Connect with us

Ongoing News

പ്രഹസനമാകുന്ന വോട്ടിംഗ്‌

Published

|

Last Updated

ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള വോട്ടിംഗ് രീതി പ്രഹസനമാകുന്നു. ദേശീയ ടീം പരിശീലകരും ദേശീയ ടീം ക്യാപ്റ്റന്‍മാരും അവരുടെ വോട്ട് രേഖപ്പെടുത്തിയ മാനദണ്ഡം പരിശോധിച്ചാല്‍ പ്രഹസനത്തിന്റെ ആഴം ബോധ്യമാകും. ഒപ്പം കളിക്കുന്നവരെയോ സുഹൃത്തുക്കളെയോ ആണ് ക്യാപ്റ്റന്‍മാര്‍ റാങ്കിംഗ് മുന്‍ഗണനക്ക് പരിഗണിച്ചിരിക്കുന്നത്. അതു പോലെ പരിശീലകരുടെ ഭാഗത്ത് നിന്നും വസ്തുതാപരമായ വോട്ടിംഗ് അല്ല നടന്നിരിക്കുന്നത്. തന്റെ ടീം അംഗത്തെ ആദ്യം പരിഗണിക്കുക എന്ന രീതിയാണ് വിഖ്യാത പരിശീലകര്‍ പോലും കൈക്കൊണ്ടിരിക്കുന്നത്.
ലോകഫുട്‌ബോളറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാപ്റ്റന്‍ എന്ന നിലക്കും രണ്ടാം സ്ഥാനത്തെത്തിയ ലയണല്‍ മെസി അര്‍ജന്റീന ടീം ക്യാപ്റ്റന്‍ എന്ന നിലക്കും രേഖപ്പെടുത്തിയ വോട്ടിംഗ് പരിശോധിച്ചാലറിയാം ഇവരുടെ ലോകഫുട്‌ബോളര്‍ രാഷ്ട്രീയം. പരസ്പരം വോട്ട് ചെയ്യാതിരിക്കാന്‍ ഇവര്‍ ജാഗ്രത കാണിച്ചു. ക്രിസ്റ്റ്യാനോയുടെ ആദ്യ വോട്ട് സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിനാണ്. രണ്ടാം വോട്ട് വെയില്‍സിന്റെ ഗാരെത് ബെയ്‌ലിനും. മൂന്നാം വോട്ടിലും മെസി പരിഗണിക്കപ്പെട്ടില്ല. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമക്കാണ് മൂന്നാം വോട്ട് നല്‍കിയിരിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ മൂന്ന് വോട്ടും മൂന്ന് ദേശക്കാര്‍ക്കാണ്. എന്നാല്‍, ഇവരെല്ലാം ക്രിസ്റ്റ്യാനോ കളിക്കുന്ന റയല്‍മാഡ്രിഡിലെ താരങ്ങളാണെന്നോര്‍ക്കുക. ഒരു തരത്തിലും തന്റെ ലോകഫുട്‌ബോളര്‍ പട്ടത്തിന് ഭീഷണിയാകാനിടയില്ലാത്ത സഹതാരങ്ങളെയാണ് ക്രിസ്റ്റ്യാനോ ബുദ്ധിപരമായി പരിഗണിച്ചിരിക്കുന്നത്. ലയണല്‍ മെസിയും മോശക്കാരനല്ല. ഒന്നാം സ്ഥാനം ഏഞ്ചല്‍ ഡി മാരിയക്കും രണ്ടാം സ്ഥാനം ആന്ദ്രെ ഇനിയെസ്റ്റക്കും മൂന്നാം സ്ഥാനം ജാവിയര്‍ മഷെറാനോക്കുമാണ് നല്‍കിയത്. ഒപ്പം കളിക്കുന്നവരെ മാത്രമാണ് മെസിയും പരിഗണിച്ചത്. ഇവര്‍ തനിക്ക് ഭീഷണിയാകില്ലെന്ന് മെസിക്കുറപ്പ്.
സ്‌പെയിന്‍ ക്യാപ്റ്റന്‍ ഐകര്‍ കസിയസിന്റെ ആദ്യ വോട്ട് റയലില്‍ തന്റെ സുഹൃത്തായ ക്രിസ്റ്റ്യാനോക്ക്. രണ്ടാം വോട്ട് റയലിന്റെ തന്നെ സെര്‍ജിയോ റാമോസിന്. മൂന്നാം വോട്ട് ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ക്ക്. റയലിന്റെ ബദ്ധവൈരികളായ ബാഴ്‌സലോണക്ക് കസിയസ് വോട്ട് നല്‍കാറില്ല. ഇത്തവണയും മെസി കസിയസിന്റെ ഇഷ്ടതാരമാകുന്നില്ല.
ജര്‍മനിയുടെ ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറുടെ വോട്ട് പ്രതീക്ഷിച്ചതു പോലെ മാനുവല്‍ ന്യുവറിന്. രണ്ടാം വോട്ട് ഫിലിപ് ലാമിനും മൂന്നാം വോട്ട് തോമസ് മുള്ളറിനും നല്‍കിയ ഷൈ്വന്‍സ്റ്റിഗര്‍ മറ്റ് രാജ്യക്കാരെ തഴഞ്ഞു.
ബ്രസീലിന്റെ നായകന്‍ നെയ്മര്‍ ആദ്യ വോട്ട് നല്‍കിയത് ബാഴ്‌സയില്‍ തന്റെ സ്‌ട്രൈക്കിംഗ് പാട്ണറായ മെസിക്കാണ്. അര്‍ജന്റീനക്കാരനോടുള്ള ബ്രസീലിയന്‍ ദേഷ്യം പോലും ക്ലബ്ബ് സൗഹൃദത്തിന് മുന്നില്‍ അലിഞ്ഞില്ലാതായി, നല്ല കാര്യം !
ഹോളണ്ടിന്റെ നായകന്‍ റോബിന്‍ വാന്‍ പഴ്‌സി തന്റെ ദേശീയ ടീംമേറ്റ് ആയ ആര്യന്‍ റോബന് ഒന്നാം വോട്ട് നല്‍കിയപ്പോള്‍ രണ്ടാം വോട്ടിന് തിരഞ്ഞെടുത്തത് പി എസ് ജിയുടെ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിനെ. എല്ലാ സീസണിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ഇബ്രാഹിമോവിചിന്റെ സ്‌ട്രൈക്കിംഗ് മികവിനെ വാന്‍ പഴ്‌സി വിസ്മിരിച്ചില്ലെന്നത് പ്രശംസനീയം. മൂന്നാം വോട്ട് മാനുവല്‍ ന്യുവറിനാണ് ഡച്ച് ക്യാപ്റ്റന്‍ നല്‍കിയത്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വെയിന്‍ റൂണി തന്റെ മുന്‍ സഹതാരമായ ക്രിസ്റ്റ്യാനോക്ക് ഒന്നാം വോട്ട് നല്‍കിയപ്പോള്‍ രണ്ടാം വോട്ട് റയലിന്റെ കരീം ബെന്‍സിമക്കും മൂന്നാം വോട്ട് ന്യുവര്‍ക്കും നല്‍കി.
ഫ്രഞ്ച് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് രണ്ടാം വോട്ട് നല്‍കിയത് ടീം സ്‌ട്രൈക്കറായ കരീം ബെന്‍സിമക്ക്. ഒന്നാം വോട്ടിന് ബെന്‍സിമയുടെ സുഹൃത്തായ ക്രിസ്റ്റ്യാനോയെയും തിരഞ്ഞെടുത്തു. ഗോളിയായ ലോറിസ് ജര്‍മന്‍ ഗോളി ന്യുവര്‍ക്ക് മൂന്നാം വോട്ടാണ് നല്‍കിയത്.
ഉറുഗ്വെ ക്യാപ്റ്റന്‍ ഡിയഗോ ഗോഡിന്റെ ആദ്യ രണ്ട് വോട്ട് അത്‌ലറ്റിക്കോ മാഡ്രിഡില്‍ ഒപ്പം കളിച്ചവര്‍ക്കാണ്. ഡിയഗോ കോസ്റ്റക്കും ഗോളി തിബോട് കുര്‍ടോയിസിനും. മൂന്നാം വോട്ട് ഡച്ച് വിംഗര്‍ ആര്യന്‍ റോബന്. വെയില്‍സിന്റെ ക്യാപ്റ്റന്‍ ആഷ്‌ലി വില്യംസ് ഒന്നാം വോട്ട് നല്‍കിയത് തന്റെ ടീമംഗമായ ഗാരെത് ബെയ്‌ലിന്. രണ്ടാം വോട്ട് ജര്‍മന്‍ ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറിനും മൂന്നാം വോട്ട് എദെന്‍ ഹസാദിനും.
ബെല്‍ജിയം ക്യാപ്റ്റന്‍ വിസെന്റ് കൊംപാനി തന്റെ സഹതാരങ്ങളായ തിബോട് കുര്‍ടോയിസിനെയും എദെന്‍ ഹസാദിനെയും യഥാക്രമം ആദ്യ രണ്ട് വോട്ടുകള്‍ക്ക് പരിഗണിച്ചു. മൂന്നാം വോട്ട് റോബന് നല്‍കി.
കൊളംബിയയുടെ ക്യാപ്റ്റന്‍ റഡാമെല്‍ ഫാല്‍കോയുടെ ആദ്യ വോട്ട് ലോകകപ്പില്‍ തങ്ങളുടെ ഹീറോ ആയ ഹാമിഷ് റോഡ്രിഗസിനാണ്. രണ്ടാം വോട്ട് ക്രിസ്റ്റ്യാനോക്ക് നല്‍കിയപ്പോള്‍ മൂന്നാം വോട്ട് മാഞ്ചസ്റ്ററിലെ സഹതാരം ഏഞ്ചല്‍ ഡി മരിയക്ക്.
പരിശീലകര്‍ക്കിഷ്ടം ശിഷ്യന്‍മാരെ

അര്‍ജന്റീന കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ തന്റെ ശിഷ്യന്‍മാര്‍ക്ക് മാത്രമാണ് വോട്ട് നല്‍കിയത്. ആദ്യ വോട്ട് മെസിക്ക്, രണ്ടാമത് ഡി മാരിയ, മൂന്നാമത് മഷെറാനോ. പോര്‍ച്ചുഗലിന്റെ കോച്ച് ഫെര്‍നാണ്ടോ സാന്റോസിന്റെ ആദ്യ വോട്ട് തന്റെ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോക്ക് തന്നെ. ജര്‍മന്‍ ഗോളി മാനുവല്‍ ന്യുവറിനെ രണ്ടാം വോട്ടിന് പരിഗണിച്ചപ്പോള്‍ മൂന്നാം വോട്ട് ഡച്ച് താരം ആര്യന്‍ റോബന് നല്‍കി.
ബ്രസീല്‍ കോച്ച് ദുംഗയുടെ ആദ്യ വോട്ട് നെയ്മറിനാണ്. ക്രിസ്റ്റ്യാനോക്ക് രണ്ടാം സ്ഥാനവും ഇബ്രാഹിമോവിചിന് മൂന്നാംസ്ഥാനവും നല്‍കി.
കൊളംബിയയുടെ ജോസ് പെക്കര്‍മാന്‍ തന്റെ ശിഷ്യനായ ഹാമിഷ് റോഡ്രിഗസിന് ആദ്യ വോട്ട് നല്‍കി. രണ്ടാം വോട്ടിന് പെക്കര്‍മാന്‍ നാട്ടുകാരനായ മെസിക്ക് മുന്‍ഗണന നല്‍കി. ക്രിസ്റ്റ്യാനോക്ക് മൂന്നാം വോട്ട്. ജര്‍മന്‍ കോച്ച് ജോക്വം ലോ തന്റെ കളിക്കാര്‍ക്ക് മാത്രമാണ് വോട്ട് നല്‍കിയത്. മാനുവല്‍ ന്യുവര്‍, ഫിലിപ് ലാം, ഷൈ്വന്‍സ്റ്റിഗര്‍ എന്നിങ്ങനെയാണ് വോട്ട് ക്രമം.
ഹോളണ്ട് കോച്ച് ഗസഹ് ഹിഡിങ്ക് തന്റെ ടീമംഗം ആര്യന്‍ റോബന് ആദ്യ വോട്ട് നല്‍കി. തോമസ് മുള്ളറും ക്രിസ്റ്റ്യാനോയും രണ്ടും മൂന്നും വോട്ട് നേടി.
യു എസ് എയുടെ ജര്‍മന്‍ കോച്ച് ക്ലിന്‍സ്മാന്‍ നാട്ടുകാരനായ മാനുവല്‍ ന്യുവറിന് ഒന്നാം വോട്ട് നല്‍കി. ക്രിസ്റ്റ്യാനോയും റോബനും രണ്ടും മൂന്നും വോട്ട് നേടി.
വെയില്‍സ് കോച്ച് ക്രിസ് കോള്‍മാന്റെ ആദ്യ വോട്ട് ടീമംഗമായ ഗാരെത് ബെയ്‌ലിനാണ്. ക്രിസ്റ്റ്യാനോ രണ്ടാമതും ഷൈ്വന്‍സ്റ്റിഗര്‍ മൂന്നാമതുമായി.

ഇന്ത്യയും പാക്കിസ്ഥാനും മെസിക്ക് വോട്ട് നല്‍കിയില്ല
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയുടെ ഒന്നാം വോട്ട് ജര്‍മന്‍ ഗോളി മാനുവല്‍ ന്യുവര്‍ക്കാണ്. രണ്ടാം വോട്ട് ജര്‍മനിയുടെ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ക്കും മൂന്നാം വോട്ട് ക്രിസ്റ്റ്യാനോക്കും നല്‍കി. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഉല്ലാ കലീമിന്റെ ഒന്നാം വോട്ട് ക്രിസ്റ്റ്യാനോക്ക്. രണ്ടാം വോട്ട് ലഭിച്ചത് ഡച്ച് വിംഗര്‍ ആര്യന്‍ റോബനാണ്. മൂന്നാം വോട്ട് നെയ്മര്‍ക്കും.
ഇന്ത്യയുടെ കോച്ച് മെദെയ്‌റ സാവിയോയുടെ ആദ്യ വോട്ട് ക്രിസ്റ്റ്യാനോക്കും രണ്ടാം വോട്ട് മാനുവല്‍ ന്യുവറിനുമാണ്. മൂന്നാം വോട്ട് ജര്‍മനിയുടെ തോമസ് മുള്ളറിന്. സുനില്‍ ഛേത്രി പരിഗണിച്ച മൂന്ന് പേരെ തന്നെയാണ് ഇന്ത്യയുടെ കോച്ചും പരിഗണിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest