ഇറക്കുമതിക്ക് വേണ്ട ചെലവ് ഈ വര്‍ഷം 4000 കോടിയായി കുറയുമെന്നാണ് കണക്കാക്കുന്നത്. ഇതുമൂലം റെയില്‍വേ, ഗതാഗത മേഖലകളില്‍ നിന്ന് കൂടുതല്‍ വരുമാനവും ലഭിക്കും. ഇന്ധന വിലയിടിവ് മൂലം ഇത്രയും ഗുണങ്ങള്‍ രാജ്യവും സര്‍ക്കാറും അനുഭവിക്കുമ്പോഴും രാജ്യത്തെ ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങളൊന്നും ലഭ്യമാകുന്നില്ലെന്നത് വിരോധാഭാസമാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest